Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 5 March 2012

ലക്ഷദ്വീപിലേക്കുള്ള ഡീസല്‍ കയറ്റുമതി:ലക്ഷങ്ങളുടെ

ബേപ്പൂര്‍ തുറമുഖംവഴി ലക്ഷദ്വീപിലേക്കുള്ള ഡീസല്‍ കയറ്റുമതിയിലൂടെ ലക്ഷങ്ങളുടെ വെട്ടിപ്പ്. പൊതുമേഖലാ പെട്രോളിയം കമ്പനികളില്‍നിന്ന് ബേപ്പൂരില്‍ എത്തുന്ന ഡീസല്‍ ടാങ്കറുകളില്‍ നിന്ന് ബാരലുകളിലേക്ക് മാറ്റുന്നതിനിടെയാണ് ഡീസല്‍ ചോര്‍ത്തി വെട്ടിപ്പ് നടത്തുന്നത്. ചോര്‍ത്തുന്ന ഡീസല്‍ അതേ ടാങ്കറുകള്‍ വഴിയോ, അല്ലാതെയോ കരിഞ്ചന്തയിലേക്ക് പ്രവഹിക്കുകയാണ്. ഇത്തരം ഡീസലിന് കേന്ദ്രം പ്രത്യേക സബ്‌സിഡി നല്‍കുന്നുണ്ട്. ദ്വീപിലെ വൈദ്യുതി ആവശ്യാര്‍ഥമാണ് ഡീസല്‍ എത്തിക്കുന്നത്. ബേപ്പൂര്‍ തുറമുഖത്തുനിന്ന് മാത്രമാണ് ദ്വീപിലേക്ക് വര്‍ഷങ്ങളായി ഡീസല്‍ അയച്ചുവരുന്നത്. പ്രതിവര്‍ഷം രണ്ടു ലക്ഷത്തില്‍പ്പരം ബാരല്‍ ഡീസലെങ്കിലും അയയ്ക്കുന്നുണ്ടെന്നാണ് കണക്ക്.

മര്‍ക്കന്റൈന്‍ മറൈന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ (എം.എം.ഡി.) അനുമതിയോടെയാണ് ഡീസല്‍ കയറ്റുമതി. എം.എം.ഡി.യുടെ രേഖപ്രകാരം ഒരു ബാരലില്‍ 210 ലിറ്റര്‍ ഡീസലാണ് നിറയ്‌ക്കേണ്ടത്. എന്നാല്‍ ടാങ്കറില്‍നിന്ന് വീപ്പകളിലേക്ക് ഡീസല്‍ മാറ്റുമ്പോള്‍ ഓരോന്നിലും ഇരുപതും അതിലധികവും ലിറ്റര്‍ ഡീസല്‍ കുറച്ചാണ് നിറയ്ക്കുന്നതെന്നാണ് സൂചന. വെട്ടിപ്പിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ മൗനാനുവാദമുണ്ടെന്നും സംശയമുണ്ട്. ബേപ്പൂരിലെ സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ വളപ്പിലാണ് ലക്ഷദ്വീപ് വൈദ്യുതി വകുപ്പിന്റെ ഡിപ്പോയും ഓഫീസും പ്രവര്‍ത്തിക്കുന്നത്. ഇവിടെ എത്തുന്ന ടാങ്കറുകളില്‍ നിന്നാണ് ഡീസല്‍ വീപ്പകളില്‍ നിറയ്ക്കുന്നത്. തുടര്‍ന്ന് ആയിരക്കണക്കിന് ഡീസല്‍ വീപ്പകള്‍ തുറമുഖത്തെ കപ്പലുകളില്‍ കയറ്റാനായി നീക്കംചെയ്യും. ഈ പ്രദേശം സുരക്ഷാഭീഷണിയും നേരിടുന്നുണ്ട്.

കപ്പലുകളില്‍ കയറ്റുന്ന ഡീസല്‍ ബാരലുകളിലെ അളവു-തൂക്ക പരിശോധനാസംവിധാനം തുറമുഖത്തില്ല. ഇതിന്റെ മറിവിലാണ് വെട്ടിപ്പ്. രണ്ടായിരവും അതില്‍ അധികവും ബാരലുകള്‍ ഒരു ട്രിപ്പില്‍ കപ്പലില്‍ കയറ്റുമ്പോള്‍ കൂട്ടത്തില്‍ കാലി ബാരലുകളും ഉണ്ടാകും. പലപ്പോഴും ബാരലുകള്‍ക്ക് ചോര്‍ച്ച ഉള്ളതായും കാണപ്പെട്ടിട്ടുണ്ട്. അട്ടിയിട്ട ഡീസല്‍ ബാരലുകള്‍ക്കിടയിലാണ് കാലി ബാരലുകള്‍ ഇടുക. ഡീസല്‍ബാരലുകള്‍ തമ്മില്‍ കൂട്ടിമുട്ടി തീപ്പൊരി വരാതിരിക്കാനാണ് കാലി ബാരലുകള്‍ കപ്പലില്‍ നിറയ്ക്കുന്നതെന്നാണ് വാദം. എന്നാല്‍ അവ ദ്വീപിലെത്തുമ്പോള്‍ കാലിബാരലുകളും ഫുള്‍ ബാരലിന്റെ വിലപ്പട്ടികയില്‍ ഇടം തേടുന്നുണ്ടെന്നാണ് സൂചന.

എം.എം.ഡി. നല്‍കുന്ന അനുമതിയുടെ ബലത്തില്‍ കപ്പലില്‍ കയറ്റുന്ന ഡീസല്‍ ബാരലുകളുടെ എണ്ണം കൃത്യമായിരിക്കുമെങ്കിലും ബാരലുകളിലെ ഡീസലിന്റെ അളവ് കപ്പല്‍ വിടുന്നതിനു മുമ്പായി നടക്കുന്ന എം.എം.ഡി. സര്‍വേയില്‍ പരിശോധിക്കുന്നില്ല. ബാരലില്‍ ഉള്ള വസ്തുവെന്താണെന്ന് പരിശോധിക്കാന്‍പോലും എം.എം.ഡി. സര്‍വേയില്‍ കഴിയുന്നില്ല. നിയമപ്രകാരം എം.എം.ഡി.യുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കപ്പലിലെ സര്‍വേ അനിവാര്യമാണെങ്കിലും കുറേ വര്‍ഷങ്ങളായി ബേപ്പൂര്‍ തുറമുഖത്തെ ചരക്കു കപ്പലുകളിലേയും യാത്രാകപ്പലുകളിലേയും മറ്റ് ജലവാഹനങ്ങളുടെയും സര്‍വേ എം.എം.ഡി. അധികാരപ്പെടുത്തിയ പോര്‍ട്ട് ഓഫീസറാണ് ചെയ്യുന്നത്.

ലക്ഷദ്വീപ് വൈദ്യുതി വകുപ്പില്‍നിന്ന് കരാര്‍ ഏറ്റെടുത്ത ഒരേ കരാറുകാര്‍തന്നെയാണ് വര്‍ഷങ്ങളായി ഡീസല്‍ ബാരലിലേക്ക് മാറ്റുന്നതും കപ്പലിലേക്ക് കയറ്റുന്നതും. കപ്പലില്‍നിന്ന് ബാരലുകള്‍ ലക്ഷദ്വീപിലെത്തിച്ചാല്‍ അവിടെ ഏറ്റെടുക്കുന്നതും ലക്ഷദ്വീപ് വൈദ്യുതി ഉദ്യോഗസ്ഥര്‍തന്നെയാണ്. 210 ലിറ്ററുള്ള ഒരു ബാരല്‍ ഡീസലിന് എം.എം.ഡി.യുടെ കണക്കിലുള്ള വിലയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം കമ്പനിക്ക് നല്‍കേണ്ടിവരുന്നത്.

രണ്ടുലക്ഷം ബാരല്‍ ഡീസല്‍ ദ്വീപിലെത്തിയാല്‍ നാല് കോടി 20 ലക്ഷം ലിറ്റര്‍ ഡീസലിന്റെ വില സബ്‌സിഡി കഴിച്ച് പെട്രോളിയം കമ്പനികള്‍ക്ക് ലഭിക്കുന്നു. യഥാര്‍ഥത്തില്‍ എത്രലിറ്റര്‍ ഡീസല്‍ ദ്വീപിലെത്തിയെന്നും എം.എം.ഡി. പരിശോധന നടക്കുന്നില്ല. ഈ കച്ചവടത്തിലൂടെ കേന്ദ്ര ഖജനാവില്‍നിന്ന് കോടികളാണ് ചോരുന്നത്.

കപ്പലില്‍ കയറ്റുന്ന ഡീസല്‍ ബാരലുകളുടെ (ഒരു ബാരലില്‍ 210 ലിറ്റര്‍) എം.എം.ഡി.യുടെ രേഖയുടെ മറപിടിച്ചാണ് തുറമുഖത്തുനിന്ന് കയറ്റുമതിക്കാര്‍ ഷിപ്പിങ് ബില്ലും പാസ്സാക്കിയെടുക്കുന്നത്. വേണ്ടത്ര പരിശോധന ഇല്ലാത്തതിനാല്‍ എം.എം.ഡി.യുടെ രേഖപ്രകാരം തന്നെ തയ്യാറാക്കിയ ഷിപ്പിങ് ബില്‍ പ്രകാരം തുറമുഖാധികൃതര്‍ കപ്പല്‍ സര്‍വേ ചേയ്ത് സാക്ഷ്യപ്പെടുത്തി കപ്പല്‍ വിടാന്‍ അനുമതി നല്കുകയാണ്.

ദ്വീപ് കപ്പലില്‍ കയറാനെത്തുന്ന യാത്രക്കാരുടെ ബാഗേജ് സ്‌ക്രീനിങ്ങിനും തുറമുഖത്ത് സംവിധാനമൊരുക്കിയിട്ടില്ല. ലഗേജുകള്‍ പരിശോധിക്കാനുള്ള എക്‌സ്‌റെ സംവിധാനമോ ഡോര്‍മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനമോ ഇല്ല. യാത്രാ ടിക്കറ്റുകളും ചരക്കുകളുടെ ബില്ലും മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ബേപ്പൂര്‍ തുറമുഖത്തുനിന്ന് കപ്പലുകളില്‍ അയയ്ക്കുന്ന 'ആപല്‍ക്കരമായ ഇന്ധന' ത്തിന്റെ പട്ടികയില്‍ വരുന്ന ഡീസല്‍, പെട്രോള്‍, എ.ടി.എഫ്. (വിമാന ഇന്ധനം) പാചകവാതകം എന്നിവയൊക്കെ കപ്പലില്‍ എവിടെ, എങ്ങനെ സൂക്ഷിക്കണമെന്നതിന് എം.എം.ഡി.യുടെ വ്യക്തമായ നിര്‍ദേശങ്ങളുംചട്ടങ്ങളുമുണ്ട്. ഇന്ധനബാരലുകള്‍ കപ്പലില്‍ കയറ്റുന്നത് സംബന്ധിച്ചുള്ള 'സ്റ്റോറേജ് പ്ലാന്‍' (അടുക്കിവെപ്പ്) കപ്പലിന്റെ ക്യാപ്റ്റനാണ് നിര്‍വഹിക്കേണ്ടത്. ഈ നിബന്ധനകള്‍ ലംഘിച്ചതിന്റെ പേരിലാണ് ഈയിടെ ബേപ്പൂര്‍ തുറമുഖത്തു നിന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെടാനിരുന്ന കപ്പലില്‍നിന്ന് 12000 ലിറ്റര്‍ ഡീസല്‍ അനധികൃതമായി പിടിച്ചത്. കപ്പലില്‍ കയറ്റിയ ചരക്ക് എം.എം.ഡി.യുടെ കാര്‍ഗോപ്ലാന്‍ പ്രകാരവുംസ്റ്റോവേജ് പ്ലാന്‍ പ്രകാരവുമാണെന്ന് ഉറപ്പു വരുത്തേണ്ടത് ക്യാപ്റ്റനാണ്. കപ്പലില്‍ കയറ്റിയ 12000 ലിറ്റര്‍ ഡീസലിന് തുറമുഖാനുമതി ഉണ്ടായിരുന്നില്ല.

ഐ.ഒ.സി.യുടെ കൊച്ചിയിലെ വെല്ലിങ്ടണ്‍ ദ്വീപിലെ ഡിപ്പോയില്‍ നിന്ന് ബേപ്പൂരിലേക്ക് പുറപ്പെട്ട ഡീസല്‍ ടാങ്കറില്‍നിന്ന് വഴിക്കുവെച്ച് 800 ലിറ്റര്‍ ഡീസല്‍ ഊറ്റിഎടുത്തത് പിടികൂടിയത് ജി.പി.എസ്. സംവിധാനം വഴിയായിരുന്നു. 12000 ലിറ്റര്‍ ഡീസല്‍ കയറ്റിയ ടാങ്കറില്‍ നിന്ന് 800 ലിറ്റര്‍ ഡീസല്‍ അങ്കമാലിക്കടുത്തുവെച്ച് ഊറ്റി എടുക്കുകയായിരുന്നുവെന്ന് ടാങ്കര്‍ ഡ്രൈവര്‍ ഐ.ഒ.സി. അധികൃതര്‍ക്ക് നല്‍കിയ രേഖാമൂലമുള്ള മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ലീഗല്‍ മെട്രോളജി അധികൃതര്‍ തുറമുഖത്തെത്തി ടാങ്കര്‍ പരിശോധിച്ചപ്പോഴാണ് വെട്ടിപ്പ് സ്ഥിരീകരിച്ചത്.

ലക്ഷദ്വീപിലേക്ക് ബേപ്പൂര്‍ തുറമുഖം വഴി അയച്ച ഡീസല്‍ വെട്ടിപ്പ് സംബന്ധിച്ചുള്ള കോടികളുടെ അഴിമതിക്കേസ് ഇപ്പോഴും കോടതി മുമ്പാകെ ഉണ്ട്. സി.ബി.ഐ. അന്വേഷണം നടത്തിയ ഈ കേസില്‍ ലക്ഷദ്വീപ് സ്വദേശിയായ കരാറുകാരനും പ്രതിയാണ്. ദ്വീപിലേക്ക് ഡീസല്‍ അയയ്ക്കാതെ തന്നെ വന്‍ തുകയുടെ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.

No comments:

Discuss