എം.കെ.രാഘവന്‍ എം.പി., കളക്ടര്‍ ഡോ. പി. ബി സലിം, കൗണ്‍സിലര്‍ സി.കെ.രേണുകാദേവി, മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡോ. എ. അച്യുതന്‍, ഡോ. മെഹറൂഫ് രാജ്, ഫെഡറല്‍ബാങ്ക് ചീഫ് മാനേജര്‍ രമേഷ് എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ കളക്ടര്‍ അധ്യക്ഷത വഹിച്ചു. ഡോ. എ. അച്യുതന്‍,ഡോ. മെഹറൂഫ് രാജ് എന്നിവര്‍ തപോവനം സംഗീത ഉദ്യാനപദ്ധതിയെക്കുറിച്ച് വിവരിച്ചു. ഡോ. വി.കെ.എസ്. മേനോന്‍ സ്വാഗതവും കെ. ജനാര്‍ദനന്‍ കിടാവ് നന്ദിയും പറഞ്ഞു.
ഉദ്യാനത്തിന്റെ നിര്‍മാണ പ്രവൃത്തിക്ക് എം.കെ. രാഘവന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് പത്തുലക്ഷം രൂപ അനുവദിച്ചു.
2300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഉദ്യാനത്തില്‍ ആദ്യഘട്ടത്തില്‍ നടപ്പാതയും ഇരിക്കാനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.
ആറുമാസം കൊണ്ട് വിവിധ സൗകര്യങ്ങളോടെ ഉദ്യാനം വിപുലമാക്കും. വേഗം പൊളിച്ചുനീക്കാവുന്ന തരത്തിലുള്ള നിര്‍മിതികളാണ് നടത്തുക. നഗരത്തിന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ വിശ്രമിക്കാവുന്ന രീതിയിലാണ് ഉദ്യാനത്തിന്റെ രൂപകല്‍പ്പന. 250 മീറ്റര്‍ നീളമുള്ള നടപ്പാത, വയോജനങ്ങള്‍ക്ക് സമ്മേളിക്കാവുന്ന പകല്‍വീട്, അവര്‍ക്ക് പ്രാഥമിക വൈദ്യസേവനത്തിനുള്ള സൗകര്യം എന്നിവ തപോവനത്തില്‍ ഉണ്ടാകും. മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ്‌മെഡിസിന്റെ സഹകരണത്തോടെ പാലിയേറ്റീവ് കെയര്‍ യൂണിറ്റും കുട്ടികള്‍ക്ക് വിനോദത്തിനുള്ള ഇടവും ഇവിടെ ഒരുക്കും. അയല്‍പക്കവേദികളില്‍ നിന്നും അല്ലാതെയുമുള്ള സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാവുന്ന ആരാമം, വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമുള്ള കൗണ്‍സലിങ്-ട്രെയിനിങ് യൂണിറ്റ്, ജയില്‍മുക്തരായവര്‍ക്ക് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, കുറ്റവാളികളെ ഉത്തരവാദിത്വ പൗരത്വത്തിലേക്ക് നയിക്കുന്ന പരിശീലനം എന്നിവയും തപോവനത്തില്‍ നടപ്പിലാക്കാനാണ് സാമൂഹ്യക്ഷേമ വകുപ്പ് ലക്ഷ്യമിടുന്നത്.
നഗരപരിസരത്ത് നിന്ന് കാണാതായിക്കൊണ്ടിരിക്കുന്ന പറവകള്‍ക്ക് കൂടൊരുക്കുന്ന പക്ഷിത്താവളം, അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്ന ചെറിയ കുളവും ലഘുഭക്ഷണ ശാലയും തപോവനത്തിലുണ്ടാകും. ഉദ്യാനത്തില്‍ നിലവിലുള്ള മരങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ടായിരിക്കും മോടിപിടിപ്പിക്കുക. നിലത്ത് വീണുകിടക്കുന്ന മരത്തില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യങ്ങളും ഏറുമാടവും ഒരുക്കും.
ബിലാത്തികുളം പൗരസമിതിയുടെയും ആറ് റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും ഏഞ്ചല്‍സ്, ഓര്‍മ എന്നീ സാമൂഹികസേവനസംഘടനകളുടെയും സഹകരണത്തോടെയാണ് ഇത് യാഥാര്‍ഥ്യമാക്കുന്നത്.
No comments:
Post a Comment