Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 7 March 2012

വൃക്കയുടെ പ്രാധാന്യം അറിയുക


വൃക്കയുടെ പ്രാധാന്യം അറിയുക
ജീവിതശൈലി സമ്മാനിച്ച രോഗങ്ങളുടെ കൂട്ടത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വൃക്കരോഗങ്ങള്‍. ശ്വാസകോശത്തിന് താഴെ നട്ടെല്ലിന് ഇരുവശത്തുമായാണ് വൃക്കകളുടെ സ്ഥാനം. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുകയും രക്തത്തെ ശുചീകരിക്കുകയുമാണ് ഇവയുടെ പ്രധാന ധര്‍മം. പ്രധാന ഭാഗമായ നെഫ്രോണുകള്‍ എന്ന സൂക്ഷ്മകോശങ്ങളുടെ സഹായത്തോടെ   ശരീരത്തിലും രക്തത്തിലുമുള്ള അനാവശ്യവസ്തുക്കളെ വേര്‍തിരിച്ച് മൂത്രത്തിലൂടെ പുറത്തുവിടുകയാണ് വൃക്കകള്‍ ചെയ്യുന്നത്. രക്തത്തിലെ  അമ്ലാംശങ്ങളുടെയും (അസിഡിറ്റി) ശരീരത്തിലെ ജലാംശത്തിന്റെയും നിയന്ത്രണവും  രക്തം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ചില ഹോര്‍മോണുകളുടെ നിര്‍മാണവും നിയന്ത്രണവുമാണ് വൃക്കകളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍.
പല തരത്തിലുള്ള വൃക്കരോഗികളാണ് ഇന്ന് സമൂഹത്തിലുള്ളത്. ജനിക്കുമ്പോള്‍തന്നെ വൃക്കകള്‍ക്ക് തകരാറുകളുള്ളവരും പിന്നീട്  പ്രമേഹം പോലുള്ള അസുഖങ്ങള്‍ മൂലം വൃക്കക്ക് കേട് സംഭവിക്കുന്നവരും ഇതില്‍പെടും. പാമ്പുകടി, എലിപ്പനി, ശരീരത്തിലെ ജലാംശം നഷ്ടപ്പെടല്‍, വേദനസംഹാരികളുടെ ഉപയോഗം   തുടങ്ങിയവ മൂലവും വൃക്കകള്‍ക്ക് തകരാറുകള്‍ താല്‍ക്കാലികമായി സംഭവിക്കാം. നേരത്തേ കണ്ടെത്തിയാല്‍ ജന്മനായുള്ള തകറാറുകള്‍ ശസ്ത്രക്രിയ പോലുള്ള ചികിത്സകളിലൂടെ ഒരു പരിധിവരെ പരിഹരിക്കാനാവും. പ്രമേഹമാണ് വൃക്കകളെ തകരാറിലാക്കുന്ന ഒരു പ്രധാന വില്ലന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം കൂടിനില്‍ക്കുന്ന പ്രമേഹ രോഗികളില്‍  വൃക്കയിലെ നെഫ്രോണുകള്‍ക്ക് അഥവാ സൂക്ഷ്മങ്ങളായ കോശങ്ങള്‍ക്കും രക്തക്കുഴലുകള്‍ക്കും കുഴപ്പം സംഭവിച്ചാല്‍ അത് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നു.  പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കുകയും രക്തവും മൂത്രവും ഇടക്കിടെ പരിശോധിച്ച് രക്തത്തില്‍ ക്രിയാറ്റിന്റെ അംശവും മൂത്രത്തില്‍ പ്രോട്ടീന്‍ അഥവാ അല്‍ബൂമിന്റെ അംശവും  കൂടുതലില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. സംശയം തോന്നിയാല്‍ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ തുടങ്ങണം.
താല്‍ക്കാലികമായി  വൃക്കകളെ ബാധിക്കുന്ന പാമ്പുകടി, എലിപ്പനി, വയറിളക്കം ഛര്‍ദ്ദി എന്നിവമൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഉടന്‍ ചികിത്സ നല്‍കണം. ചില വേദന സംഹാരികളുടെ ഉപയോഗവും വൃക്കകളുടെ ആരോഗ്യത്തെ ബാധിച്ചേക്കും.
ചികിത്സയിലുള്ള വൃക്കരോഗികളും  പ്രായമേറിയവരും  വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ സൂക്ഷിക്കണം. വൃക്കരോഗികള്‍ ശരീരഭാഗങ്ങളിലെ വേദനയുമായി മറ്റ് ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ വൃക്കരോഗിയാണെന്ന കാര്യം വ്യക്തമാക്കണം.  സൂരക്ഷിതമായ വേദനസംഹാരികള്‍ നല്‍കാന്‍ ഡോക്ടര്‍മാരെ ഇത് സഹായിക്കും.
 സാധാരണ രക്തസമ്മര്‍ദം (പ്രൈമറി ഹൈപ്പര്‍ ടെന്‍ഷന്‍ ) കൂടുതലായി വൃക്കകളെ ബാധിക്കാറില്ല. എന്നാല്‍, സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷന്റെ ഒരു പ്രധാന കാരണം വൃക്കരോഗങ്ങളാണ്.  സാധാരണ രക്തസമ്മര്‍ദം 45 വയസ്സിന് മുകളിലുള്ളവരിലാണ് കണ്ടുവരുന്നതെങ്കില്‍ സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷന്‍  25 വയസ്സിന് മുമ്പായി കണ്ടുവരുന്നു. സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷനുള്ളവരും പ്രത്യേകം സൂക്ഷിക്കണം.
മൂത്രത്തില്‍ കല്ല് അല്ലെങ്കില്‍ വൃക്കയിലെ കല്ല് എന്ന് വിളിക്കുന്ന രോഗം സാധാരണ കണ്ടുവരുന്നതും താരതമ്യേന എളുപ്പത്തില്‍ ചികിത്സിച്ചു മാറ്റാവുന്നതുമാണ്. ചില അവസരങ്ങളില്‍ വൃക്ക രോഗങ്ങള്‍ക്ക് മരുന്നുകള്‍ക്ക് പുറമെ ഡയാലിസിസോ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയോ വേണ്ടിവന്നേക്കാം.
ശരിയായ ജീവിതക്രമംമൂലം രോഗം വരാതെ ഒരു പരിധി വരെ സൂക്ഷിക്കാമെങ്കിലും രോഗം പിടിപെട്ടാല്‍ ഉടന്‍തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കണം. വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയും പുതിയ മരുന്നുകളുടെ കണ്ടെത്തലും ഇന്ന് ചികിത്സാരംഗത്ത് വന്‍ മുന്നേറ്റംതന്നെ സൃഷ്ടിച്ചിട്ടുണ്ട്.
(ലേഖകന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മുന്‍ പ്രഫസറും 'മിംസി'ലെ ട്രാന്‍സ്പ്ലാന്റ് സര്‍ജനുമാണ്)

No comments:

Discuss