കോഴിക്കോട്: കപ്പലോട്ടങ്ങളുടെ കാലത്തിനുമുമ്പുതന്നെ വിദേശരാജ്യങ്ങളുമായുള്ള കച്ചവടബന്ധങ്ങളിലൂടെ ശ്രദ്ധേയമായ കോഴിക്കോടിന് മറ്റൊരു പെരുമ കൂടി. ഇന്ത്യയുടെ വാണിജ്യചരിത്രത്തിന്റെ കഥപറയുന്ന രാജ്യത്തെ ആദ്യമ്യൂസിയം സ്ഥാപിക്കപ്പെടുന്നെന്ന
ഖ്യാതിയാണിപ്പോള്‍ ഈ ദേശത്തിനു സ്വന്തമാകുന്നത്. കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.കെ.) കാമ്പസിലാണ് 'ഇന്ത്യന്‍ ബിസിനസ് ഹിസ്റ്ററി'മ്യൂസിയം പ്രവര്‍ത്തനം തുടങ്ങുന്നത്. ഒരുമാസത്തിനകം മ്യൂസിയം ഉദ്ഘാടനത്തിനു സജ്ജമാകുമെന്ന് ഐ.ഐ.എം.കെ. ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജി പറഞ്ഞു.
മലബാറിന്റെ കച്ചവടപ്പെരുമയാണ് മ്യൂസിയത്തിലെത്തുമ്പോള്‍ ആദ്യം കണ്ണില്‍പ്പതിയുക. അറബികളും പേര്‍ഷ്യക്കാരും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും മറ്റും കേരളത്തിലെത്തിയതിന്റെ വഴികളിലൂടെ വാണിജ്യചരിത്രവും സംസ്‌കാരചരിത്രവും ഇഴചേരുന്നതിന്റെ ചിത്രമാണ് തെളിയുന്നത്.
പുരാതന ഇന്ത്യയുടെയും മധ്യകാല ഇന്ത്യയുടെയും വാണിജ്യവഴികളിലൂടെയുള്ള സഞ്ചാരമാണ് പിന്നീട്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഭാരതത്തിന്റെ പരാധീനതകളും വിലങ്ങുപൊട്ടിച്ച ശേഷമുള്ള കുതിപ്പും വ്യക്തമാക്കുന്നതാണ് തുടര്‍ന്നുള്ള വിഭാഗങ്ങളിലെ വിവര ശേഖരം. ആദ്യകാലം മുതല്‍ ആധുനികകാലം വരെയുള്ള ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തിലൂടെയൊരു യാത്രയുടെ അനുഭവമാണ് മ്യൂസിയം നല്‍കുന്നത്.
20000ചതുരശ്ര അടിയില്‍ മൂന്നുനിലകളിലായാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. മൂന്നുഘട്ടങ്ങളിലായാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാവുക. ആദ്യഘട്ടം ജനവരി 31ന് തയ്യാറായി. ഔദ്യോഗികമായ ഉദ്ഘാടനം വൈകാതെ നടത്താനുള്ള ഒരുക്കത്തിലാണ് ഐ.ഐ.എം.കെ. അധികൃതര്‍. രണ്ടാംഘട്ടം മാര്‍ച്ച് 17നും അവസാനഘട്ടം ലോകമ്യൂസിയം ദിനമായ മെയ് 18 നുമാണ് സജ്ജമാകുക. 2010 നവംബറിലാണ് ബിസിനസ്ഹിസ്റ്ററി മ്യൂസിയം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യയിലെ വമ്പന്‍ വ്യവസായ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിഭാഗവും ശ്രദ്ധേയമാണ്. 'ആധുനികഭാരതത്തിന്റെ സ്രഷ്ടാക്കള്‍' എന്ന വിഭാഗത്തില്‍ ടാറ്റയും ബിര്‍ളയും അംബാനിയും ഉള്‍പ്പെടെയുള്ള പ്രമുഖവ്യക്തികളുടെ വിജയകഥകളുണ്ട്. ചരിത്രരേഖകള്‍, സ്ഥാപനങ്ങളുടെയും മറ്റും ചെറുമാതൃകകള്‍, ഫോട്ടോകള്‍, വീഡിയോ-ഓഡിയോ ക്ലിപ്പിങ്ങുകള്‍, പുസ്തകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് മ്യൂസിയം. രണ്ടാംഘട്ടം പൂര്‍ണമാകുന്നതോടെ ടച്ച്‌സ്‌ക്രീന്‍ സംവിധാനം, ബിസിനസ് പോര്‍ട്ടല്‍ എന്നിവകൂടി സജ്ജമാകും. ഫിലിമുകള്‍, ആയിരം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ എന്നിവയുമുണ്ടാകും.
No comments:
Post a Comment