റിഗ്ഗാഇ: ജോലിക്കിടെ സ്വദേശി ബാലന്മാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി ആശുപത്രിയില്‍ കഴിയുന്നു. കോഴിക്കോട് കാപ്പാട് സ്വദേശി കാച്ചിലപ്പറമ്പില്‍ അബ്ദുറഹ്മാന്‍ (49) ആണ് ഫര്‍വാനിയ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്നത്.
കാപ്പാട് സ്വദേശി തന്നെയായ അബ്ദുല്‍ അസീസിസിന്‍െറ റിഗ്ഗാഇയിലെ ദല്ല സൂപ്പര്‍ മാര്‍ക്കറ്റിനടുത്ത് അദ്ദേഹം തന്നെ നടത്തുന്ന ഹോട്ടലിലെ ജീവനക്കാനാണ് 28 വര്‍ഷത്തോളമായി കുവൈത്തിലുള്ള അബ്ദുറഹ്മാന്‍. കഴിഞ്ഞ മാസം 26ന് ഉച്ചക്കുശേഷമാണ് ഇയാള്‍ക്കുനേരെ ആക്രമണമുണ്ടായത്. തൊട്ടടുത്ത് അസീസിന്‍െറ തന്നെ ബക്കാലയിലെത്തിയ സമീപത്തെ കുവൈത്തി സ്കൂളിലെ കുട്ടികളുടെ എട്ടംഗ സംഘമാണ് അക്രമം കാട്ടിയത്. സാധനങ്ങള്‍ വാങ്ങിയശേഷം പണം കൊടുക്കാതെ കടന്നുകളയാന്‍ ശ്രമിച്ച കുട്ടികളെ പിടികൂടാന്‍ ബക്കാലയിലുണ്ടായിരുന്ന ബന്ധുവിനൊപ്പം അബ്ദുറഹ്മാനും ശ്രമിച്ചപ്പോള്‍ പിറകിലൂടെയെത്തിയ ഒരു ബാലന്‍ മാര്‍ബിള്‍ കഷ്ണം കൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ പിറകോട്ടുമറിഞ്ഞ അബ്ദുറഹ്മാന് വീഴ്ച്ചയില്‍ തലക്ക് ഗുരുതര പരിക്കുമേറ്റു.
ഉടന്‍ ആശുപത്രിയിലെത്തിച്ചശേഷം മൂന്നു ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ഇതുവരെ ബോധം വീണിട്ടില്ല. തലച്ചോറിനുള്ളില്‍ രക്തം കട്ടപിടിക്കുകയും നീരിറങ്ങുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ബോധം തിരിച്ചുകിട്ടാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭാര്യയും മൂന്നു പെണ്‍മക്കളുമാണ് അബ്ദുറഹ്മാനുള്ളത്. മകന്‍ ഫഹദ് (94006139) കുവൈത്തിലുണ്ട്.
സംഭവം നടന്നയുടന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. സമീപത്തെ സ്കൂളിലെ കുട്ടികളാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സ്കൂള്‍ തുറക്കാതെ ഒന്നും ചെയ്യാനാവില്ളെന്ന നിലപാടിലാണ് പൊലീസ്.