26 കോടി രൂപ ചെലവിട്ട് ദേശീയപാത-17 രാമനാട്ടുകര മുതല്‍ വെങ്ങളംവരെ വീതികൂട്ടുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായി. രാമനാട്ടുകരയില്‍ ഇടിമൂഴിക്കല്‍ മുതല്‍ രാമനാട്ടുകര ചെത്തുപാലം തോടുവരെ ദേശീയപാത-17 റീടാറിങ് നടത്തിക്കഴിഞ്ഞപ്പോള്‍ റോഡിന് പല സ്ഥലത്തും ശരാശരി 18-20 മീറ്റര്‍ വീതിയായി. റോഡിന് വീതികൂടിയപ്പോള്‍ വാഹനഗതാഗതം തോന്നിയപോലെയായി. അങ്ങാടിയുടെ പരിധിയില്‍ റോഡില്‍ ഡിവൈഡറോ സീബ്രാക്രോസിങ് അടയാളമോ സ്ഥാപിക്കാത്തതുമൂലം റോഡ് മുറിച്ചുകടക്കാന്‍ കാല്‍നടയാത്രക്കാര്‍ വിഷമിക്കുകയാണ്. രാമനാട്ടുകര ബസ്സ്റ്റാന്‍ഡിന് മുന്‍വശം, വീനസ് കോര്‍ണര്‍, പിക്കപ്പ് സ്റ്റാന്‍ഡ്, കെയര്‍വെല്‍ ആസ്പത്രിറോഡ് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കാന്‍ വന്‍സാഹസം നടത്തണം. സ്ത്രീകള്‍, സ്‌കൂള്‍ കുട്ടികള്‍, പ്രായമായവര്‍ എന്നിവരാണ് റോഡ് വീതി കൂട്ടിയതോടെ ഏറെ വിഷമിക്കുന്നത്.
അങ്ങാടിയില്‍ ബസ്സ്റ്റാന്‍ഡ് മുതല്‍ പഴയ നളന്ദ ആസ്പത്രിവരെ റോഡില്‍ ഡിവൈഡര്‍ സ്ഥാപിച്ച് റോഡരികില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഫുട്പാത്ത് നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. അതുപോലെ ദേശീയപാത ക്രോസ് ചെയ്യാന്‍ സീബ്രാ ലൈനുകളും സ്ഥാപിക്കണം. റോഡ് പരമാവധി വീതികൂട്ടി ടാറിങ് നടത്തിയപ്പോള്‍ രാമനാട്ടുകര അങ്ങാടിയില്‍ പല സ്ഥലങ്ങളിലും വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റുകള്‍ റോഡിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. ഇതും മാറ്റി സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്.
റോഡിന് വീതി കുറഞ്ഞ സമയത്തുതന്നെ പഴയ പഞ്ചിങ് കേന്ദ്രത്തിന് സമീപം റോഡ് മുറിച്ചുകടക്കുമ്പോള്‍ അഞ്ചിലധികം കാല്‍നടയാത്രക്കാര്‍ വാഹനമിടിച്ച് മരിച്ചിട്ടുണ്ട്. ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേശീയപാത- 17ല്‍ രാമനാട്ടുകര അങ്ങാടിയില്‍ ഉടനെ ഡിവൈഡര്‍ സ്ഥാപിച്ച് കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് രാമനാട്ടുകര ഉപഭോക്തൃസംരക്ഷണ സമിതി, അധികൃതരോട് ആവശ്യപ്പെട്ടു.
No comments:
Post a Comment