വൈവിധ്യമാര്‍ന്ന കണ്ടലുകളാല്‍ സമ്പന്നമായ പെരുമുഖം പുല്ലിപ്പുഴയോരത്തെ കണ്ടല്‍ വനമേഖല അവഗണനയില്‍. കൈയേറ്റങ്ങളും കണ്ടല്‍ നശീകരണപ്രവൃത്തികളും നടക്കുമ്പോഴും ഈ ജൈവ ആവാസമേഖലയെ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. നീര്‍ത്തടം നികത്തലും കണ്ടല്‍ വെട്ടലും വ്യാപകമായതിനെത്തുടര്‍ന്ന് പ്രദേശത്തെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് രൂപവത്കരിച്ച പെരുമുഖം പരിസ്ഥിതി സംരക്ഷണസമിതിയുടെ പ്രവര്‍ത്തനമാണ് ഈ കണ്ടല്‍വന മേഖലയെ നശിക്കാതെ നിലനിര്‍ത്തുന്നത്. കൂടുതല്‍ നശീകരണം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഈ കണ്ടല്‍ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.
ഉപ്പട്ടി, കണ്ണാമ്പൊട്ടി, ചുള്ളിക്കണ്ടല്‍, കുറ്റിക്കണ്ടല്‍, ചക്കരക്കണ്ടല്‍, പീക്കണ്ടല്‍ തുടങ്ങിയ ഇനം കണ്ടലുകളാണ് മേഖലയില്‍ സമൃദ്ധമായി വളരുന്നത്. ശാസ്ത്രീയമായ പരിശോധനയില്‍ കൂടുതല്‍ ഇനങ്ങളെ കണ്ടെത്താനാകുമെന്ന് സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. കണ്ടലുകളുമായി ബന്ധമുള്ള നിരവധി ഉപജാതിവൃക്ഷങ്ങളും ഇവിടെ വളരുന്നുണ്ട്. വള്ളിമുല്ല, ചെള്ളിപ്പുല്ല് എന്നിവയും കണ്ടുവരുന്നുണ്ട്.
കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിനോട് ചേര്‍ന്ന ഭൂപ്രദേശത്താണ് ഈ കണ്ടല്‍വനമേഖലയും ഉള്ളത്. ചാലിയാറിന്റെ കൈവഴിയായ വടക്കുമ്പാട് പുല്ലിപ്പുഴയോരത്ത് കല്ലമ്പാറ മുതലുള്ള പ്രദേശത്താണ് ഇവ കൂടുതലായി വളരുന്നത്. സംരക്ഷണപ്രവൃത്തികള്‍ ഒന്നുമില്ലാത്തതിനാല്‍ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നത് ഉള്‍പ്പെടെയുള്ള പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഇവിടെ രൂക്ഷമാണ്. ഇത് കണ്ടലുകള്‍ക്കിടയിലുള്ള നീര്‍ത്തടങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.
No comments:
Post a Comment