പവനന്‍ ‘ദേശാഭിമാനി’യില്‍ ജോലിയെടുത്തിരുന്ന കാലം. നിയമസഭ കഴിഞ്ഞ് ഒരു ഉച്ചസമയത്ത് തൂവെള്ള സാരിയും ബ്ളൗസും മുഖത്ത് ഗൗരവവുമായി ഒരു സ്ത്രീ പടിക്കെട്ടുകളുള്ള, ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് കയറിവന്നത് ഇന്നും ഞാനോര്‍ക്കുന്നു. അത് മറ്റാരുമായിരുന്നില്ല. കേരള രാഷ്ട്രീയവേദിയില്‍ ഇന്നും വെളിച്ചംവീശുന്ന കെ.ആര്‍. ഗൗരിയമ്മ എന്ന വിപ്ളവകാരിയായിരുന്നു.
വിപ്ളവകാരിക്ക് ഒന്നാന്തരം ഭരണാധികാരിയും മികച്ച നിയമസഭാ സാമാജികയും ആവാന്‍ കഴിയുമെന്നുതെളിയിച്ച വനിതയാണ് ഗൗരിയമ്മ. വിപ്ളവാവേശത്തിന്‍െറ മുമ്പേതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേരുകയും അധ്വാനിക്കുന്ന ജനതക്ക് പ്രത്യേകിച്ച്, കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കുംവേണ്ടി പടപൊരുതുകയും പോരാളിയാണ്.
ആദ്യത്തെ കമ്യൂണിസ്റ്റ് കൂട്ടുമന്ത്രിസഭയില്‍ റവന്യൂമന്ത്രിയെന്ന നിലയില്‍ കേരളത്തിലെ ഭൂപരിഷ്കരണ സംരംഭങ്ങള്‍ക്ക് അവരിട്ട തുടക്കമാണ് ഇന്ത്യയില്‍ ജന്മിത്വം അവസാനിപ്പിച്ച ആദ്യത്തെ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്തിയത്. അവശ ജനവിഭാഗങ്ങള്‍ക്കുവേണ്ടി എണ്ണിപ്പറയാവുന്ന അനേകം നേട്ടങ്ങള്‍ അവരുണ്ടാക്കിയിട്ടുണ്ട്. പ്രശ്നത്തിന്‍െറ എല്ലാ വശങ്ങളും സൂക്ഷ്മമായി പഠിച്ചേ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും അവര്‍ സംസാരിക്കാറുള്ളൂ. വനിത എന്നനിലയില്‍ പ്രത്യേക പരിഗണനയോ വിട്ടുവീഴ്ചയോ അവര്‍ക്കാവശ്യമില്ല. ഇന്നവര്‍ വാര്‍ധക്യത്തിലാണ്. ആരുടെ മുന്നിലും ശിരസ്സുകുനിക്കാത്ത അവര്‍ ഇപ്പോഴും രാഷ്ട്രീയരംഗത്ത് ഒരു ശക്തിയായി തുടരുന്നത് അവരുടെ വലുപ്പത്തെ കാണിക്കുന്നു. ഞാനവരെ ആരാധിക്കുന്നു; ആദരിക്കുന്നു. വനിതകള്‍ക്കെല്ലാം ഒരു മാതൃകയാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ, എന്നെ സംബന്ധിച്ച് ആദരവില്‍ കവിഞ്ഞ് തീരെ സൗഹൃദം ഉണ്ടായിരുന്നില്ല.
കമ്യൂണിസ്റ്റ് കുടുംബത്തിലെ ഒട്ടേറെ പ്രശസ്തരായ വനിതകളുമായി പിന്നീട് ഞാന്‍ ഏറെ സൗഹൃദത്തിലായി. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍െറയും കമ്യൂണിസ്റ്റ് താത്ത്വികാചാര്യന്മാരായിരുന്ന കെ. ദാമോദരന്‍െറയും ഉണ്ണിരാജയുടെയും സഹധര്‍മിണിമാരായ അമ്മിണിയമ്മ, പത്മേടത്തി, രാധമ്മ ഇവരുടെ കൂടെ അവരിലൊരാളായിത്തീര്‍ന്നത് ജീവിതത്തില്‍ ഏറ്റവും വലിയ സൗഭാഗ്യമായി ഞാന്‍ കരുതുകയാണ്. എന്‍െറ കുടുംബത്തില്‍നിന്ന് കിട്ടിയിരുന്ന സ്നേഹത്തെക്കാള്‍ ഇവരില്‍നിന്ന് എനിക്ക് കിട്ടിക്കൊണ്ടിരുന്നു. അമ്മിണിയമ്മയുടെ മാനസപുത്രിയാണെന്നുവരെ തിരുവനന്തപുരത്ത് എന്നെ അറിയുന്നവര്‍ തമാശരൂപേണ പറയുമായിരുന്നു. എത്രയെത്ര തമാശകള്‍ തമ്മില്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. കഴുത്തിലിട്ടിരുന്ന മാല പണത്തിന്‍െറ ബുദ്ധിമുട്ട് വന്നപ്പോള്‍ ബാങ്കില്‍ പണയംവെച്ച് വെറുംകഴുത്തുമായി എന്നെ കണ്ടപ്പോള്‍ അമ്മിണിയമ്മ മൂത്തമകള്‍ സതിയുടെ കഴുത്തില്‍നിന്ന് മാല ഊരി എനിക്കിട്ടുതന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍നിന്ന് ഒരു തേങ്ങല്‍. അവര്‍ മരിക്കുംവരെയും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം നിലനിര്‍ത്തിപ്പോന്നു. ഇപ്പോഴും അവരുടെ മക്കളുമായി സൗഹൃദം തുടരുന്നു.
കമ്യൂണിസ്റ്റ് കുടുംബത്തിലെ ഒരംഗമാണ് എണ്ണക്കാട്ട് കൊട്ടാരത്തിലെ രാധമ്മ. അവര്‍ ഉണ്ണിരാജയുടെ ഭാര്യയാണ്. അവരുടെ മൂത്തസഹോദരന്‍ ശങ്കരനാരായണന്‍ തമ്പി ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ സ്പീക്കറായിരുന്നു. അവരുടെ മൂത്തസഹോദരി സുഭദ്രാമ്മ ട്രേഡ് യൂനിയന്‍ നേതാവായിരുന്ന ചടയംമുറിയുടെ ഭാര്യയാണ്. സുഭദ്രാമ്മ ജീവിച്ചിരിപ്പുണ്ട്. തിരുവനന്തപുരത്തായിരുന്നപ്പോള്‍ മിക്കദിവസങ്ങളിലും ഞാനവരുടെ വീട്ടിലേക്കും അവര്‍ എന്‍െറ വീട്ടിലേക്കും പതിവ് സന്ദര്‍ശകരായിരുന്നു. കമ്യൂണിസ്റ്റ് എന്നുപറഞ്ഞാല്‍, അവരുടെ രക്തം തിളക്കും. സഖാക്കളെപ്പറ്റി എന്തെങ്കിലും ചീത്തയാക്കിപറഞ്ഞാല്‍ അവര്‍ സഹിക്കുകയില്ല. പക്ഷേ, അവര്‍ നിഷ്കളങ്ക മനസ്സുള്ള ഒരു സ്ത്രീയായിരുന്നു.
പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ക്ക് പോകുമ്പോള്‍ എന്നെ കൂടെ കൊണ്ടുപോകും. പോയില്ളെങ്കില്‍ കഠിനമായി വഴക്കുകേള്‍ക്കും. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കുപോവുമ്പോള്‍ എത്രയോ മുക്കുവക്കുടിലില്‍നിന്ന് അവരോടൊപ്പം മരച്ചീനി പുഴുങ്ങിയതും കഞ്ഞി കുടിച്ചതും മനസ്സില്‍ മങ്ങാത്ത ഓര്‍മയായി നില്‍ക്കുന്നു. പക്ഷേ, പാര്‍ട്ടി മീറ്റിങ്ങുകള്‍ക്കൊന്നും പോവാന്‍ എനിക്ക് തീരെ താല്‍പര്യമുണ്ടായിരുന്നില്ല.
വിമോചനസമരം കഴിഞ്ഞ് ഒരു പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കാന്‍ എന്നെ അവര്‍ നിര്‍ബന്ധിച്ചു. വഴക്കുപറഞ്ഞ് എന്നെ കൂട്ടിക്കൊണ്ടുപോയി. മ്യൂസിയം ജങ്ഷനില്‍നിന്ന് തുടങ്ങുന്ന ജാഥ യൂനിവേഴ്സിറ്റി കോളജിനടുത്ത് എത്തിയപ്പോള്‍ അവിടെ നിന്നിരുന്ന ഒരു മരത്തിന്‍െറ മറവിലേക്ക് പോയി ഒളിച്ചു. പഴവങ്ങാടിയില്‍ എത്തിയ ജാഥയില്‍ എന്നെ കാണാത്ത രാധമ്മ ജാഥകഴിഞ്ഞ് തിരിച്ച് എന്‍െറ വീട്ടിലേക്ക് വന്നപ്പോള്‍ മക്കളോട് തമാശപറഞ്ഞ് ചിരിക്കുന്ന കണ്ട എന്നെ ഏറെ ശകാരിച്ചു. ഒരു വിളറിയ ചിരിയില്‍ എല്ലാം കേട്ടുകൊണ്ടിരുന്നു. ദേഷ്യത്തോടെ വീട്ടില്‍നിന്നിറങ്ങിപ്പോയ രാധമ്മ രണ്ടുദിവസം കഴിഞ്ഞ് തോള്‍സഞ്ചിയില്‍ കുട്ടികള്‍ക്ക് പലഹാരങ്ങളും ചമ്മന്തിപ്പൊടിയുമായി വരുന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും എന്‍െറ കണ്ണ് നിറയുന്നു. പിന്നീട് അവര്‍ കാന്‍സര്‍രോഗംമൂലം അകാലചരമമടഞ്ഞു. ഇവരുടെ കൂടെ ജീവിച്ച കാലങ്ങള്‍ എനിക്ക് അനുഭവങ്ങളായിരുന്നു.
പിന്നീട് പത്മേടത്തി. അവിടെ പോകാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. കമ്യൂണിസ്റ്റ് ബുദ്ധിജീവിയായിരുന്ന ദാമോദരേട്ടന്‍ ഞാനും പത്മേടത്തിയും തമ്മില്‍ സംസാരിക്കുമ്പോള്‍ ഞങ്ങളുടെ സംഭാഷണത്തില്‍ ഒരു സാധാരണക്കാരനെപേലെ പങ്കുചേര്‍ന്ന് സംസാരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും ഇന്നും എന്‍െറ കണ്‍മുന്നിലുണ്ട്. ദാമോദരേട്ടനും കുടുംബവും പിന്നീട് ദല്‍ഹിയിലത്തെി. അവിടെവെച്ചുതന്നെ അദ്ദേഹം മരിച്ചു. പത്മേടത്തി ദേഹസുഖമില്ലാതെ മകളോടൊപ്പം പാലക്കാട്ട് താമസിക്കുന്നു.
കാലം ഒന്നിനും കാത്തുനില്‍ക്കാറില്ല. പിന്നീട് എത്രയോ വേനലും മഴയും കഴിഞ്ഞു. എത്രയോ വെള്ളം പാലത്തിനടിയിലൂടെ ഒഴുകി. ഒരു ജിപ്സി കുടുംബംപോലെ ജീവിക്കാനുള്ള ബദ്ധപ്പാടില്‍ പല നഗരങ്ങളിലും ചുറ്റിനടന്നു. അവസാനം പവനന്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി തൃശൂരത്തെി. ഇവിടെ വേരുറപ്പിച്ചു. സാംസ്കാരികരംഗത്തും പൊതുരംഗത്തും ഏറെ ശ്രദ്ധനേടിയ അദ്ദേഹം മറവിരോഗം പിടിപെട്ട് ലോകത്തോട് യാത്രപറഞ്ഞു. ഏറെ ദുഃഖിച്ചു. വീട്ടില്‍ ഏകയായി താമസിക്കേണ്ടിവന്ന നാളുകള്‍.
സാഹിത്യ അക്കാദമിയില്‍ പവനന്‍ ഉള്ള കാലത്താണ് ലോകപ്രസിദ്ധി നേടിയ എഴുത്തുകാരി മാധവിക്കുട്ടിയെ ആദ്യമായി ഞാന്‍ കാണുന്നത്. അക്കാദമിയില്‍ അവര്‍ വന്നുവെന്നറിഞ്ഞാല്‍ അകലെനിന്ന് ആരാധനയോടെ അവരെ നോക്കിനില്‍ക്കുകയല്ലാതെ അടുത്തുപോയിട്ടില്ല; സംസാരിച്ചിട്ടില്ല. അക്കാലത്ത് ‘രുഗ്മിണിക്കൊരു പാവക്കുട്ടി’ എഴുതിയ മാധവിക്കുട്ടിയെ എനിക്ക് ആരാധനതന്നെയായിരുന്നു. അവരുടെ സൗന്ദര്യം, പ്രസാദാത്മകത, പ്രത്യേകതരത്തിലുള്ള മുടിക്കെട്ട്, വസ്ത്രധാരണം ഇവയെല്ലാം എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. എന്നോ ഒരു ലേഖനം വായിച്ച ചില പദപ്രയോഗങ്ങള്‍ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അത് ശബ്ദത്തെ പറ്റിയായിരുന്നു. കാക്കക്ക് കാക്കയുടെ ശബ്ദം, കുയിലിന് കുയിലിന്‍െറ ശബ്ദം, ശബ്ദം എന്തുമായിക്കൊള്ളട്ടെ, സ്വന്തമായിരിക്കണം. അതുകൊണ്ടുതന്നെയായിരിക്കും മാധവിക്കുട്ടി എന്ന എഴുത്തുകാരിക്ക് സ്വന്തം സ്വരമുണ്ടായത്.
മാധവിക്കുട്ടിയുമായി ഫോണില്‍പോലും ഞാന്‍ സംസാരിച്ചിട്ടില്ല. പിന്നീട് എപ്പോഴാണ് ഞാനവരുടെ ‘ബേബി’യായത്. അവര്‍ എന്‍െറ ‘ആമ്യേട്ത്തി’യായത്. അവരുടെ ജീവിതത്തിന്‍െറ ഒരു ഭാഗമായി കണ്ടത് പവനന്‍െറ മരണശേഷമാണ്. മാധവിക്കുട്ടിയെ അക്കാദമിയില്‍വെച്ച് കാണുമ്പോഴെല്ലാം അവരെ നേരില്‍ കണ്ടതിന്‍െറ സന്തോഷം ഞാന്‍ പവനനെ അറിയിച്ചിരുന്നു. സംസാരിക്കാനും പരിചയപ്പെടാനും ഏറെ മോഹിച്ചിരുന്നു. പക്ഷേ, ഞാന്‍ മടിച്ചുനിന്നു.
പവനന്‍െറ മരണശേഷം എന്‍െറ ഒറ്റപ്പെട്ട ജീവിതത്തില്‍ ഏറെ ദുഃഖിച്ചിരുന്ന കാലം. ആശ്വാസത്തിന്‍െറ ചക്രവാളത്തിലേക്ക് തുഴഞ്ഞടുപ്പിച്ചത് അവരായിരുന്നു. ആ കാലങ്ങളില്‍ ആരുമായും സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഫോണ്‍ ബെല്ലടിച്ചാല്‍ ഞാന്‍ എടുക്കുമായിരുന്നില്ല. എന്‍െറ സഹായി ഫോണില്‍കൂടി ഒരു സ്ത്രീ വിളിക്കുന്നുവെന്നറിയിച്ചപ്പോള്‍ ഞാന്‍ ഇവിടെ ഇല്ളെന്ന് പറയാമായിരുന്നില്ളേ എന്ന് അവരോട് ദേഷ്യത്തില്‍ പറഞ്ഞു. ഫോണ്‍ കട്ടാക്കാനും പറഞ്ഞു. പിന്നെയും ബെല്ലടിശബ്ദം ‘ബേബി’ക്ക് ഫോണ്‍ കൊടുക്കൂവെന്ന് വീണ്ടും പറഞ്ഞപ്പോള്‍ തെല്ല് നീരസത്തോടെ ഞാന്‍ ഫോണ്‍ ചെവിയില്‍വെച്ചു. ആരാണ്, എന്താ വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മാധവിക്കുട്ടി എന്ന മറുപടി. ഏതു മാധവിക്കുട്ടി എന്നുചോദിച്ചപ്പോള്‍ കമല സുറയ്യ എന്ന് നനുത്തസ്വരത്തില്‍ അറിയിച്ചപ്പോള്‍ ഞാനൊന്ന് പതറി. ഫോണിലൂടെ സംസാരിക്കാനാവാതെ എനിക്ക് കരയാനാണ് തോന്നിയത്. അവര്‍ കരയാന്‍ എന്നെ അനുവദിച്ചില്ല. അതിനിടയില്‍ എന്തോ ഒരു തമാശയാണ് പറഞ്ഞത്.
എല്ലാ ദുഃഖങ്ങളും മറന്ന് ഞാനറിയാതെ ചിരിച്ചു. സംഭാഷണം ഒരുതലക്കല്‍നിന്ന് മാത്രം. പലതും കേട്ടപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാനായില്ല. ഇനിയും വിളിക്കാമെന്നുപറഞ്ഞ് സംഭാഷണം നിലച്ചപ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി. ആര് കേള്‍ക്കാനാണ് കരയുന്നത്? ആശ്വസിപ്പിക്കാന്‍ അരികില്‍ ആരുമില്ല.
അപ്പോഴാണ് അവരെപ്പറ്റിയും ഞാന്‍ ആലോചിച്ചത്. അവരും തനിച്ച് താമസിക്കുന്നു. അരികില്‍ ആരുമില്ലാതെ. ഭര്‍ത്താവ് നഷ്ടപ്പെട്ട് എന്നെപ്പോലെ ദുഃഖം അനുഭവിക്കുന്നു. എന്നെയും അവരെയും ഒരേതട്ടില്‍ തൂക്കാനാവില്ലല്ളോ. വിശ്വപ്രസിദ്ധയായ അവര്‍ക്ക് ധാരാളം ആരാധകര്‍. ഇംഗ്ളീഷും മലയാളവും ഒരുപോലെ എഴുതാന്‍ കഴിയുന്നവര്‍. ലോകമാകെ സഞ്ചരിച്ചവര്‍. ആരെങ്കിലും എന്‍െറ ഇന്നത്തെ അവസ്ഥയെപ്പറ്റി പറഞ്ഞിരിക്കാം. അതായിരിക്കും എന്നെ വിളിക്കാനുള്ള പ്രേരണ എന്നുമാത്രം കരുതി. പവനന്‍ വിളിക്കുന്ന അതേപേരില്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം വാക്കുകള്‍കൊണ്ട് പറയാനാവില്ല.
പിന്നീട് ആറേഴും അതിലധികവും ഫോണിലൂടെ അവര്‍ വിളിച്ചുകൊണ്ടിരുന്നപ്പോള്‍ എന്‍െറ മനസ്സിന് മാറ്റംവരുന്നു. എന്‍െറ ചിരി കേള്‍ക്കാനും സ്നേഹം തരുവാനും ഒരാള്‍ ഉണ്ടായിരിക്കുന്നു. ആ മാറ്റം മനസ്സിനെ തണുപ്പിക്കാന്‍ തുടങ്ങി.
അങ്ങനെ ദിവസങ്ങള്‍ കഴിയുന്നു. ഫോണിലൂടെ ഒരു ശബ്ദത്തിനുവേണ്ടി കാത്തിരിപ്പ് തുടങ്ങി. പരിചയപ്പെട്ടവരെ കുറിച്ചും എഴുത്തുകാരെ കുറിച്ചും എല്ലാം എന്നോട് പറയാന്‍ തുടങ്ങി. പലരുടെയും ശബ്ദം അനുകരിച്ച് സംസാരിക്കുമ്പോള്‍ ഏറെ ചിരിച്ചത് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഇന്നും എനിക്ക് വിങ്ങല്‍. എറണാകുളത്ത് അവരോടൊപ്പം താമസിക്കാന്‍ പലപ്രാവശ്യം എന്നോട് ആവശ്യപ്പെട്ടു.
ഒരുപ്രാവശ്യം വിളിച്ചപ്പോള്‍ ഞാന്‍ പുറത്തുപോയിരുന്നു. തിരിച്ചുവന്ന് വീണ്ടും വിളിച്ചു. ഈ വെയിലത്ത് നടക്കരുത്. സൗന്ദര്യം പോവില്യേ, കറക്കില്യേ എന്നുചോദിച്ചപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു. സൗന്ദര്യം ഉള്ളവരല്ളേ അതില്‍ ശ്രദ്ധിക്കുകയുള്ളൂ എന്ന മറുപടിയില്‍ അവര്‍ തൃപ്തിപ്പെട്ടില്ല. ശബ്ദത്തിലുംകൂടി ഞാന്‍ ബേബിയുടെ സൗന്ദര്യം കാണുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാനറിയാതെ എന്‍െറ കവിള്‍ നനഞ്ഞു.
പിന്നീട് പെട്ടെന്നുകേട്ട വാര്‍ത്ത എന്നെ ഞെട്ടിച്ചു. എറണാകുളം വിടുകയാണെന്നും മകന്‍െറ കൂടെ പുണെയില്‍ പോകുന്നുവെന്നറിയിച്ചപ്പോള്‍ ഞാന്‍ കടുത്ത നിരാശയിലായി. കേരളം തനിക്ക് താമസിക്കാന്‍ കൊള്ളാത്ത നാടായിമാറി എന്നറിയിച്ചു. ഏറെ താമസിയാതെ അവര്‍ കേരളം വിട്ടു. പോകുമ്പോഴെങ്കിലും ഒരുദിവസമെങ്കിലും ഒന്നിച്ച് താമസിക്കാന്‍ കഴിയാത്തതില്‍ ഏറെ ദുഃഖിച്ചു.
സ്നേഹിക്കാന്‍ മാത്രമേ അവര്‍ക്കറിയുള്ളൂ. ആരോടും ദേഷ്യം, പക പുലര്‍ത്താന്‍ അവര്‍ക്കാവില്ല. കേരളത്തിലെ ജനങ്ങള്‍ അവര്‍ക്ക് സ്നേഹം തിരിച്ചുകൊടുക്കാതെ നാടുകടത്തി.
പുണെയില്‍ എത്തിയ ഉടന്‍ എന്നെ വിളിച്ചു. ഫോണ്‍ പിന്നെയും പതിവായി. കട്ടിലില്‍കിടന്ന് മൊബൈല്‍ നെഞ്ചില്‍വെച്ചാണ് വിളിക്കുന്നത് എന്ന് പരിചാരിക അമ്മു പറയുന്നു. എന്നെ നെഞ്ചോടുചേര്‍ത്തുവിളിക്കാന്‍ ഇപ്പോഴും ഒരാളുണ്ടെന്ന തോന്നല്‍ അടങ്ങാത്ത സന്തോഷം തന്നു. ദിവസവും നിരന്തരം ഫോണ്‍ചെയ്യുന്ന ആ ശബ്ദം കേള്‍ക്കാതായപ്പോള്‍ ഞാന്‍ പുണെക്ക് ജയസൂര്യയെ വിളിച്ചു. അപ്പോഴാണ് ശ്വാസതടസ്സംമൂലം അവരെ ആശുപത്രിയിലാക്കിയ വിവരം അറിയുന്നത്. ആശുപത്രിയിലായപ്പോള്‍ ഞാന്‍ ജയസൂര്യയെ വിളിക്കും. ‘ആന്‍റി’യെപ്പറ്റി അമ്മയുടെ ചെവിയില്‍ പറയുമ്പോള്‍ ‘She had a slight smile on her face’ എന്നുപറയുന്നത് കേട്ടപ്പോള്‍ മനസ്സിനുള്ളിലെ തേങ്ങല്‍ ഞാന്‍മാത്രം അറിഞ്ഞു.
ഒരുരാത്രി രണ്ടുമണി. രാത്രിയില്‍ ഫോണിന്‍െറ ബെല്ലടി കേട്ടാല്‍ എനിക്ക് ഭയമാണ്. ലൈറ്റൊന്നും ഇടാതെതന്നെ ഞാന്‍ ഫോണെടുത്തു.‘എനി അമ്മ വിളിക്കില്ല. എന്‍െറ മടിയില്‍ കിടന്ന് അമ്മ പോയി’, അമ്മു കരഞ്ഞാണ് എന്നെ വിവരം അറിയിച്ചത്. വാര്‍ത്ത ശരിയാവരുതേ എന്ന് മനസ്സില്‍ പറഞ്ഞു. പിന്നീട് ആ വാര്‍ത്ത സത്യമാണെന്നറിഞ്ഞു. കട്ടിലില്‍ ഇരുന്ന് മുഖംപൊത്തി ഇരുന്നു. കവിള്‍ നനഞ്ഞിരുന്നു. മനസ്സിന് ഭാരം. ലോകം അറിയുംമുമ്പേ ആ വാര്‍ത്ത ഞാനറിഞ്ഞു.
എനിക്കും എത്രയോ അവരെപ്പറ്റി എഴുതാനുണ്ട്. എത്രയോകാലത്തെ അടുപ്പവും സ്നേഹവും എനിക്ക് ആമ്യേട്ത്തി തന്നു. അവര്‍ തന്നിരുന്ന സ്നേഹമാണ് അവരുടെ സ്വഭാവത്തെ ധന്യമാക്കുന്നത്.
രക്തബന്ധങ്ങളെക്കാള്‍ സൗഹൃദബന്ധങ്ങളെ ഞാന്‍ വിലമതിക്കുന്നു. ഈ അസാധാരണ വ്യക്തിത്വങ്ങളുമായുള്ള സൗഹാര്‍ദം, അവരില്‍നിന്ന് കിട്ടിയ സ്നേഹം, ആദരവ് തോന്നിപ്പിച്ച വ്യക്തികള്‍ ഇവരെ എല്ലാം കാണാനും ജീവിക്കാനും സാധിച്ചതുതന്നെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു.
No comments:
Post a Comment