2011ആഗസ്റ്റ് 12ന് പുതിയ വി.സി ഡോ.എം. അബ്ദുസ്സലാം ചുമതലയേല്‍ക്കുമ്പോള്‍ ആദ്യ ബാച്ചിന്‍െറ മൂന്നാം സെമസ്റ്റര്‍ ഫലംവരാത്ത ചൂടേറിയ ചര്‍ച്ചയായിരുന്നു. സെപ്റ്റംബര്‍ 23ന് 14 അംഗ യുഡി.എഫ് സിന്‍ഡിക്കേറ്റും നിലവില്‍വന്നു. മുന്‍ സിന്‍ഡിക്കേറ്റ് നടപ്പാക്കിയ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ ഡിഗ്രിക്കാരെ പുറത്തിറക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം ഇവര്‍ക്കായി.
കെട്ടിക്കിടക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ അടിയന്തര സംവിധാനം വി.സി കൈക്കൊണ്ടു. പരീക്ഷകള്‍ സമയബന്ധിതമായി നടത്തലും റിസല്‍ട്ട് പ്രഖ്യാപിക്കലും പ്രഥമ ദൗത്യമായി പ്രഖ്യാപിച്ചു. ബ്രാഞ്ച് തലവന്മാരെയും പഠനവകുപ്പ് മേധാവികളെയും നിരന്തരം ഓര്‍മിപ്പിച്ചു. സ്വപ്ന പദ്ധതിയായി യോഗങ്ങളില്‍ വി.സി അവതരിപ്പിച്ചു. സര്‍വകലാശാലക്കു വരാന്‍പോകുന്നു സുവര്‍ണകാലം എന്നായി എല്ലാവരുടെയും സ്വപ്നം . ഇതിനിടെ, ഭൂരിഭാഗം വരുന്ന ഇടതു ജീവനക്കാര്‍ വി.സിയുമായി ഉടക്കിയതോടെ കല്ലുകടി തുടങ്ങി. കഴിഞ്ഞ സിന്‍ഡിക്കേറ്റ് കാലത്ത് നിയമിച്ച ടൈപ്പിസ്റ്റ്-അസിസ്റ്റന്‍റുമാരുടെ പ്രൊബേഷന്‍, പ്രെമോഷന്‍ തടഞ്ഞതാണ് ഉടക്കിന് കാരണം. ഒരുമാസത്തോളം ജീവനക്കാരുടെ സമരം ഉണ്ടായി. സര്‍ട്ടിഫിക്കറ്റ് വേഗത്തിലാക്കല്‍ പദ്ധതി മുടന്തി.
ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ ഡിഗ്രിയുടെ പോക്ക് ശരിയല്ളെന്നും വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാകുമെന്നും പ്രിന്‍സിപ്പല്‍മാര്‍ വി.സിയെ അറിയിച്ചിരുന്നു. സെമസ്റ്റര്‍ ഫലം ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ സമരം നടത്തി. എസ്.ഐ.ഒ ആഴ്ചകളോളം നിരാഹാര സമരം നടത്തി. 2011ഡിസംബറോടെ എല്ലാ സെമസ്റ്റര്‍ ഫലവും പ്രഖ്യാപിക്കുമെന്ന് എസ്.ഐ.ഒ നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും നടപ്പായില്ല. വിദ്യാര്‍ഥികള്‍ വീണ്ടും സമരത്തിനിറങ്ങി. ജനുവരി 31നകം ഫലം പ്രഖ്യാപിക്കുമെന്ന് വീണ്ടും അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇത് നടപ്പാവുമോ എന്ന ആശങ്കയാണ് ഇനി ബാക്കി.
40 ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ സെമസ്റ്റര്‍ ഫലങ്ങളാണ് ഒരുവര്‍ഷം കഴിഞ്ഞിട്ടും പുറത്തുവരാത്തത്. വിദ്യാര്‍ഥികള്‍ ചോദിച്ചുവാങ്ങേണ്ടതല്ല ഫലപ്രഖ്യാപനമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കോളജുകളില്‍ പ്രതീക്ഷയോടെ പുതിയ ബാച്ചുകള്‍ എത്തുമ്പോള്‍ പരീക്ഷയും ഫലവും പറയാന്‍ അധ്യാപകര്‍ക്കാവുന്നില്ല. മൂല്യനിര്‍ണയത്തിന് അധ്യാപകരെ കിട്ടാത്തതാണ് പ്രശ്നമെന്ന് ആദ്യം അധികൃതര്‍ പറഞ്ഞു. കോളജ് അടച്ചുപൂട്ടി എല്ലാ അധ്യാപകരെയും മൂല്യനിര്‍ണയക്യാമ്പിലേക്ക് കൊണ്ടുപോയപ്പോള്‍ ഈ വാദം പൊളിഞ്ഞു. ആദ്യ ബാച്ചിന്‍െറ നാലാം സെമസ്റ്റര്‍ മൂല്യനിര്‍ണയ ക്യാമ്പ് കഴിഞ്ഞ് അരക്കൊല്ലമായിട്ടും ഫലം വന്നില്ല. ക്യാമ്പില്‍നിന്ന് അയച്ച മാര്‍ക്കുകള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ വിശ്രമിക്കുകയാണ്. ഈ മാര്‍ക്കും ഉത്തരക്കടലാസിന്‍െറ ബാര്‍കോഡും ഒത്തുനോക്കുന്ന ‘വലിയ’ കാര്യമാണ് പരീക്ഷാഭവനുള്ളത്. ഇത് നേരാംവണ്ണം ചെയ്യാന്‍ ജീവനക്കാര്‍ക്കും ചെയ്യിപ്പിക്കാന്‍ വി.സിക്കും ആവുന്നില്ല. വളരെ ലാഘവത്തോടെയാണ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ബാര്‍കോഡ് മുറിച്ചെടുത്ത് സൂക്ഷിക്കുന്നതിലും തികഞ്ഞ അനാസ്ഥ. വര്‍ഷത്തില്‍ ഒറ്റ പരീക്ഷ നേരാംവണ്ണം നടത്താനാവാത്ത സര്‍വകലാശാലയാണ് വര്‍ഷം രണ്ടെണ്ണം നടത്തുന്നത്.
ഇക്കാര്യങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട സിന്‍ഡിക്കേറ്റ് ശ്രദ്ധിച്ചത് നിയമനങ്ങളിലും പുതിയ പദ്ധതികളിലുമാണ്. പുതിയ ഭരണകാര്യാലയം നിര്‍മിക്കുന്നതും സി.എച്ച് ചെയറിന് 10 ഏക്കര്‍ നല്‍കുന്നതോ ആയി മുഖ്യ ചര്‍ച്ച.
2011 അഡ്മിഷന്‍ ബിരുദ വിദ്യാര്‍ഥികളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷ ഒന്നിച്ച് നടത്തി സെമസ്റ്റര്‍ സമ്പ്രദായത്തിന്‍െറ കടക്കലാണ് സിന്‍ഡിക്കേറ്റ് കത്തിവെച്ചത്. പുതിയ പരിഷ്കാരത്തിന്‍െറ അന്തസ്സത്തയാണ് ഇതോടെ ഇല്ലാതായത്.
പല കോളജുകളും ഇന്‍േറണല്‍ പരീക്ഷ പൂര്‍ത്തിയാക്കിയപ്പോഴാണ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ രണ്ടിനൊപ്പം നടത്തുമെന്ന് സിന്‍ഡിക്കേറ്റ് പ്രഖ്യാപിച്ചത്. ക്ളാസ് വൈകിയതിനാലാണ് ഇങ്ങനെയെന്നാണ് സിന്‍ഡിക്കേറ്റ് വിശദീകരിച്ചത്. 2010 നവംബറില്‍ നടന്ന രണ്ടാം ബാച്ചുകാരുടെ ആദ്യ സെമസ്റ്റര്‍ എഴുതിയവര്‍ക്കുള്ള സപ്ളിമെന്‍ററി കൂടിയാവുമായിരുന്നു റദ്ദാക്കിയ പരീക്ഷ. രണ്ടാം ബാച്ചിന്‍െറ ഒരു പരീക്ഷയുടെ ഫലവും പ്രഖ്യാപിക്കാതെ എങ്ങനെ പുതിയ ബാച്ചിന് പരീക്ഷ നടത്തും?. ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഏറെ.