ബേപ്പൂരിലെ ജനങ്ങളുടെ കൂട്ടായ്മയില്‍ മണ്ഡലത്തിലെ വൃക്കരോഗികള്‍ക്ക് ചികിത്സാസഹായമെത്തിക്കുന്ന 'സാന്ത്വനമേകാന്‍ കൈകോര്‍ക്കാം' പദ്ധതിക്ക് തുടക്കമായി. മണ്ഡലത്തിലെ 10,000 വീടുകളിലും 2,000 കച്ചവടസ്ഥാപനങ്ങളിലും നിക്ഷേപപ്പെട്ടികള്‍ സ്ഥാപിച്ച് സഹായം സ്വരൂപിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം ലഭ്യമാക്കുന്ന 'ബേപ്പൂര്‍ മണ്ഡലം ഡെവലപ്പ്‌മെന്റ് ചാരിറ്റബിള്‍ ട്രസ്റ്റാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യമൊരുക്കിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് 'സാന്ത്വനമേകാന്‍ കൈകോര്‍ക്കാം'-നടപ്പാക്കുന്നത്. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആസ്പത്രിയുമായി സഹകരിച്ചാണ് ട്രസ്റ്റ് ഇപ്പോള്‍ സൗജന്യ ഡയാലിസിസ് സേവനം നല്‍കുന്നത്.
മൂന്ന് ഡയാലിസിസ് മെഷീനുകള്‍ ഉപയോഗിച്ച് ഒമ്പത് രോഗികള്‍ക്കാണ് ഇവിടെയിപ്പോള്‍ സൗജന്യ ചികിത്സ. അഞ്ച് മെഷീനുകള്‍ കൂടി സ്ഥാപിച്ച് 24 പേര്‍ക്ക് ഡയാലിസിസ് സൗകര്യം ഒരുക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം. അഞ്ച് ഡയാലിസിസ് മെഷീനുകള്‍കൂടി സ്ഥാപിക്കുമ്പോള്‍ ട്രസ്റ്റിന് മാസം ഒന്നര ലക്ഷത്തിലധികം രൂപ അധികമായി കണ്ടെത്തേണ്ടിവരും. മൂന്നു വര്‍ഷമായി മണ്ഡലത്തില്‍ മുടങ്ങാതെ നടത്തിവന്നിരുന്ന 'ബേപ്പൂര്‍ ഫെസ്റ്റില്‍'നിന്ന് ലഭിച്ചിരുന്ന സാമ്പത്തികലാഭം ഉപയോഗിച്ചായിരുന്നു ട്രസ്റ്റ് ഇതുവരെ ചികിത്സാസഹായത്തിന് ധനം കണ്ടെത്തിയിരുന്നത്.
ഈ വര്‍ഷം ഫെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ ചികിത്സാ സഹായത്തിനുള്ള ഫണ്ട് മുടങ്ങിയിരിക്കുകയാണ്. നൂറു ദിവസത്തിനുള്ളില്‍ നിക്ഷേപപ്പെട്ടിയിലൂടെ ചികിത്സാസഹായം സ്വരൂപിക്കുകയാണ് ലക്ഷ്യം. വ്യാഴാഴ്ച ചെറുവണ്ണൂരില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ ഡോ. പി.ബി.സലിം ചെറുവണ്ണൂര്‍ സ്വദേശി അബൂബക്കറിന് നിക്ഷേപപ്പെട്ടി നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ.സി. മമ്മദ്‌കോയ, കണ്‍വീനര്‍ കെ.ഗംഗാധരന്‍, ട്രഷറര്‍ എം. ഖാലിദ്, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ ടി. മൊയ്തീന്‍കോയ, വി. ബാലകൃഷ്ണന്‍, പിലാക്കാട്ട് ഷണ്‍മുഖന്‍, എയര്‍ലൈന്‍സ് അസീസ്, ബഷീര്‍ കുണ്ടായിത്തോട് എന്നിവര്‍ പങ്കെടുത്തു. ട്രസ്റ്റിന് ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സൗജന്യ ഡയിലിസിസിനുള്ള രോഗികളെ തിരഞ്ഞെടുക്കുക. ഡയാലിസിസ് നടത്താനുള്ള മുഴുവന്‍ ചെലവും ട്രസ്റ്റാണ് വഹിക്കുക.