Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 24 February 2012

സംഘാടനത്തില്‍ താളപ്പിഴകള്‍; പൊലിമ നഷ്ടപ്പെട്ട് മലബാര്‍ മഹോത്സവം

കോഴിക്കോട്: സംഘാടനത്തിലെ താളപ്പിഴകള്‍ പതിനഞ്ചാമത് മലബാര്‍ മഹോത്സവത്തിന്റെ നിറം കെടുത്തുന്നു. വേദികള്‍ നിശ്ചയിക്കുന്നതിലും ഒരുക്കുന്നതിലും വന്ന വീഴ്ചകാരണം മിക്ക വേദികളും രണ്ടാം ദിവസം ഒഴിഞ്ഞുകിടന്നു. നേരത്തേ ചില വേദികളില്‍ നിശ്ചയിച്ച പരിപാടികള്‍ പതിനൊന്നാം മണിക്കൂറില്‍ മറ്റിടങ്ങളിലേക്ക് മാറ്റിയപ്പോള്‍ ഇക്കാര്യം പൊതുജനത്തെ ശരിയാംവണ്ണം അറിയിക്കാനും സംഘാടകര്‍ക്കായില്ല.

ഏറെ പ്രേക്ഷകരുള്ള നാടകോത്സവത്തിന്റെ വേദി സംഘാടനത്തിലെ പിഴവുകള്‍ക്ക് നല്ല ഉദാഹരണമായി. മോഡല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് നാടകോത്സവം നടക്കുന്നത്. ഉദ്ഘാടനദിവസം തന്നെ ഇവിടെ ഏറെക്കുറെ ഒഴിഞ്ഞുകിടന്നു. വേദി തീരുമാനിക്കാന്‍ വൈകിയതും തീരുമാനിച്ചതിനുശേഷം അത് ജനത്തെ അറിയിക്കാന്‍ വൈകിയതുമാണ് പ്രശ്‌നമായതെന്ന് ഉദ്ഘാടനച്ചടങ്ങില്‍ത്തന്നെ സംഘാടകര്‍ സമ്മതിക്കുകയും ചെയ്തു. പേരാമ്പ്ര എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ 'ബലാല്മഴ', പന്തീരാങ്കാവ് ദൃഷ്ടി അമച്വര്‍ നാടകവേദിയുടെ 'വൈദേഹി പറയുന്നത്' എന്നീ നാടകങ്ങളാണ് ആദ്യദിവസം അരങ്ങേറിയത്. മേക്കപ്പ് ചെയ്യാനുള്ള സൗകര്യം ഇല്ലാത്തത് കലാകാരന്‍മാരെ വലച്ചു. വേദിക്കടുത്ത് നിര്‍ത്തിയിട്ട സ്‌കൂള്‍ബസ്സില്‍ ഇരുന്ന് മേക്കപ്പ് നടത്തിയാണ് അഭിനേതാക്കള്‍ അരങ്ങിലെത്തിയത്.

സാഹിത്യസമ്മേളനം രണ്ടു തവണ വേദിമാറ്റി ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളിലേക്ക് മാറ്റിയതും അധികം പേരും അറിഞ്ഞില്ല. ഫോക്‌ലോര്‍ ഫെസ്റ്റിവലും മറ്റും നടക്കുന്നതിനാലാണ് നഗരത്തിലെ പ്രധാനവേദികളൊന്നും കിട്ടാതെ വന്നതെന്ന് ഈ വേദിയിലും സംഘാടകര്‍ തന്നെ പറഞ്ഞു. ജില്ലാ ഭരണകൂടം തന്നെ നേരിട്ട് നടത്തുന്ന പരിപാടിയായിട്ടും വേണ്ടത്ര ആസൂത്രണമില്ലാത്തതാണ് പ്രധാനവേദികളൊന്നും കിട്ടാതെ ശുഷ്‌കമാവാന്‍ കാരണമായത്.

കോഴിക്കോടിന്റെ തനത് സാംസ്‌കാരികോത്സവമായ മലബാര്‍മഹോത്സവത്തിന് അന്താരാഷ്ട്രതലത്തില്‍ പേരുകേട്ട പ്രതിഭകളാണ് മുന്‍കാലങ്ങളില്‍ അതിഥികളായെത്തിയിരുന്നത്. സമീപജില്ലകളില്‍ നിന്നെല്ലാം ആസ്വാദകര്‍ ഈ കലാവിരുന്നിനെത്താറുമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലബാര്‍ മഹോത്സവത്തിന്റെ ഈ ആകര്‍ഷണം നഷ്ടപ്പെട്ടുവരികയാണ്. ഇത്തവണ ഒന്നോ രണ്ടോ പരിപാടികള്‍ മാത്രമാണ് ആസ്വാദകരെ ആകര്‍ഷിക്കുന്നവയായി ഒരുക്കാനായത്. ഉദ്ഘാടനദിവസം ചലച്ചിത്രതാരം രമ്യനമ്പീശന്‍ അവതരിപ്പിച്ച നൃത്തപരിപാടി നാലുമിനിറ്റായി ചുരുങ്ങിയതും ആസൂത്രണത്തിലെ വീഴ്ചകാരണമാണ്. കോഴിക്കോട് ജില്ല നെഞ്ചേറ്റിയ മലബാര്‍മഹോത്സവത്തിന്റെ പൊലിമ കുറയുകയാണെന്ന ആശങ്കയാണ് ഇത്തവണ ആസ്വാദകരില്‍ അവശേഷിപ്പിക്കുന്നത്.

No comments:

Discuss