Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 5 February 2012

ക്ലീന്‍ രാമനാട്ടുകര പദ്ധതി തകിടം മറിഞ്ഞു




കോഴിക്കോട്: ഗ്രാമപ്പഞ്ചായത്ത്, പോലീസ് ഉദ്യോഗസ്ഥരുടെ ഉത്സാഹക്കുറവും അനാസ്ഥയും മൂലം ക്ലീന്‍ രാമനാട്ടുകര പദ്ധതി പൊളിയുന്നു. രാമനാട്ടുകര അങ്ങാടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അനധികൃത തെരുവ് കച്ചവടങ്ങള്‍ ഒഴിപ്പിക്കാനും ഉദ്ദേശിച്ച് 2011 ജൂലായ് 29നാണ് ഗ്രാമപ്പഞ്ചായത്തിന്റെയും സിറ്റി ട്രാഫിക്‌പോലീസിന്റെയും സഹകരണത്തോടെ ക്ലീന്‍ രാമനാട്ടുകര പദ്ധതി തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് അങ്ങാടിയിലെ അനധികൃത ഉന്തുവണ്ടിക്കച്ചവടക്കാര്‍ സ്വമേധയാ കൈയേറ്റം ഒഴിയുകയും ഗതാഗതത്തിന് പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. രണ്ടുമാസത്തോളം അന്നത്തെ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സി.കെ.വിജയകുമാറിന്റെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ഫറോക്ക് മുന്‍ എസ്.ഐ. ഇ.പി.വിജയകുമാറും കൃത്യതയോടെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതോടെ പദ്ധതി പൂര്‍ണ വിജയത്തിലെത്തിയിരുന്നു. എന്നാല്‍ 2011 ഒക്ടോ. മധ്യത്തോടെ രാഷ്ട്രീയ സ്വാധീനത്തെ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റിയതോടെ പഞ്ചായത്ത്തലത്തിലുള്ള നടപടികള്‍ മെല്ലെയായി.

2011 നവംബര്‍ മാസത്തില്‍ എസ്.ഐ.യും സ്ഥലംമാറിപ്പോയി. അനധികൃത റോഡ് കൈയേറ്റത്തിനും ഗതാഗതലംഘനത്തിനും കര്‍ശന നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ മാറിയതോടെ ക്ലീന്‍ രാമനാട്ടുകര പദ്ധതി തകിടംമറിയാന്‍തുടങ്ങി. പദ്ധതിയുടെ ഭാഗമായി രാമനാട്ടുകര അങ്ങാടിയുടെ പല ഭാഗങ്ങളിലും സ്ഥാപിച്ച നോ പാര്‍ക്കിങ് ബോര്‍ഡുകളില്‍ ചിലത് മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. ബോര്‍ഡുള്ള സ്ഥലത്തുതന്നെ വാഹനങ്ങള്‍ അനധികൃത പാര്‍ക്കിങ് നടത്തിയാലും പോലീസുകാര്‍ തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്.

ബസ്സ്റ്റാന്‍ഡിന് മുന്നില്‍ ദേശീയപാത 17-ല്‍ നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്ക സമയത്തും ഈ ബോര്‍ഡിനു താഴെ വാഹനങ്ങള്‍ നിര്‍ത്തിയിടുകയാണ്. അങ്ങാടിയില്‍ കോണ്‍ഗ്രസ് ഓഫീസിലേക്ക് പോകുന്ന വഴിയില്‍ ദേശീയപാതയില്‍ വൈകുന്നേരമായാല്‍ ഉന്തുവണ്ടിക്കച്ചവടക്കാര്‍ വീണ്ടും കൈയടക്കി ഗതാഗതം തടസ്സപ്പെടുത്തുന്നു. ഇവിടെ പരസ്യമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തിയിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിന് ഗ്രാമപ്പഞ്ചായത്തിനോ പോലീസിനോ കഴിയുന്നില്ല. ഫാറൂഖ് കോളേജ് റോഡില്‍നിന്ന് പാറമ്മല്‍ റോഡിലേക്കുള്ള വഴിയില്‍ പച്ചക്കറി കച്ചവടക്കാരും ഓട്ടോറിക്ഷക്കാരും ചേര്‍ന്ന് ഗതാഗതം തടസ്സപ്പെടുത്തുന്നതുമൂലം കാല്‍നട യാത്രയും ദുരിതമാണ്. രാമനാട്ടുകര അങ്ങാടിയുടെ കിഴക്കുഭാഗത്ത് ഖാദിബോര്‍ഡ് ഷോറൂമിന് മുന്നിലാണ് ബസ്സുകള്‍ നിര്‍ത്തുന്നതിന് അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍ മിക്ക ലൈന്‍ ബസ്സുകളും പാറമ്മല്‍ റോഡ് ജങ്ഷനില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതുകൊണ്ട് ഇവിടെയും ഗതാഗത തടസ്സമാണ്. അസിസ്റ്റന്റ് കമ്മീഷണര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ നാല് പ്രാവശ്യം പൂട്ടിച്ച ലഹരി ചേര്‍ത്ത പാന്‍പരാഗ് കച്ചവടം ഒരാഴ്ചമുമ്പ് വീണ്ടും രാമനാട്ടുകര അങ്ങാടിയില്‍ തുടങ്ങി.

അങ്ങാടിയില്‍ എയര്‍പോര്‍ട്ട് റോഡിലൂടെ വണ്‍വേ നിലനില്‍ക്കുന്നുവെങ്കിലും ഏറ്റവും വാഹനത്തിരക്കുള്ള രാവിലെയും വൈകുന്നേരവും ഗ്യാസ് ടാങ്കര്‍, ടിപ്പര്‍ ലോറി എന്നിവ വണ്‍വേ ലംഘിച്ച് ഓടുന്നു. ഇത് തടയുവാന്‍ ബൈപ്പാസ് ജങ്ഷനില്‍ പോലീസില്ല. ഏറെ വര്‍ഷങ്ങള്‍ പൂട്ടിയിട്ട പോലീസ് എയ്ഡ്‌പോസ്റ്റ് 2011 ഒക്ടോബറില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇവിടെ ഡ്യൂട്ടിക്ക് വരുന്ന നിയമപാലകര്‍ രാമനാട്ടുകരയിലെ നിയമലംഘനങ്ങള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

No comments:

Discuss