Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 15 February 2012

നഗരസഭ: പോര് മുറുകുന്നു

കോഴിക്കോട്: ചൊവ്വാഴ്ച നഗരസഭാ കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷം ഭരണ-പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള പോരിന് തീപടര്‍ത്തി.
മേയറെ കൗണ്‍സില്‍ ഹാളില്‍ ഗ്ളാസ് കൊണ്ട് എറിഞ്ഞതില്‍ പ്രതിഷേധിച്ച്  വ്യാഴാഴ്ച ഉച്ചവരെ ഹര്‍ത്താലാണെന്ന് ഇടതുനേതാക്കള്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച ഉടന്‍ യു.ഡി.എഫ് നേതാക്കള്‍

കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വൈകുന്നേരം വരെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.എസ്. സത്യഭാമയുടെ വീട് ആക്രമിച്ചതില്‍  പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹര്‍ത്താല്‍.
കൗണ്‍സില്‍ യോഗത്തില്‍ സ്ഥിരമായി ബഹളമുണ്ടാക്കി തീരുമാനങ്ങള്‍ വൈകിപ്പിച്ച് നഗരവികസനം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് യു.ഡി.എഫിന്‍േറതെന്ന് ഇടതു നേതാക്കള്‍ കുറ്റപ്പെടുത്തി. മേയര്‍ക്കെതിരെ ആക്രമണം  ചരിത്രത്തില്‍ ആദ്യമാണ്. എന്നാല്‍, സഭയില്‍ ഭരണപക്ഷത്തെ എതിര്‍ത്തതിന് കൗണ്‍സിലറുടെ വീട് ആക്രമിച്ച സംഭവം ചരിത്രത്തില്‍ ആദ്യമാണെന്ന് യു.ഡി.എഫ് തിരിച്ചടിച്ചു.
 കുറെകാലമായി കൗണ്‍സില്‍ യോഗത്തില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും പ്രതിപക്ഷം ഗൗനിക്കുന്നില്ല.  ശുചീകരണ തൊഴിലാളികളെ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്നതിനുള്ള അജണ്ട വന്നപ്പോള്‍ ബഹളമുണ്ടാക്കി അത് തടയാനായിരുന്നു പ്രതിപക്ഷ ശ്രമം. സി.പി.എമ്മുകാരെ തിരുകിക്കയറ്റാന്‍ നോക്കുന്നുവെന്ന് പറഞ്ഞാണ് ബഹളംവെച്ചത്. ശുചീകരണം തടസ്സപ്പെടാതിരിക്കാന്‍ നിലവിലുള്ള രീതി തുടരുക മാത്രമാണ്  നഗരസഭ ചെയ്തത്. മേയര്‍ക്കെതിരായ ആക്രമണം ഗൗരവമായി കാണും. യു.ഡി.എഫ് നിലപാട് മാറ്റുന്നില്ളെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. മേയറെ ആക്രമിച്ചതിനെതിരെ നഗരസഭാ നിയമപ്രകാരം നിയമ നടപടിയെടുക്കുന്ന കാര്യം ആലോചിക്കുമെന്നും എല്‍.ഡി.എഫ് നേതാക്കള്‍  പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് മുഹമ്മദലിയുടെ കോളറില്‍ സി.പി.എം വനിതാ കൗണ്‍സിലര്‍ പിടികൂടിയതായി യു.ഡി.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. കോടതിയുടെ പരിഗണനയിലുള്ള ശുചീകരണ തൊഴിലാളി നിയമനം ബഹളത്തിലൂടെ  പാസാക്കിയെടുത്തു. പ്രതിപക്ഷം ആക്രമിച്ചുവെന്ന സഹതാപ തരംഗം സൃഷ്ടിച്ച് ജനശ്രദ്ധ തിരിക്കാനാണ് നീക്കം.  മാര്‍ച്ച് 20ന് നഗരസഭാ ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. സത്യഭാമ എറിഞ്ഞുവെന്ന് പറയുന്ന മേയര്‍ നുണപരിശോധനക്ക് തയാറാകണം. സത്യഭാമ അതിന് തയാറാണെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, സി.പി.എം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം. മോഹനന്‍, സൗത് ഏരിയാ സെക്രട്ടറി കാനങ്ങോട്ട് ഹരിദാസന്‍, നോര്‍ത് ഏരിയാ സെക്രട്ടറി പി. ലക്ഷ്മണന്‍, കെ.എന്‍. അനില്‍കുമാര്‍, പി.കെ. നാസര്‍, അഡ്വ. എം.പി.സൂര്യ നാരായണന്‍, പി.ടി. ആസാദ് എന്നിവര്‍ ഇടതുമുന്നണി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
യു.ഡി.എഫ് വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, പ്രതിപക്ഷ നേതാവ് അഡ്വ. എം.ടി.പത്മ, ഉപനേതാവ് കെ.മുഹമ്മദലി, എം.എ.റസാഖ് മാസ്റ്റര്‍, മനയത്ത് ചന്ദ്രന്‍, കെ. മൊയ്തീന്‍കോയ, സജീഷ്ബാബു, പി. ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Discuss