
കോഴിക്കോട്: പ്രസാസികളുടെ പുനരധിവാസ പദ്ധതികള്‍ക്കായിരിക്കും 12-ാം പദ്ധതി ചര്‍ച്ചയില്‍ മുഖ്യപരിഗണന നല്‍കുകയെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്ന നടപടികളിലേക്കാണ് പല ഗള്‍ഫ് രാജ്യങ്ങളും നീങ്ങുന്നത്. അതുകൊണ്ടുതന്നെ ഗള്‍ഫില്‍ നിന്നും മടങ്ങിവരുന്ന പ്രവാസി മലയാളികള്‍ക്കായി പെന്‍ഷനും മറ്റു ക്ഷേമപദ്ധതികളും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. വിവിധ പ്രവാസി സംഘടനകളുടെയും കേരള പത്ര പ്രവര്‍ത്തക യൂണിയന്റെയും ആഭിമുഖ്യത്തില്‍ 'പ്രവാസികള്‍ക്കായി മാധ്യമങ്ങള്‍' മാധ്യമ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി. ജോസഫ്.
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികളുടെ എണ്ണത്തെ സംബന്ധിച്ച് നിലവില്‍ സര്‍ക്കാറിന് കൃത്യമായ ധാരണയില്ലെന്ന് പറഞ്ഞ മന്ത്രി പ്രവാസികളുടെ കണക്കെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും വ്യക്തമാക്കി. വിസ തട്ടിപ്പ്, സ്‌പോണ്‍സര്‍ഷിപ്പ് തട്ടിപ്പ് എന്നിവ സര്‍ക്കാര്‍ പരസ്യങ്ങളെ അവഗണിച്ച് എങ്ങനെയും ഗള്‍ഫിലേക്കെത്താനുള്ള ശ്രമങ്ങളുടെ ഫലമായാണ് സംഭവിക്കുന്നതെന്നും മന്ത്രി ഓര്‍മപ്പെടുത്തി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പരാജയമാണെന്ന് കേരള പ്രവാസിസംഘം പ്രസിഡന്റ് പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. പ്രവാസികള്‍ ആധുനിക ലോകത്തെ അടിമകളാണ്. ജോലിതേടി പോകുന്നവരുടെ ജീവിതം സുരക്ഷിതമാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും പി.ടി. കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു.
എന്നാല്‍, പി.ടി. കുഞ്ഞുമുഹമ്മദിനെ തിരുത്തിക്കൊണ്ട്, പ്രവാസികള്‍ക്കായി ഇടപെടുമ്പോള്‍ നയതന്ത്രബന്ധംകൂടി കണക്കിലെടുക്കേണ്ടിവരുമെന്നും ഗള്‍ഫില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ന്യൂനപക്ഷമാണെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഗള്‍ഫില്‍ മലയാളികള്‍ത്തന്നെ 20 ലക്ഷത്തോളമുണ്ട്. അതുകൊണ്ടുതന്നെ വിവരശേഖരണത്തില്‍ പല പരിമിതികള്‍ നേരിടേണ്ടിവരുന്നു. പ്രവാസികള്‍ക്കായി സമഗ്ര കുടിയേറ്റ നിയമം ആലോചനയിലുണ്ടെന്നും കെ.സി. ജോസഫ് പറഞ്ഞു.
കേരള പ്രസ്സ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.സി. രാജഗോപാല്‍, നോയല്‍ തോമസ്, റഫീഖ് റാവുത്തര്‍ എന്നിവരും സംസാരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണവും ചര്‍ച്ചയും നടന്നു.
മൈഗ്രന്റ് ഫോറം ഇന്‍ ഏഷ്യ, നോര്‍ക്ക റൂട്ട്‌സ്, എച്ച്.എം.എസ്., കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മാധ്യമക്യാമ്പ് നടക്കുന്നത്. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
No comments:
Post a Comment