
കോഴിക്കോട്: 'ജനശ്രീ'യും 'കുടുംബശ്രീ'യും യോജിക്കാവുന്ന മേഖലകളില്‍ യോജിച്ച് ജനസേവനത്തിനായി പ്രയത്‌നിക്കണമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി നിര്‍ദേശിച്ചു.
'ജനശ്രീ'യും 'കുടുംബശ്രീ'യും ശത്രുക്കളല്ല. കുടുംബശ്രീക്ക് തുടക്കംകുറിച്ചത് യു.ഡി.എഫ്. സര്‍ക്കാറാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.
ജനശ്രീ മിഷന്റെ അടുത്ത എട്ടുവര്‍ഷത്തെ പദ്ധതിരേഖ മിഷന്‍ 2020 പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കടപ്പുറത്ത് നടന്ന പ്രഖ്യാപനസമ്മേളനത്തിലേക്ക് ജനസഹസ്രങ്ങളാണ് ഒഴുകിയെത്തിയത്.
പാവപ്പെട്ടവരെ സേവിക്കുന്ന മേഖലയില്‍ പ്രധാനപ്പെട്ടതാണ് മൈക്രോ ഫിനാന്‍സ്. ജനശ്രീ ഏറ്റെടുത്തു നടത്തുന്നത്. ശ്രദ്ധേയമായ കാര്യമാണ്. ദാരിദ്ര്യനിര്‍മാര്‍ജനം യു.പി.എ. സര്‍ക്കാറിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. എന്നാല്‍ പണംകൊണ്ടുള്ള കളി ജാഗ്രത പുലര്‍ത്തേണ്ടതാണ്. പ്രസ്ഥാനങ്ങള്‍ വളരുന്നതനുസരിച്ച് സാമ്പത്തിക അച്ചടക്കവും പാലിക്കണം. ജനശ്രീ സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണം -ആന്റണി പറഞ്ഞു.
നാടിന്റെ വികസനം സര്‍ക്കാര്‍മാത്രം വിചാരിച്ചാല്‍ നടപ്പാക്കാന്‍ കഴിയുന്നതല്ല. സര്‍ക്കാറേതിര സന്നദ്ധ സംഘടനകളുടെ സേവനം അതിനാവശ്യമാണ്. നല്ല സേവനങ്ങള്‍ നടക്കുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. ജനശ്രീ നാലുവര്‍ഷംകൊണ്ട് മഹത്തായ സേവനങ്ങള്‍ ചെയ്ത് വളരുന്നു എന്നത് അഭിമാനാര്‍ഹമായ കാര്യമാണെന്നും ആന്റണി പറഞ്ഞു.
സി.കെ. മേനോന് പദ്ധതിരേഖ കൈമാറിയാണ് എ.കെ. ആന്റണി ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. ജനശ്രീമിഷന്‍ ചെയര്‍മാന്‍ എം.എം. ഹസ്സന്‍ അധ്യക്ഷത വഹിച്ചു. 'സന്തുഷ്ടകുടുംബം, സമൃദ്ധ കേരളം' എന്നതാണ് അടുത്ത എട്ടുവര്‍ഷത്തെ ജനശ്രീയുടെ കര്‍മപരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജസംരക്ഷണത്തിന് ജനശ്രീയുമായി സഹകരിച്ച് കര്‍മപരിപാടിക്ക് സംസ്ഥാനസര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. കുടുംബശ്രി ഒരു സര്‍ക്കാര്‍ പ്രസ്ഥാനമാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കാന്‍ സമ്മതിക്കില്ലെന്നും പഞ്ചായത്ത് വകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു.
മന്ത്രിമാരായ കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, വി.എസ്. ശിവകുമാര്‍, എം.പി.മാരായ പി.സി. ചാക്കോ, എം.കെ. രാഘവന്‍, ശശി തരൂര്‍, എം.ഐ. ഷാനവാസ്, കെ.പി.സി.സി. ജനറല്‍സെക്രട്ടറി പി. ശങ്കരന്‍, കെ.സി. അബു, ബി.എസ്. ബാലചന്ദ്രന്‍, ലതികാ സുഭാഷ്, സതീശന്‍ പാച്ചേനി, വി.വി പ്രകാശ്, ടി. സിദ്ദിഖ്, ജനശ്രീ ജില്ലാ ചെയര്‍മാന്‍ എന്‍. സുബ്രഹ്മണ്യന്‍, സെക്രട്ടറി മില്ലിമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനശ്രീ പ്രവര്‍ത്തകര്‍ എത്തിയതോടെ കോഴിക്കോട് ബീച്ച് ജനസമുദ്രമായി.
ഉച്ചയ്ക്ക് മൂന്നുമണിക്ക് നടന്ന ഉദ്ഘാടനപരിപാടിയില്‍ പൊള്ളുന്ന വെയിലിനെ വക വെക്കാതെയാണ് സ്ത്രീകള്‍ അടക്കമുള്ള ജനാവലി അണിചേര്‍ന്നത്.
No comments:
Post a Comment