
റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന് ശാസ്ത്രീയ വീക്ഷണത്തോടെ കര്‍മപരിപാടികള്‍ തയ്യാറാക്കി നടപ്പാക്കണമെന്ന് നാറ്റ്പാക് സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു. ഗതാഗത രംഗത്തെ വിദഗ്ധരും എന്‍ജിനീയര്‍മാരും സന്നദ്ധ സംഘടനാ പ്രതിനിധികളും സെമിനാറില്‍ പങ്കെടുത്തു.
സമ്പൂര്‍ണമായ ആസൂത്രണത്തോടുകൂടി ഡിസൈനര്‍ റോഡുകള്‍ നിര്‍മിക്കണമെന്നും സ്വകാര്യ വാഹനങ്ങളുടെ അനിയന്ത്രിതമായ പെരുപ്പം തടയുന്നതിന് പൊതു വാഹനഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സെമിനാറില്‍ ആവശ്യമുയര്‍ന്നു.
റോഡു നന്നാക്കുക എന്നാല്‍ വീതികൂട്ടുക മാത്രമല്ലെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ.എ.അച്യുതന്‍ പറഞ്ഞു. ഡിസൈന്‍ ചെയ്ത് റോഡ് നിര്‍മിക്കുകയാവണം ലക്ഷ്യം. പണ്ടത്തെപ്പോലെയല്ല, ഭാരം കൂടിയ വലിയ വാഹനങ്ങളാണ് റോഡിലൂടെ ഓടുന്നത്. പഴയ രീതിയിലുള്ള റോഡ് നിര്‍മിച്ചാല്‍ അത് ഉടന്‍ തകരും. റോഡുനിര്‍മാണത്തില്‍ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റോഡുനിര്‍മാണത്തിനായി വയല്‍ നികത്തലും ജലാശയം തൂര്‍ക്കലും വേണ്ടിവരുന്ന സാഹചര്യത്തില്‍ തൂണുകളില്‍ സ്ഥാപിക്കുന്ന റോഡുകള്‍ക്ക് പരിഗണന നല്കാവുന്നതാണ്. കാലത്ത് ഒന്‍പതുമണി മുതല്‍ 11 വരെയുള്ള റോഡിലെ തിരക്ക് ഒഴിവാക്കാന്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തേണ്ടതാണ്. റോഡുകളില്‍ കുഴി പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ റിപ്പയര്‍ ചെയ്യാന്‍ മൊബൈല്‍ യൂണിറ്റുകള്‍ ഉണ്ടാക്കണം. പഴയ റോഡുകളിലെ അടിസ്ഥാനം ബലപ്പെടുത്തി ടാര്‍ചെയ്തശേഷമേ വാഹനങ്ങള്‍ കടത്തിവിടാവൂ. റോഡുകളുടെ ദിശയും ചിഹ്നങ്ങളും രേഖപ്പെടുത്തിയ സൈന്‍ ബോര്‍ഡുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണം. ജങ്ഷനുകളില്‍ പോലും വാഹനം പാര്‍ക്കുചെയ്യുന്ന രീതി കര്‍ശന നടപടികളിലൂടെ തടയണം. നഗരത്തിലെ ഓവുചാലുകള്‍ ശാസ്ത്രീയമായി ബന്ധപ്പെടുത്തി വെള്ളക്കെട്ടിന്റെ പ്രശ്‌നം പരിഹരിക്കാം. കാല്‍നടക്കാര്‍ക്ക് റോഡില്‍ പരിഗണന നല്‍കണം. യാത്രയ്ക്ക് സൗകര്യപ്രദമായ പൊതുവാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മറ്റു വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് നിയന്ത്രിക്കാനാവും. നിരക്കുകൂട്ടിയാലും സൗകര്യയാത്ര നഗരവാസികള്‍ ഇഷ്ടപ്പെടും. വാഹനമോടിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും 'ഗതാഗത വിദ്യാഭ്യാസം' നല്കണമെന്നും ഡോ.എ.അച്യുതന്‍ ആവശ്യപ്പെട്ടു.
നാറ്റ്പാക് തുടങ്ങിയ സ്ഥാപനങ്ങള്‍ ഗതാഗത രംഗത്ത് പല ഗവേഷണങ്ങളും നടത്തുന്നുണ്ടെങ്കിലും റോഡ് നിര്‍മിക്കുന്ന മരാമത്തുവകുപ്പില്‍ അത്തരം കാര്യങ്ങളൊന്നും നടക്കുന്നില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത എ.പ്രദീപ്കുമാര്‍ എം.എല്‍.എ. പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നാല്‍പതിനായിരം കോടിരൂപയുടെ പ്രത്യേക ഫണ്ടില്‍ റോഡ് നവീകരണ പദ്ധതി ആവിഷ്‌കരിച്ചിരുന്നെങ്കിലും അതിനു തുടര്‍ച്ചയുണ്ടായില്ല. റോഡ് ഫണ്ട് ബോര്‍ഡ്, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളെക്കൊണ്ട് വായ്പയെടുപ്പിച്ച് പണം കണ്ടെത്തുകയായിരുന്നു പദ്ധതി. കോഴിക്കോട്ടെ നിരവധി റോഡുപദ്ധതികള്‍ അതിലുള്‍പ്പെടുത്തിയിരുന്നു. അടുത്ത ബജറ്റില്‍ ഇക്കാര്യം പരിഗണിക്കണമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. സിറ്റിറോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി ആവിഷ്‌കരിച്ച് മൂന്നര വര്‍ഷമായിട്ടും മുടങ്ങിക്കിടപ്പാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള തടസ്സങ്ങള്‍ പല സ്ഥലങ്ങളിലും റോഡുപദ്ധതിക്ക് തടസ്സമാകുന്നതായും എം.എല്‍.എ.പറഞ്ഞു. റോഡ്ഫണ്ട് ബോര്‍ഡിന്റെ തലപ്പത്ത് എന്‍ജിനീയറിങ് അറിയാത്തവരെ ഇരുത്തിയിരിക്കുന്നതാണ് പദ്ധതികള്‍ അട്ടിമറിക്കപ്പെടാന്‍ കാരണമെന്നും അദ്ദേഹം.
പൊതു നിരത്തുകളില്‍ അച്ചടക്കവും ക്ഷമയുമില്ലത്തതാണ് മിക്ക റോഡപകടങ്ങളുടെയും കാരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. 90 ശതമാനം അപകടങ്ങളും മനുഷ്യന്‍ സൃഷ്ടിക്കുന്നതാണ്. ഗതാഗതരംഗത്ത് അവബോധമുണ്ടാക്കാനായി സിറ്റിട്രാഫിക് സ്റ്റേഷനില്‍ ആറുലക്ഷം രൂപചെലവില്‍ ഒരു ട്രാഫിക് എജ്യുക്കേഷന്‍ മ്യൂസിയം സ്ഥാപിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. നാറ്റ്പാക് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.വിജയകുമാര്‍ സ്വാഗതം പറഞ്ഞു. രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എ.അസീസ് പ്രസംഗിച്ചു.
No comments:
Post a Comment