Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 2 February 2012

അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും




കോഴിക്കോടന്‍ അരങ്ങില്‍ ഇനി നാടകത്തിന്റെ വസന്തകാലം. അന്താരാഷ്ട്ര നാടകോത്സവത്തിന് വെള്ളിയാഴ്ച നഗരത്തില്‍ തിരശ്ശീല ഉയരും.മൂന്നുവര്‍ഷമായി തൃശ്ശൂരില്‍ നടന്നുവരുന്ന നാടകോത്സവമാണ് ഇത്തവണ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും വികസിപ്പിച്ചത്.ഇതോടെ നഗരത്തിന് കിട്ടിയത് നാടകങ്ങളിലെ പുതുപ്രവണതകളോട് സംവദിക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള തിയേറ്റര്‍ രീതികള്‍ പരിചയപ്പെടാനുമുള്ള അവസരമാണ്.ഫിബ്രവരി മൂന്നുമുതല്‍ എട്ടുവരെ ടാഗോര്‍ സെന്റിനറി ഹാളിലാണ് നാടകോത്സവം അരങ്ങേറുക. ഇംഗ്ലീഷ്,തമിഴ്, സംസ്‌കൃതം, ഹിന്ദി ഭാഷകളിലുള്ള നാടകങ്ങളാണ് അരങ്ങിലെത്തുന്നത്.

അരങ്ങില്‍ ആദ്യം മംഗാനിയര്‍


രാജസ്ഥാന്‍ നാടോടി സംഗീത പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കലാരൂപമായ മംഗാനിയര്‍ സംഗീത പരിപാടിയോടെയാണ് നാടകോത്സവത്തിന്റെ അരങ്ങുണരുക. രൂപയാന്‍ സന്‍സ്ഥാനിലെ കലാകാരന്മാരാണ് നാടോടി സംഗീതവുമായെത്തുന്നത്. ജയ്‌സാല്‍മീര്‍, ബാര്‍മര്‍ ജില്ലകളിലെ പരമ്പരാഗത മുസ്‌ലിം ഗായകരാണ് മംഗാനിയര്‍. കമായിച്ച എന്ന സംഗീതോപകരണം മീട്ടിയാണ് ഇവര്‍ പാടുന്നത്. രാജസ്ഥാനിലും പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലും കാണപ്പെടുന്ന സംഗീതോപകരണമാണിത്. രാജസ്ഥാനിലെ ധനികകുടുംബങ്ങളില്‍ മംഗളകര്‍മങ്ങളെല്ലാം പൂര്‍ണമാവുന്നത് മംഗാനിയര്‍ സംഗീതത്തോടെയാണ്. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശമാണ് ഇവര്‍ പങ്കുവെക്കുന്നത്. രൂപയാന്‍ സന്‍സ്ഥാനിന്റെ സെക്രട്ടറി കുല്‍ദീപ് കോത്താരിയാണ് സംഗീതപരിപാടിയുടെ സംവിധായകന്‍.


മൊളഗാപൊടി മുതല്‍ വാട്ടര്‍ സ്റ്റേഷന്‍ വരെ


ഫിബ്രവരി നാലിന് തമിഴ്‌നാടകമായ മൊളഗാപൊടി അവതരിപ്പിക്കും. ചെന്നൈയില്‍ നിന്നുള്ള കട്ടിയാക്കരി നാടകസംഘം അവതരിപ്പിക്കുന്ന നാടകം ശ്രീജിത്ത് സുന്ദരമാണ് സംവിധാനം ചെയ്തത്. തമിഴിലെ എല്ലുറപ്പുള്ള എഴുത്തുകാരി പാമയുടെ കഥയെ ആസ്​പദമാക്കി തയ്യാറാക്കിയ നാടകം സമൂഹത്തിലെ അനീതികള്‍ക്കുനേരേ വിരല്‍ ചൂണ്ടുന്നു.അഞ്ചിന് ആഫ്റ്റര്‍ ലൈഫ് ഓഫ് ബേര്‍ഡ്‌സ് എന്ന ഇംഗ്ലീഷ് നാടകം അരങ്ങിലെത്തും. യുദ്ധം, ദേശീയത, വംശീയത എന്നിവയുമായി ബന്ധപ്പെട്ട വ്യത്യസ്ത നിലപാടുകളാണ് ഈ ഇന്ത്യന്‍ നാടകം ചര്‍ച്ചചെയ്യുന്നത്. ബാംഗ്ലൂര്‍ ഇന്ത്യന്‍ എന്‍സെമ്പിളിന്റെ നാടകം അഭിഷേക് മജുംദാറാണ് സംവിധാനം ചെയ്തത്.


ആറിന് ഇംഗ്ലീഷ് നാടകമായ ഇന്റര്‍വ്യൂ അവതരിപ്പിക്കപ്പെടും. പ്രധാനപ്പെട്ട ഒരു ജോലിക്കുവേണ്ടി അഭിമുഖത്തിനു ക്ഷണിക്കപ്പെടുന്ന ചെറുപ്പക്കാരനെയാണ് ഈ നാടകം ചിത്രീകരിക്കുന്നത്. 2011ലെ നാലു മഹീന്ദ്ര തിയേറ്റര്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ നേടിയ നാടകമാണിത്. മികച്ചനാടകം, നടന്‍, സപ്പോര്‍ട്ടിങ് ആക്ടര്‍, രംഗസജ്ജീകരണം എന്നീ അവാര്‍ഡുകളാണ് നാടകം നേടിയത്. മുംബൈയില്‍നിന്നുള്ള അക്വാരിയസ് പ്രൊഡക്ഷന്‍സ് ആണ് ആകര്‍ഷ് ഖുരാന സംവിധാനം ചെയ്ത നാടകം അരങ്ങിലെത്തിക്കുന്നത്.


ഏഴിന് മിസോറം ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് 'എ മിഡ്‌സമ്മര്‍ നൈറ്റ്‌സ് ഡ്രീം' അരങ്ങിലെത്തിക്കും.

പ്രതിബന്ധങ്ങളെയെല്ലാം അതിജീവിക്കുന്ന യഥാര്‍ഥപ്രണയത്തിന്റെ കഥയാണ് നാടകം പറയുന്നത്. ഏതന്‍സാണ് കഥാ പശ്ചാത്തലം. ദൗലത്ത് വൈദാണ് നാടകമൊരുക്കിയത്.ഏറെ ശ്രദ്ധനേടിയ ശങ്കര്‍ വെങ്കിടേശ്വരന്റെ 'ദി വാട്ടര്‍ സ്റ്റേഷ'ന്റെ അവതരണത്തോടെ നാടകോത്സവത്തിനു തിരശ്ശീല വീഴും. തൃശ്ശൂര്‍ തിയേറ്റര്‍ റൂട്ട്‌സ് ആന്‍ഡ് വിങ്‌സ് ആണ് നിശ്ശബ്ദ നാടകമായ വാട്ടര്‍‌സ്റ്റേഷന്‍ അവതരിപ്പിക്കുന്നത്.

പ്രതിഭകള്‍ക്ക് പ്രണാമം


നാടകാചാര്യന്‍ കെ.ടി മുഹമ്മദിന്റെ പേരില്‍ തയ്യാറാക്കിയ നാടകോത്സവവേദിയില്‍ രണ്ട് അരങ്ങുകളുണ്ടാവും. മുല്ലവീട്ടില്‍ അബ്ദുറഹ്മാന്റെ പേരിലുള്ള ഓപ്പണ്‍സ്റ്റേജും ശാന്താദേവിയുടെ പേരിലുള്ള രണ്ടാം അരങ്ങും. ശാന്താദേവിയുടെ പേരിലുള്ള വേദിയിലാണ് നാടകാവതരണം നടക്കുക. മുല്ലവീട്ടില്‍ അബ്ദുറഹ്മാന്റെ പേരിലുള്ള തുറന്നവേദിയില്‍ നാടകപ്രവര്‍ത്തകരെ ആദരിക്കലും മറ്റും നടക്കും.70 വയസ്സ് തികഞ്ഞ 60 നാടകപ്രവര്‍ത്തകരെയാണ് ആദരിക്കുന്നത്.


പ്രവേശനം പാസ് മുഖേന


സൗജന്യ പാസ് മുഖേനയാണ് ഹാളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുക.ഇതിനുള്ള പാസുകള്‍ നേരത്തേ വിതരണം ചെയ്തുകഴിഞ്ഞു. നാടകാവതരണം 6.30ന് തുടങ്ങും. 6.30നുശേഷം ഹാളില്‍ പ്രവേശനം അനുവദിക്കില്ല.


ഫെസ്റ്റിവല്‍ ബുക്ക്


40 നാടകകൃത്തുക്കളുടെ രചനകള്‍ ചേര്‍ത്തുള്ള കൊളാഷാണ് ഫെസ്റ്റിവല്‍ ബുക്ക്. കോഴിക്കോട്ടുകാരായ പ്രമുഖരുടെ നാടകങ്ങളുടെയെല്ലാം ഭാഗങ്ങള്‍ ഇതില്‍ ഇടംപിടിക്കും.ഫെസ്റ്റിവല്‍ ബുക്ക് യു.എ ഖാദര്‍ പ്രകാശനം ചെയ്യും. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ മികച്ച നടന്‍ അതുല്‍ പുസ്തകം ഏറ്റുവാങ്ങും. 107 നാടകപ്രവര്‍ത്തകരാണ് നാടകത്തിന്റെ വസന്തകാലം വിരിയിച്ചെടുക്കാന്‍ നഗരത്തിലെത്തുക. എല്ലാവര്‍ക്കും നഗരത്തിന്റെ സ്‌നേഹോപഹാരം നല്‍കും.അടുത്ത ബെല്ലോടുകൂടി നാടകം തുടങ്ങുകയാണ്...

No comments:

Discuss