
കോഴിക്കോട്: ഫറോക്ക് പുറ്റെക്കാടിന് സമീപം കൈതോലി, ബാലത്തില്‍പടി നിലം മേഖലയില്‍ വ്യാപകമായി പാടം മണ്ണിട്ട് നികത്തുന്നു. ഏക്കര്‍കണക്കിന് വയലുകളാണ് ഇവിടെ ചെറുഭാഗങ്ങളാക്കി നികത്തുന്നത്. ബാലത്തില്‍ പടിനിലത്ത് രണ്ടാം ശനി ദിനത്തിലെ വയല്‍ നികത്താനുള്ള ശ്രമം നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങള്‍ തടഞ്ഞു.
അമ്പലങ്ങാടി-പുറ്റെക്കാട് റോഡിനേക്കാളും ഉയരത്തില്‍ കരിങ്കല്‍കെട്ട് ഉയര്‍ത്തിയാണ് ഇവിടെ നികത്തല്‍ നടക്കുന്നത്. ഇതിനാല്‍ ചെറിയ മഴപെയ്താല്‍പോലും റോഡ് വെള്ളത്തിനടിയിലാകുന്ന സ്ഥിതിയാണ്. കൂടുതല്‍ സ്ഥലങ്ങള്‍ റോഡിനേക്കാള്‍ ഉയരത്തില്‍ നികത്താന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നികത്തല്‍ തുടര്‍ന്നാല്‍ മഴക്കാലത്ത് വീടുകളില്‍ വെള്ളം കയറുന്നതിനാല്‍ ഒഴിഞ്ഞുപോകേണ്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
വയല്‍ നികത്തുന്നതും റോഡിനേക്കാള്‍ ഉയരത്തില്‍ മണ്ണിടുന്നതും തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നല്ലൂരങ്ങാടി ഭാഗത്ത് നിന്ന് വടക്കുനാട് പുഴയിലേക്ക് മഴവെള്ളം ഒഴുകിപ്പോവുന്ന കൈതോലി തോട് പരിപാലനമില്ലാതെ വശങ്ങള്‍ ഇടിഞ്ഞും മാലിന്യം നിറഞ്ഞും ഒഴുക്ക് നിലച്ചത് പ്രദേശത്ത് ഇപ്പോള്‍ മഴക്കാലത്ത് വെള്ളക്കെട്ടിനിടയാക്കുന്നുണ്ട്. മഴവെള്ളം സംഭരിക്കപ്പെട്ടിരുന്ന വയലുകള്‍ കൂടി നികത്താന്‍ തുടങ്ങിയതോടെ വരുന്ന വര്‍ഷക്കാലത്ത് പ്രദേശം ഒന്നാകെ വെള്ളത്തിനടിയിലാകും.
നികത്താന്‍ ആവശ്യമായ രേഖകളില്ലാതെയാണ് പ്രദേശത്ത് മിക്ക വയലുകളും നികത്തിയിരിക്കുന്നത്. പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ക്ക് തുടര്‍ച്ചയായി അവധിവരുന്ന അവസരങ്ങളില്‍ നിരവധി ലോറികള്‍ ഒന്നിച്ചുപയോഗിച്ചാണ് നികത്തല്‍ നടക്കുന്നത്. ബാലത്തില്‍പടി ഭാഗത്ത് ശനിയാഴ്ച വയല്‍ നികത്തിയ സ്ഥലം ഉടമയോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതായി പഞ്ചായത്തംഗം സി.പി. ശാരദ അറിയിച്ചു.
No comments:
Post a Comment