Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 27 February 2012

കപ്പലിന് വിലക്ക് നീട്ടി

കപ്പലിന് വിലക്ക് നീട്ടി
കൊച്ചി/കൊല്ലം: ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ വെടിവെച്ചു കൊന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ തീരത്ത് എത്തിച്ച ഇറ്റാലിയന്‍ കപ്പല്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുവരെ തീരം വിടാന്‍ അനുവദിക്കരുതെന്ന് ഹൈകോടതി. തിങ്കളാഴ്ച
വൈകുന്നേരം വരെയെന്ന സമയപരിധി ജസ്റ്റിസ് വി. രാംകുമാര്‍, ജസ്റ്റിസ് കെ. ഹരിലാല്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നീട്ടുകയായിരുന്നു. അതിനിടെകപ്പലില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം വിശദപരിശോധനക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കയച്ചു.
 മരിച്ച തൊഴിലാളികളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി പരിഗണിച്ചാണ് കപ്പല്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുവരെ തീരം വിടാന്‍ അനുവദിക്കരുതെന്ന് ഹൈകോടതിഉത്തരവ്. കോടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവര്‍ വെവ്വേറെ നല്‍കിയ ഹരജികളില്‍ 25 ലക്ഷം രൂപ വീതം സെക്യൂരിറ്റി തുക അടക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. വെടിയേറ്റ് മരിച്ച കൊല്ലം മുതാക്കര സ്വദേശി വാലന്റൈന്റെയും (സെലസ്റ്റിന്‍) കന്യാകുമാരി സ്വദേശി അജീഷ് പിങ്കിന്റെയും ബന്ധുക്കള്‍ തുക കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ ഹരജി നല്‍കിയത്.
ഫസ്റ്റ് അപ്പീല്‍ എഗന്‍സ്റ്റ് ഓര്‍ഡര്‍ (എഫ്.എ.ഒ) എന്ന വിഭാഗത്തില്‍പ്പെടുത്തിയാണ് ഹരജി നല്‍കിയതെങ്കിലും മിസലേനിയസ് ഫസ്റ്റ് അപ്പീലാണ് (എം.എഫ്.എ) ഇവയെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടര്‍പരിഗണനക്ക് കേസ് ബന്ധപ്പെട്ട ഡിവിഷന്‍ബെഞ്ചിന് കൈമാറാനും നിര്‍ദേശിച്ചു.
വന്‍ തുകക്കുള്ള അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള കപ്പല്‍, വെടിയേറ്റ് മരിച്ചവര്‍ക്കും മറ്റും കോടികള്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചു. തോന്നിയതുപോലെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മരിച്ചവരുടെ ബന്ധുക്കള്‍ കോടതിയിലെത്തുന്നതെന്ന് കപ്പല്‍ 'എന്റിക ലെക്സി'ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.
ബോട്ടുടമയും നഷ്ടപരിഹാരം തേടി വന്നിട്ടുണ്ടെന്നും ഇനിയും പലരും വരുമെന്നും അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ രണ്ടുപേരെയല്ലേ വെടിവെച്ചു കൊന്നുള്ളൂവെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കപ്പലിനുനേരെ വരുന്ന ബോട്ടുകള്‍ വേഗം കൂട്ടുന്നത് അക്രമകാരികളായതുകൊണ്ടല്ലെന്നും വല സംരക്ഷിക്കാന്‍ വേണ്ടി തൊഴിലാളികള്‍ സ്വമേധയാ ചെയ്യുന്നതാണെന്നുമുള്ള അറിയിപ്പ് അടുത്ത ദിവസമാണ് മുംബൈയിലെ എം.ആര്‍.സി.സിയില്‍ നിന്ന് ലഭിച്ചതെന്ന് കപ്പലിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കടല്‍ക്കൊള്ളക്കാരുടെ അക്രമമാണെന്ന് സംശയിച്ചാല്‍ വെടിവെക്കലാണ് മറ്റ് മാര്‍ഗമെന്നും പറഞ്ഞു.
കവിയറ്റ് ഹരജി സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ ഹരജിയില്‍ ആവശ്യപ്പെടുന്ന തുക കെട്ടിവെക്കാന്‍ കപ്പലുടമ ബാധ്യസ്ഥനാണെന്ന് ഹരജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമെ കപ്പല്‍ പോര്‍ട്ട ് ട്രസ്റ്റിന്റെ പരിധിയില്‍നിന്ന് മാറ്റാനുള്ള സമ്മര്‍ദം ചെറുക്കാന്‍ പറ്റൂവെന്ന്  പോര്‍ട്ട് ട്രസ്റ്റ് കോടതിയെ അറിയിച്ചു. മറ്റ് അസൗകര്യങ്ങളും സമ്മര്‍ദങ്ങളുമുണ്ടായാല്‍ കപ്പല്‍ പരിധിയില്‍നിന്ന് വിട്ടുകൊടുക്കുകയല്ലാതെ മാര്‍ഗമില്ല. കപ്പല്‍ പോര്‍ട്ട്ട്രസ്റ്റ് പരിധി വിട്ടാല്‍ രക്ഷപ്പെട്ടുപോകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍, ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മറ്റ് കപ്പലുകള്‍ക്കുള്ള പരിഗണന മാത്രം ഇതിനും നല്‍കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മറ്റ് ഉത്തരവുകള്‍ പുറപ്പെടുവിക്കാനും കോടതി വിസമ്മതിച്ചു. അപ്പീല്‍ ഹരജികള്‍ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അടങ്ങുന്ന ബെഞ്ചിന്റെ പരിഗണനക്ക് ചൊവ്വാഴ്ച എത്തും.
വെടിയേറ്റ് മരിച്ചവരുടെ ഹരജിയില്‍ 25 ലക്ഷം വീതം നഷ്ടപരിഹാരത്തിന് ബാങ്ക് ഗാരന്റി സമര്‍പ്പിക്കാന്‍ കപ്പലുടമക്കായില്ല. രണ്ട് ഹരജിക്കാര്‍ക്കും വേണ്ടി കെട്ടിവെക്കാനുള്ള 25 ലക്ഷത്തിന്റെ വീതം ഡ്രാഫ്റ്റുമായി രജിസ്ട്രാറെ സമീപിച്ചെങ്കിലും ബാങ്ക് ഗാരന്റിക്കാണ് കോടതി ഉത്തരവിട്ടതെന്നും അതുതന്നെ സമര്‍പ്പിക്കണമെന്നും  രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ഇതിന് സമയം  വേണ്ടിവരുമെന്ന് കപ്പലുടമയുടെ അഭിഭാഷകന്‍ അറിയിച്ചു.
തുടര്‍ന്ന് ഡ്രാഫ്റ്റാണ് സമര്‍പ്പിക്കുന്നതെന്ന് കാട്ടി  ഒരു ഹരജികൂടി സമര്‍പ്പിക്കാന്‍  രജിസ്ട്രാര്‍ നിര്‍ദേശിച്ചു. പിന്നീട് പ്രത്യേക ഹരജികള്‍ തയാറാക്കി കപ്പലുടമ കോടതിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. കോടതി അനുവദിച്ചാല്‍ ഡ്രാഫ്റ്റായിത്തന്നെ തുക കെട്ടിവെക്കനാകും. അല്ലാത്തപക്ഷം മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബാങ്ക് ഗാരന്റി തന്നെ കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതരാകും. ഡ്രാഫ്റ്റ് സമര്‍പ്പിക്കുന്നതിന് അനുമതി തേടുന്ന ഹരജി   ചൊവ്വാഴ്ച കോടതി പരിഗണിക്കും.
കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്ന ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡോണി തോമസ് വര്‍ഗീസ് ആണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ വിശദപരിശോധനക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കയച്ചത്.
തിങ്കളാഴ്ച രാവിലെ 10.20 ഓടെയാണ് ആയുധങ്ങളടങ്ങുന്ന നാല് പെട്ടികള്‍ കൊച്ചിയില്‍നിന്ന് പൊലീസ് കൊല്ലം കോടതിയില്‍ എത്തിച്ചത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഓഫിസില്‍ കൊണ്ടുവന്ന് തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ സൂക്ഷിച്ച പെട്ടികള്‍ ഉച്ചയോടെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തുറന്നു. യന്ത്രത്തോക്കുകളടക്കം പുറത്തെടുത്ത് എണ്ണിത്തിട്ടപ്പെടുത്തി.  പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സീല്‍ചെയ്ത് 2.30 ഓടെ ഫോറന്‍സിക് ലാബിലേക്ക് കൊണ്ടുപോകുന്നതിനായി പൊലീസിന് കൈമാറി. പെട്ടിയിലുള്ള ആയുധങ്ങളുടെ വിവരങ്ങളടങ്ങുന്ന മുദ്രവെച്ച കവറും ഇതോടൊപ്പം കൈമാറി.
ആയുധങ്ങളുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ പൊലീസിന് അന്വേഷണ സംഘം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് തോക്കുകളുമായെത്തിയ പൊലീസ് സംഘത്തോടൊപ്പം ഇറ്റാലിയന്‍ പ്രതിനിധി ഫ്രാന്‍സിസ്കോ മറീനയും ഉണ്ടായിരുന്നു. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ തോക്കുകളുടെ പരിശോധന ബാലിസ്റ്റിക് വിദഗ്ധര്‍ ബുധനാഴ്ച ആരംഭിക്കുമെന്നാണ് സൂചന.

No comments:

Discuss