Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 25 January 2012

ദേഹം മടങ്ങി; വാക്കുകള്‍ ബാക്കി

ദേഹം മടങ്ങി; വാക്കുകള്‍ ബാക്കി
പയ്യാമ്പലത്ത് സുകുമാര്‍ അഴീക്കോടിന്‍െറ ചിതക്ക് മൂത്ത മരുമകന്‍ രാജേഷ് തീകൊളുത്തുന്നു
കണ്ണൂര്‍: ദേഹം മടങ്ങി; സാഗരഗര്‍ജ്ജനംപോലെ ഒരായിരം വാക്കുകളുടെ അലയൊലി ശേഷിപ്പിച്ച്. വാക്കുകളെ അഗ്നിയാക്കി മാറ്റിയ മലയാളിയുടെ സ്വന്തം സുകുമാര്‍ അഴീക്കോടിന്‍െറ ഭൗതിക ദേഹം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍
കണ്ണീര്‍ത്തിരകളോടെ  സാഗരം സാക്ഷിയായി. ആയിരങ്ങള്‍ നിറകണ്ണുകളോടെ വിടചൊല്ലി. പയ്യാമ്പലം കടലോരത്തെ ശ്മശാനത്തില്‍ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെ കണ്ണൂരിലെത്തിച്ച മൃതദേഹം ആദ്യം മഹാത്മാ മന്ദിരത്തിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. അതിരാവിലെ തന്നെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി കെ.സി. ജോസഫ് എന്നിവരെത്തി. എട്ടുമണിയോടെ അന്ത്യോപചാരം അര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് വര്‍ധിക്കാന്‍ തുടങ്ങി. ഇതോടെ മന്ത്രിമാരുടെ നേതൃത്വത്തില്‍ മൃതദേഹം ടൗണ്‍ സ്ക്വയറിലേക്ക് മാറ്റി. നേതാക്കളും സാധാരണക്കാരും ഉള്‍പ്പെടെയുള്ളവര്‍ പ്രവഹിച്ചതോടെ ടൗണ്‍ സ്ക്വയര്‍ തിങ്ങിനിറഞ്ഞു. അന്ത്യോപചാരമര്‍പ്പിക്കാനെത്തിയവരുടെ നീണ്ട നിര ടൗണ്‍ സ്ക്വയറും കടന്ന് റോഡിലേക്ക് ഏറെ നീണ്ടു. ഒടുവില്‍ രണ്ടു നിരയായി കടത്തിവിട്ടാണ്  തിരക്ക് നിയന്ത്രിച്ചത്.ആത്മവിദ്യാ സംഘത്തിന്‍െറ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനക്കുശേഷമാണ് 11 മണിയോടെ ടൗണ്‍ സ്ക്വയറില്‍ നിന്ന് വിലാപയാത്രയായി  മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയത്.
പൊലീസ് വാഹനത്തില്‍ നീങ്ങിയ അഴീക്കോടിന്‍െറ  ചേതനയറ്റ ശരീരത്തെ നേതാക്കളും സാധാരണക്കാരും ഉള്‍പ്പെട്ട പൗരാവലി കാല്‍നടയായി അനുഗമിച്ചു. കണ്ണൂര്‍ നഗരത്തിലൂടെ ഒരു മണിക്കൂര്‍ നേരം കൊണ്ട് വിലാപയാത്ര പയ്യാമ്പലത്ത് എത്തി. പയ്യാമ്പലത്തും വന്‍ജനക്കൂട്ടം  കാത്തുനില്‍പുണ്ടായിരുന്നു. മൃതദേഹം ചിതയിലേക്ക് വെച്ചശേഷം പൊലീസ് ഒൗദ്യോഗിക ബഹുമതികള്‍ അര്‍പ്പിച്ചു. ബ്യൂഗിളില്‍ നിന്നുതിര്‍ന്ന ശോകരാഗത്തില്‍ ജനക്കൂട്ടം മൗനികളായി. ശേഷം ഹൈന്ദവ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. അനന്തരവന്മാരായ മനോജ്, രാജേഷ് എന്നിവര്‍ക്കൊപ്പം ഡ്രൈവറും സന്തത സഹചാരിയുമായ സുരേഷും ചേര്‍ന്ന് ചിതക്ക് തീ കൊളുത്തി.
മലയാണ്മയുടെ വാഗ്ഭടന്‍െറ ഭൗതികശരീരം സാഗരതീരത്ത് എരിഞ്ഞടങ്ങി. നട്ടുച്ചവെയിലിലും അഴീക്കോടിനെ യാത്രയാക്കാന്‍ കൂടിനിന്ന ജനക്കൂട്ടം പിരിയുമ്പോഴും ചിതയിലെ കനല്‍ അണഞ്ഞിരുന്നില്ല. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രിമാരായ കെ.പി. അനില്‍കുമാര്‍, എം.കെ. മുനീര്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖര്‍ അറിവിന്‍െറ അതുല്യപ്രതിഭക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.

Discuss