Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 31 January 2012

പരിസ്ഥിതിയില്‍ തെളിവെടുപ്പ്‌






കോഴിക്കോട്: ജില്ലയിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ വിശദമായി പഠിച്ച് പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കായുള്ള നിയമസഭാസമിതി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കളക്ടറേറ്റില്‍ നടന്ന സിറ്റിങ്ങില്‍ പരാതികള്‍ സ്വീകരിച്ച് തീര്‍പ്പുണ്ടാക്കിയ ശേഷം നഗരത്തിലെ പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് കമ്മിറ്റി നേരിട്ടിറങ്ങി. ചെയര്‍മാന്‍ സി.പി.മുഹമ്മദ് എം.എല്‍.എ.യും അംഗങ്ങളും എം.എല്‍.എ.മാരായ ടി.എ. അഹമ്മദ് കബീര്‍, എ.എം. ആരിഫ് എന്നിവരുമുള്‍പ്പെട്ട സമിതി മെഡിക്കല്‍ കോളേജ്, നഗരച്ചിറ, ഞെളിയന്‍പറമ്പ്, കല്ലായിപ്പുഴ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.


റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം

ജില്ലയിലെ പ്രധാന പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഒരാഴ്ചയ്ക്കകം സമഗ്ര

റിപ്പോര്‍ട്ട് നല്‍കുമെന്ന് സിറ്റിങ്ങില്‍ കളക്ടര്‍ ഡോ. പി.ബി. സലീം ഉറപ്പു നല്‍കി. കൈയേറ്റം മൂലം നദികളുടെ വിസ്തീര്‍ണം കുറയുന്ന സാഹചര്യത്തില്‍ ജില്ലയിലെ നദികളുടെ വിസ്തീര്‍ണം അളന്ന് തിട്ടപ്പെടുത്തി റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

മുന്‍കാലങ്ങളില്‍ നദികളുടെ വിസ്തീര്‍ണത്തെപ്പറ്റിയുള്ള രേഖകളുമായി പുതിയ റിപ്പോര്‍ട്ട് ഒത്തുനോക്കുകയും ചെയ്യും. പുഴകളിലും മറ്റുമുള്ള മലിനീകരണത്തെപ്പറ്റി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.


കുന്നിടിക്കല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കളക്ടര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ടാകും. ജില്ലയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളും നേരിട്ട് കണ്ട കാഴ്ചകളും അടിസ്ഥാനപ്പെടുത്തി പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നിയമസഭാ കമ്മിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. സ്വീകരിക്കേണ്ട ശുപാര്‍ശകളും ഇതിലുണ്ടാകും.


സ്തംഭനത്തിലായ മലിനജല ശുദ്ധീകരണ പ്ലാന്റ്

മെഡിക്കല്‍ കോളേജില്‍ നിര്‍മിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് ഒന്നര വര്‍ഷത്തോളമായി പ്രവര്‍ത്തിക്കാതെ കിടക്കുന്നതില്‍ നിയമസഭാ സമിതി ആശ്ചര്യം രേഖപ്പെടുത്തി.

മായനാടുള്ള മലിനജല ടാങ്ക് കണ്ടശേഷമാണ് സമിതി അംഗങ്ങള്‍ കോളേജ് കാമ്പസിലെ പ്ലാന്റിലെത്തിയത്. അഞ്ചേമുക്കാല്‍ കോടി രൂപ ചെലവിട്ട് നിര്‍മിച്ച പ്ലാന്റ് പ്രവര്‍ത്തിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അംഗങ്ങള്‍ വിലയിരുത്തി. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മലിന ജലം ശുദ്ധീകരിച്ച് കനോലി കനാലിലേക്ക് ഒഴുക്കുന്നതിനാണ് നിലവില്‍ പദ്ധതിയുള്ളത്. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പുമൂലം ഇത് നടപ്പായിട്ടില്ല. ശുദ്ധീകരിക്കുന്ന ജലം മെഡിക്കല്‍ കോളേജില്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതയാണ് സമിതി തേടിയത്. ഇതിന് പുതിയ പദ്ധതി ആവശ്യമാണെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.രവീന്ദ്രന്‍ മറുപടി നല്‍കി. പ്ലാന്റ് പ്രവര്‍ത്തിക്കാതെ കിടക്കുന്നത് ഗൗരവമേറിയ പ്രശ്‌നമാണെന്ന് സി.പി.മുഹമ്മദ് വ്യക്തമാക്കി. വെള്ളം മെഡിക്കല്‍ കോളജില്‍ത്തന്നെ ഉപയോഗിക്കുന്നതിനുള്ള ശുപാര്‍ശയാകും വിഷയത്തില്‍ സമിതി നല്‍കാനിടയുള്ളത്. മായനാട് സന്ദര്‍ശിച്ചപ്പോള്‍ നാട്ടുകാരുടെ പരാതി കേള്‍ക്കാനും സമിതി അംഗങ്ങള്‍ സമയം കണ്ടെത്തി.


മെഡിക്കല്‍ കോളേജിലെ രണ്ട് ഇന്‍സിനേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ സമിതിയെ അറിയിച്ചു. ഐ.എം.എ.യുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


കൊതുകുവളര്‍ത്തല്‍ കേന്ദ്രമായ നഗരച്ചിറ

സരോവരത്തിന്റെ സമീപത്തെ നഗരച്ചിറ അക്വയര്‍ ചെയ്യുന്നതിന് ശുപാര്‍ശ ചെയ്യുമെന്ന് സമിതി വ്യക്തമാക്കി. പൊതു ആവശ്യങ്ങള്‍ക്ക് നഗരച്ചിറയെ ഉപയോഗപ്പെടുത്തണം.

3.35 ഏക്കര്‍ തണ്ണീര്‍ത്തടം നഗരത്തില്‍ ലഭിക്കുന്നത് തന്നെ ഭാഗ്യമാണെന്ന് ടി.എ. അഹമ്മദ് കബീര്‍ പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിന് 12 കോടി വേണ്ടി വരുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.


സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള നഗരച്ചിറയെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. കൊതുകുവളര്‍ത്തല്‍ കേന്ദ്രമായാണ് നഗരച്ചിറയെ സമിതി വിശേഷിപ്പിച്ചത്.


ഞെളിയന്‍പറമ്പില്‍ ആധുനികീകരണം വേണം

സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഞെളിയന്‍പറമ്പിലെത്തിയപ്പോഴേക്കും മാസ്‌ക്കുമായി ജീവനക്കാര്‍ കാത്തു നിന്നിരുന്നു. മാലിന്യസംസ്‌കരണത്തിന്റെ രൂക്ഷഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നിരുന്നതിനാല്‍ ടി.കെ. അഹമ്മദ് കബീര്‍ കാറില്‍ നിന്നിറങ്ങിയില്ല. എന്നാല്‍ സി.പി മുഹമ്മദ് എല്ലായിടത്തും കയറിയിറങ്ങി. പഴയതുപോലുള്ള പ്രശ്‌നങ്ങള്‍ ഞെളിയന്‍പറമ്പിലില്ലെന്ന് അധികൃതര്‍ എം.എല്‍.എ.യെ ധരിപ്പിച്ചു. സംസ്‌കരണം ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഞെളിയന്‍ പറമ്പില്‍ നിലവില്‍ സംസ്‌കരണം നടക്കുന്നുണ്ടെങ്കിലും ദുര്‍ഗന്ധം അസഹനീയമാണെന്ന് സി.പി.മുഹമ്മദ് വ്യക്തമാക്കി. മാലിന്യ സംസ്‌കരണത്തിന് ആധുനികീകരണം ആവശ്യമാണെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കറുത്ത കല്ലായിപ്പുഴ

തെളിവെടുപ്പിന്റെ അവസാനമാണ് സമിതി അംഗങ്ങള്‍ കല്ലായിപ്പുഴയോരത്ത് എത്തിയത്. പുഴ കൈയേറ്റവും മലിനീകരണവും അംഗങ്ങള്‍ നേരിട്ടു കണ്ടു ബോധ്യപ്പെട്ടു. കല്ലായി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരായ ഫൈസല്‍ പള്ളിക്കണ്ടി, എസ്.കെ. കുഞ്ഞുമോന്‍, ഒ.ലത്തീഫ്, പി.പി. ഉമ്മര്‍കോയ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ആസ്​പത്രികളില്‍ നിന്ന് മാലിന്യം പുഴയിലേക്കൊഴുക്കുന്നതായി മനസ്സിലായിട്ടുണ്ടെന്ന് സി.പി.മുഹമ്മദ് പറഞ്ഞു. മാലിന്യങ്ങള്‍ പുഴയെ ദുഷിപ്പിച്ചിരിക്കുന്നു. കല്ലായി പ്പുഴയിലെ മലിനീകരണത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് അദ്ദേഹം ആവശ്യപ്പെട്ടു. സമിതി സെക്രട്ടറി രാധാകൃഷ്ണന്‍നായര്‍, എ.ഡി.എം. കെ.പി.രമാദേവി, റവന്യൂ-കോര്‍പ്പറേഷന്‍ -മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കളക്ടറേറ്റില്‍ സിറ്റിങ്ങില്‍ ജില്ലാ കളക്ടര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു.

Discuss