Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 22 January 2012

ഇനി എ.ടി കുതിപ്പ്‌




തിരുവന്തപുരവും കൊച്ചിയും പോലെ കോഴിക്കോടും ഇനി ഐ.ടി.ഭൂപടത്തിലേക്ക്. മലബാറിന്റെ ഐ.ടി.കേന്ദ്രമായി സൈബര്‍പാര്‍ക്ക് മാറുമ്പോള്‍ പുതിയ ഒരു വികസനക്കുതിപ്പിലേക്കാണ് ജില്ല ചുവടുവെക്കുന്നത്. കോഴിക്കോട് മലബാറിന്റെ ഐ.ടി.നിക്ഷേപ മേഖലയാക്കി മാറ്റുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. ഇന്‍ഫോ പാര്‍ക്കും ടെക്‌നോപാര്‍ക്കും പോലെ മലബാറിന്റെ ഒരു .... ഐ.ടി.സ്വപ്നത്തിനാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ സോഫ്റ്റ്‌വേര്‍ ഡെവലപ്പ്‌മെന്റ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനത്തോടെ മുഖ്യമന്ത്രി ശിലയിട്ടത്.

മൂന്ന് ഐ.ടി. കമ്പനികള്‍ യു.എല്‍. സൈബര്‍ പാര്‍ക്കിന്റെ ക്വിക്ക് സ്‌പേസില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുകയാണ്. കമ്പനികള്‍ക്ക് കെട്ടിടം കൈമാറിക്കഴിഞ്ഞു. ജൂണില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിന്റെ കോമണ്‍ ഫെസിലിറ്റി സെന്ററിലും പുതിയ കമ്പനികളെത്തും. മൂന്ന് ബഹുരാഷ്ട്ര കമ്പനികളടക്കം 20 ഐ.ടി. സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഇപ്പോഴേ സന്നദ്ധമായിട്ടുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം കെട്ടിടം പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ കമ്പനികളെത്തും. അയ്യായിരത്തിലധികം ആളുകള്‍ക്ക് ഒരേസമയത്ത് ജോലി ചെയ്യാവുന്ന പത്ത് നിലകളിലുള്ള 2.60 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മിക്കാന്‍ പോവുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.

മുഖ്യമന്ത്രി കഴിഞ്ഞദിവസം ശിലാസ്ഥാപനം നിര്‍വഹിച്ച യു.എല്‍. സൈബര്‍ പാര്‍ക്കിന്റെ സോഫ്റ്റ്‌വേര്‍ ഡെവലപ്പ്‌മെന്റ് കെട്ടിടത്തിലും ഒരേസമയം 5027 ഐ.ടി. പ്രൊഫഷണലുകള്‍ക്ക് ജോലിചെയ്യാനുള്ള സൗകര്യമുണ്ടാവും. യു.എല്‍. സൈബര്‍ പാര്‍ക്കിന്റെ രണ്ടാംഘട്ടത്തില്‍ ഇരുപതിനായിരം ഐ.ടി. പ്രൊഫഷണലുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊണ്ടയാട് ബൈപ്പാസിനോട് ചേര്‍ന്ന് പൊന്നേങ്കോട് കുന്നില്‍ 68 ഏക്കറിലാണ് രണ്ട് സൈബര്‍ പാര്‍ക്കുകളും ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ പത്തേക്കറില്‍ താഴെ ഭൂമി മാത്രമേ നിര്‍മാണത്തിനായി ഉപയോഗപ്പെടുത്തുന്നുള്ളൂ.യു.എല്‍ സൈബര്‍ പാര്‍ക്കില്‍ 25 ഏക്കറില്‍ 3.1 ദശലക്ഷം ചതുരശ്ര അടിയും സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ നാല് ദശ ലക്ഷത്തിലധികം ചതുരശ്ര അടിയും കെട്ടിടം പണിയാനായി മാത്രം മാറ്റിവെച്ചിരിക്കുകയാണ്. ഈ ഭൂമി മുഴുവന്‍ സ്ഥാപനങ്ങള്‍ ഉയരുമ്പോള്‍ ഒരു പക്ഷേ, കേരളത്തിലെ മറ്റ് രണ്ട് ഐ.ടി.നഗരങ്ങളെയും കോഴിക്കോട് പിന്നിലാക്കുന്ന കാലം വിദൂരമാവില്ല.
വിമാനത്താവളവുമായി ഏറ്റവും അടുത്ത പ്രദേശത്താണ് ഐ.ടി.പാര്‍ക്കുകള്‍ ആരംഭിക്കുന്നതെന്നാണ് കോഴിക്കോടിന് അനുകൂലമായ കാര്യം. മറ്റു നഗരങ്ങളെ അപേക്ഷിച്ച് ജീവിതച്ചെലവ് കുറവാണെന്നത് കോഴിക്കോട്ടേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ കാരണമാവുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
ഇപ്പോള്‍ത്തന്നെ കാക്കഞ്ചേരിയിലെ കിന്‍ഫ്ര പാര്‍ക്കിലും നഗരത്തിന്റെ പലഭാഗങ്ങളിലുമായി 25 ഐ.ടി. കമ്പനികളുണ്ട്. ഇതില്‍ കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന നാല് കമ്പനികളില്‍ ഓരോന്നിലും 80 ജീവനക്കാരുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കെല്ലാം പുറമെയാണ് സൈബര്‍ പാര്‍ക്കുകളിലേക്ക് ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കടന്നുവരുന്നത്.
കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിന്റെ കീഴിലാണ് കാസര്‍കോട്ടെ ചീമേനിയിലും കണ്ണൂരിലും മലപ്പുറം ജില്ലയിലും ഐ.ടി. പാര്‍ക്കുകള്‍ ആരംഭിക്കുന്നത്. മലപ്പുറത്ത് അരീക്കോട്-മഞ്ചേരി-ഊട്ടി റോഡില്‍ അന്‍പത് ഏക്കര്‍ സ്ഥലത്താണ് ഐ.ടി.പാര്‍ക്ക് ആരംഭിക്കാന്‍ ആലോചിക്കുന്നത്.

ബൈപ്പാസിനോട് ചേര്‍ന്ന് മറ്റൊരു നഗരം


സൈബര്‍ പാര്‍ക്കുകളുടെ വരവോടെ രാമനാട്ടുകര മുതല്‍ തൊണ്ടയാട് വരെ മറ്റൊരു നഗരം രൂപപ്പെടാനുള്ള സാധ്യത തെളിയുകയാണ്. വന്‍കിട ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, നിരവധി വ്യാപാര സ്ഥാപനങ്ങളും പാര്‍പ്പിട സമുച്ചയങ്ങളുമാണ് ബൈപ്പാസിന്റെ ഓരത്തായി ഉയരാന്‍ പോവുന്നത്. ഇതിനു പുറമെ ഐ.ടി. പഠന സ്ഥാപനങ്ങളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ബൈപ്പാസ് കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ നാല് ഏക്കറില്‍ വാണിജ്യ സമുച്ചയമൊരുങ്ങുന്നുണ്ട്. ഇവിടെ ഹോട്ടലുകളും ആസ്​പത്രികളും ആരംഭിക്കാന്‍ പലരും ഇപ്പോഴേ അനുമതി തേടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ക്രസ്റ്റ് അവരുടെ സ്ഥാപനം തുടങ്ങാന്‍ അനുമതി ചോദിച്ച് കഴിഞ്ഞു. പത്ത് വര്‍ഷം കൊണ്ട് ബൈപ്പാസ് മറ്റൊരു വ്യാപാര ഇടനാഴിയായി മാറുമെന്നാണ് പ്രതീക്ഷ.

റിയല്‍ എസ്റ്റേറ്റുകാരും കെട്ടിട നിര്‍മാതാക്കളുമെല്ലാം ഇപ്പോഴേ ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

സൃഷ്ടിക്കുന്നത് ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍


ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെയും സര്‍ക്കാറിന്റെയും സൈബര്‍ പാര്‍ക്കുകള്‍ പൂര്‍ത്തിയാവുമ്പോള്‍ രണ്ടുവര്‍ഷം കൊണ്ട് തന്നെ അന്‍പതിനായിരത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. പതിനായിരം ഐ.ടി. പ്രൊഫഷണലുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമ്പോള്‍ അനുബന്ധമായി നാല്‍പതിനായിരം ആളുകള്‍ക്കുകൂടി ഇവിടെ തൊഴിലവസരമുണ്ടാകും. സൈബര്‍ പാര്‍ക്കുകളുടെ രണ്ടാംഘട്ടം പൂര്‍ത്തിയാവുന്നതോടെ ഇത് ഒരു ലക്ഷം കവിയുമെന്ന് സൈബര്‍ പാര്‍ക്ക് പ്രോജ്ക്റ്റ് മാനേജര്‍ പ്രദീപ് എച്ച്. നായര്‍ പറയുന്നു. ഓഫീസ് ജീവനക്കാര്‍, ഐ.ടി.പ്രാഫഷണലുകളെ അവരുടെ ഷിഫ്റ്റ് കഴിയുമ്പോള്‍ വീടുകളിലെത്തിക്കാനുള്ള ഡ്രൈവര്‍മാര്‍, ഭക്ഷണം വിതരണം ചെയ്യുന്നവര്‍, ബില്‍ഡിങ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, സൈബര്‍ പാര്‍ക്കുകളിലെ ക്ലീനിങ് തൊഴിലാളികള്‍, പൂന്തോട്ടം പരിചരിക്കുന്നവര്‍, മറ്റു കച്ചവടക്കാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി നിരവധി തൊഴില്‍ സാഹചര്യങ്ങളാണുള്ളത്.

ഈ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ പ്രയോജനവും നഗരത്തിനാണ് ലഭിക്കുന്നത്. ആയിരക്കണക്കിന് ഐ.ടി. പ്രാഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവരുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ചെലവഴിക്കപ്പെടുക നഗരത്തില്‍ തന്നെയായിരിക്കും. ബാങ്കുകള്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും. അനുബന്ധ തൊഴില്‍ ലഭിക്കുന്ന നല്ലൊരു ശതമാനം ആളുകളുടെ ജീവിത നിലവാരത്തിലും വലിയ മാറ്റമുണ്ടാവും.
മാലിന്യമില്ലാത്ത വ്യവസായമാണ് ഐ.ടി. എന്നതുകൊണ്ട് മറ്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടില്ല എന്ന പ്രയോജനവും ഇതുകൊണ്ടുണ്ട്. സൈബര്‍ പാര്‍ക്കുകളുടെ മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയായിക്കഴിയുമ്പോള്‍ വലിയൊരു മാറ്റത്തിന് തന്നെ നഗരം സാക്ഷിയാവും. പക്ഷേ, സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ കുരുക്കുകളില്‍ നിന്നും രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞാല്‍ സൈബര്‍ പാര്‍ക്കുകള്‍ കോഴിക്കോടിന് ഒരു വലിയ നേട്ടമായി മാറും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യുടെ ശ്രമം കൂടി ഇത്തരമൊരു സാധ്യത കോഴിക്കോടിന് നേടിത്തന്നതിനു പിന്നിലുണ്ട്.

Discuss