Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 9 January 2012

സ്‌റ്റേഡിയം ഗ്രൗണ്ടോ വയലോ?




കോഴിക്കോട്: പൂതേരി വയല്‍ പേര് മാറിയാണ് കോര്‍പ്പറേഷന്‍ സ്റ്റേഡിയമായി മാറിയത്. സ്റ്റേഡിയമായപ്പോള്‍ പച്ചപ്പ് നിറഞ്ഞ ഗ്രൗണ്ടും ഗാലറിയും സ്വന്തമായിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലെ ഇപ്പോഴത്തെ ഗ്രൗണ്ട് കണ്ടാല്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും കോര്‍പ്പറേഷന്‍ അധികൃതരുമല്ലാത്തവര്‍..........

നെഞ്ചത്ത് കൈവെക്കും. പഴയ പൂതേരി വയലിന്റെ അതേ അവസ്ഥ. ഇന്ത്യയിലെ മികച്ച ദേശീയ ഫുട്‌ബോള്‍ വേദിക്കുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ സമ്മാനം നേടിയ ഗ്രൗണ്ടാണ് പരിചരണം ഇല്ലാതെ തകര്‍ന്നത്.

കൊറിയയില്‍ നിന്ന് കൊണ്ടു വന്ന പച്ചപുല്ല് കരിഞ്ഞ് ഇല്ലാതായ മൈതാനത്ത് മത്സരം നടക്കുമ്പോള്‍ ഉയരുന്നത് പൊടിയാണ്. ഏഴ് വര്‍ഷം മുമ്പ് സ്റ്റേഡിയം നവീകരിച്ച് തുറക്കുമ്പോള്‍ ആരും ദുഃസ്വപ്നങ്ങളില്‍പ്പോലും കാണാത്ത കാഴ്ചയാണിപ്പോള്‍ സ്റ്റേഡിയം കളിയാസ്വാദകര്‍ക്ക് നല്‍കുന്നത്.


നവീകരണത്തിനായി ഗ്രാന്‍ഡ് സ്റ്റാന്‍ഡ് പൊളിച്ചപ്പോള്‍ തുടങ്ങിയതാണ് ദുര്‍വിധി. കായിക മത്സരങ്ങള്‍ക്ക് പുറമെ മറ്റ് കലാവിനോദങ്ങള്‍ക്ക് കൂടി സ്റ്റേഡിയം വിട്ടു നല്‍കിയതോടെ പച്ചപിടിച്ചു കിടന്ന മൈതാനത്തിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. കൂറ്റന്‍ സ്റ്റേജുകള്‍ അശാസ്ത്രീയമായി നിര്‍മിച്ചതോടെ ഗ്രൗണ്ടില്‍ കുഴികളും മറ്റും രൂപപ്പെട്ടു. ഇതിനു പുറമെ പരിചരണം നല്‍കേണ്ടവര്‍ പുറം തിരിഞ്ഞു നിന്നതോടെ കേരളത്തിലെ മികച്ച ഫുട്‌ബോള്‍ ഗ്രൗണ്ട് യഥാര്‍ഥത്തില്‍ വയലായി.


ജില്ലാ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി സ്റ്റേഡിയം വിട്ടു നല്‍കുമ്പോഴുണ്ടാക്കിയ ധാരണ പ്രകാരം ഗ്രൗണ്ടിന്റെ പരിചരണം കെ.ഡി.എഫ്.എ.യ്ക്കാണ്. എന്നാല്‍ ഗ്രൗണ്ട് നന്നാക്കാന്‍ പോലും കെ.ഡി.എഫ്.എ.തയ്യാറായിട്ടില്ല. കരിഞ്ഞ പുല്ലുകള്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ മൂലം നാശമായി. മത്സരം നടക്കുമ്പോള്‍ കളിക്കാരെ തിരിച്ചറിയാന്‍ കഴിയാത്ത വിധം പൊടി പൊന്തുന്നത് പതിവാണ്.മൂവായിരം രൂപയ്ക്കാണ് സാധാരണ സ്റ്റേഡിയം അനുവദിക്കാറ്.


ഇത്തവണ പണം വാങ്ങാതെയാണ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന് സ്റ്റേഡിയം ലഭിച്ചത്. വാടക നല്‍കേണ്ട പണത്തിന്റെ ചെറിയ പങ്ക് ഉപയോഗിച്ചാല്‍ ഗ്രൗണ്ടിന്റെ പരിചരണം ഭംഗിയായി നടത്താമെന്നിരിക്കെ പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന തരത്തിലാണ് അസോസിയേഷന്‍ ഭാരവാഹികളുടെ പ്രവൃത്തി. നവീകരണത്തിനായി ഒരു വര്‍ഷം മുമ്പ് പൊളിച്ചിട്ട ഗ്രാന്‍ഡ് സ്റ്റാന്‍ഡിന്റെ പുനര്‍ നിര്‍മാണവും അവതാളത്തിലാണ്.


സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഫിബ്രവരിയില്‍ ഐ ലീഗ് ടീമുകളെ പങ്കെടുപ്പിച്ച് ഇ.കെ.നായനാര്‍ സ്മാരക ഫുട്‌ബോള്‍ മത്സരം നടത്താന്‍ പാര്‍ട്ടി തയ്യാറെടുപ്പ് നടത്തുകയാണ്. ഇപ്പോഴത്തെ തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ മത്സരം നടത്താന്‍ വേറെ സ്റ്റേഡിയം നോക്കേണ്ടി വരും. കായിക മത്സരങ്ങള്‍ക്ക് പുറമെ ഗ്രൗണ്ട് മറ്റ് പരിപാടികള്‍ക്ക് അനുവദിക്കുന്നത് ഗുരുതര പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. രണ്ട് വന്‍ പരിപാടികളാണ് അടുത്തിടെ സ്റ്റേഡിയത്തില്‍ നടന്നത്. ഇതിനായി ഗ്രൗണ്ടില്‍ നിരവധി കുഴികളെടുത്തിരുന്നു.


ഇനിമുതല്‍ ഗ്രൗണ്ട് ഇത്തരം പരിപാടികള്‍ക്ക് അനുവദിക്കില്ലെന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ എ.പ്രദീപ്കുമാര്‍ എം.എല്‍.എ. ഒരു പത്രസമ്മേളനത്തില്‍ വ്യക്തമായിരുന്നു. എന്തായാലും അധികൃതരുടെ അടിയന്തര ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഗ്രൗണ്ട് ലക്ഷങ്ങള്‍ മുടക്കി നവീകരിക്കേണ്ടി വരും.

Discuss