
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ വാര്‍ഡ് നവീകരണം ദുരിതത്തിലാക്കിയത് അഞ്ച്, ആറ് വാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ. വാര്‍ഡിലെ രോഗികളെ ഇപ്പോള്‍ പ്രവേശിപ്പിച്ച സ്ഥലത്തെ അപര്യാപ്തതകളും മറ്റു ചികിത്സാസൗകര്യങ്ങള്‍ കിട്ടാനുള്ള ബുദ്ധിമുട്ടുമാണ് അറുപതോളം സ്ത്രീരോഗികളെ ദുരിതത്തിലാക്കിയത്.
സ്ത്രീകള്‍ക്കുള്ള മെഡിസിന്‍ വാര്‍ഡാണ് അഞ്ചും ആറും. ഈ വാര്‍ഡുകള്‍ നവീകരിക്കുന്നതിനെത്തുടര്‍ന്ന്............
ഇവിടെയുള്ള രോഗികളെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ലേബര്‍ റൂം അനക്‌സിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇവിടെയാകട്ടെ അസൗകര്യങ്ങള്‍ ഏറെയാണ്. മൂന്നു മൂത്രപ്പുരകളുള്ളതില്‍ രണ്ടെണ്ണവും ഉപയോഗശൂന്യമാണ്. ഒരു മൂത്രപ്പുര വേണം അറുപതിലേറെ രോഗികളായ സ്ത്രീകളും അവരെ അവരുടെ കൂടെ നില്‍ക്കുന്ന ബന്ധുക്കളും ഉപയോഗിക്കാന്‍.
രോഗികള്‍ക്ക് മറ്റെന്താവശ്യമുണ്ടെങ്കിലും മെഡിക്കല്‍ കോളേജിന്റെ മെയിന്‍ ബ്ലോക്ക് വരെ പോകണം. സ്‌കാനിങ്, എക്‌സ്‌റേ എന്നിവയ്ക്കായാണ് പ്രധാനമായും രോഗി നേരിട്ട് പോകേണ്ടിവരുന്നത്. കുറച്ചു മുമ്പുവരെ രോഗികള്‍ക്ക് പരിശോധനയ്ക്ക് പോകാന്‍ ആസ്പത്രി ആംബുലന്‍സ് അനുവദിച്ചിരുന്നു. സേവാഭാരതിയുടെ ആംബുലന്‍സും ലഭ്യമാക്കിയിരുന്നു. എന്നാല്‍ ആംബുലന്‍സുകള്‍ ഒന്നിലേറെ ഉണ്ടെങ്കിലും ഒരു ഡ്രൈവര്‍ മാത്രമാണ് പലപ്പോഴുമുണ്ടാവുക. ആദിവാസിരോഗികളുമായി പലപ്പോഴും പോകേണ്ടി വരുന്നതിനാല്‍ ഈ ഡ്രൈവറെ കിട്ടുന്നതും എളുപ്പമല്ല.ഇപ്പോഴാകട്ടെ വല്ലപ്പോഴും കിട്ടാറുള്ള ഈ സഹായംപോലും രോഗികള്‍ക്ക് ലഭ്യമല്ല. ആസ്പത്രി ആംബുലന്‍സ് ഇപ്പോള്‍ അനുവദിക്കാറില്ല. മെഡിക്കല്‍ കോളേജിലേക്ക് പോവാന്‍ രോഗികള്‍ സ്വകാര്യ ആംബുലന്‍സ് വിളിക്കണം. മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍നിന്ന് മെഡിക്കല്‍ കോളേജിന്റെ മെയിന്‍ ബ്ലോക്ക്‌വരെയെത്തിക്കാന്‍ ആംബുലന്‍സുകാര്‍ വാങ്ങുന്നത് 100 രൂപയാണ്. തിരിച്ചെത്താനും ഇത്രതന്നെ പണം കൊടുക്കണം. ഇതിന് കഴിവില്ലാത്തവരാണ് മിക്ക രോഗികളും. രോഗിയെ ട്രോളിയില്‍ കിടത്തി ബന്ധുക്കള്‍ ഉന്തിക്കൊണ്ടുപോയാണ് പലപ്പോഴും മെഡിക്കല്‍ കോളേജിലെത്തിക്കുന്നത്. തുറന്ന അന്തരീക്ഷത്തിലാണ് രോഗിയായ സ്ത്രീയെ ട്രോളിയില്‍ കിടത്തിക്കൊണ്ടുള്ള ഈ യാത്ര. വഴിയരികില്‍ കുലച്ചു നില്‍ക്കുന്ന തെങ്ങില്‍നിന്ന് തേങ്ങ വീണ് അപകടം പറ്റാനുള്ള സാധ്യതവരെയുണ്ട് ഈ യാത്രയില്‍. രോഗി നേരിട്ട് പോവേണ്ടതില്ലാത്ത മറ്റു ലബോറട്ടറി പരിശോധനകള്‍ക്ക് കൂടെ നില്‍ക്കുന്നവരാണ് രണ്ടു കെട്ടിടങ്ങള്‍ക്കുമിടയില്‍ക്കിടന്ന് ഓടേണ്ടിവരുന്നത്.
ഓണത്തിന് മുമ്പ് മാറ്റിയതാണ് ഈ വാര്‍ഡിലെ രോഗികളെ. അഞ്ചാം വാര്‍ഡ് നവീകരണം ഏറെക്കുറേ പൂര്‍ത്തിയായെങ്കിലും ഇവരെ തിരിച്ച് ഇങ്ങോട്ടുതന്നെ മാറ്റുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. മെഡിക്കല്‍ കോളേജിലെ നവീകരണം ഇഴഞ്ഞുനീങ്ങുമ്പോള്‍ മിക്ക വാര്‍ഡുകളിലും രോഗികള്‍ ദുരിതമനുഭവിക്കുന്നുണ്ട്.