പദ്ധതിയുടെ കാലാവധി നീട്ടിക്കിട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകണം. അല്ലാത്തപക്ഷം കോടിക്കണക്കിന് രൂപയുടെ പല പദ്ധതികളും നിശ്ചലമാകും. ഇപ്പോള്‍ തുടക്കം കുറിച്ചവ പലതും......
കടലാസില്‍ മാത്രം ഒതുങ്ങും.
കരാര്‍ പ്രകാരം ജൂണ്‍ മാസത്തിലാണ് കെ.എസ്.യു.ഡി.പി. പദ്ധതിയുടെ കാലാവധി തീരുക. അതിനാല്‍ ഇനി ബാക്കിയുള്ള അഞ്ച് മാസത്തിനുള്ളില്‍ എന്തു ചെയ്യാനാകുമെന്ന ചിന്തയിലാണ് അധികൃതര്‍.
156.45 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് കെ.എസ്.യു.ഡി.പി. പദ്ധതിപ്രകാരം നഗരത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഇതിന്റെ കാല്‍ഭാഗം മാത്രമേ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. പല ബൃഹദ് പദ്ധതികളും ശൈശവഘട്ടത്തിലാണ്. പലതും തുടങ്ങിയിട്ടുപോലുമില്ല.
നഗരത്തിലെ മലിനജല നിര്‍മാര്‍ജനത്തിന് ആക്കം കൂട്ടുന്ന അഴുക്കുചാല്‍ പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. 63 കോടി രൂപയാണിതിന്റെ മതിപ്പുചെലവ്. എന്നാല്‍, ഇത് അഞ്ചു മാസത്തിനിടയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അതുപോലെത്തന്നെയാണ് വെള്ളക്കെട്ട് നിവാരണ പദ്ധതിയുടെ സ്ഥതിയും. അതും അഞ്ചു മാസത്തിനകം ഒന്നുമാകില്ല. ചെറൂട്ടി റോഡ്, ഓയിറ്റി റോഡ്, കോര്‍ട്ട് റോഡ് വികസനം തുടങ്ങിയവയും ഒന്നും ആയിട്ടില്ല. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്ന് ഓയിറ്റി റോഡിലേക്കുള്ള വളവ് നിവര്‍ത്തലും എങ്ങും എത്താതെ കിടക്കുകയാണ്. ലിങ്ക് റോഡ്, കോര്‍ട്ട് റോഡ്, ഓയിറ്റി റോഡ് നവീകരണമായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതിനും തുടക്കം കുറിക്കാനായിട്ടില്ല.
കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ തുടക്കത്തിലാണ് നഗരത്തില്‍ സുസ്ഥിര നഗര വികസന പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. ഇതില്‍ അരയിടത്ത്പാലം മേല്‍പ്പാലം, എരഞ്ഞിപ്പാലം-അരയിടത്ത്പാലം നാലുവരിപ്പാത എന്നിവയാണ് പൂര്‍ത്തീകരിച്ച പദ്ധതികള്‍. 9 കോടി രൂപ ചെലവാക്കിയാണ് അരയിടത്ത്പാലത്ത് മേല്‍പ്പാലം നിര്‍മിച്ചത്. 9.17 കോടി രൂപയില്‍ നാലുവരിപ്പാതയും പൂര്‍ത്തിയാക്കി.
പതിമ്മൂന്ന് ജങ്ഷനുകളുടെ നവീകരണം. പതിനൊന്നു റോഡുകളുടെ നവീകരണം, തെരുവുവിളക്ക് സ്ഥാപിക്കല്‍ എന്നിവയാണ് കെ.എസ്.യു.ഡി.പി. പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതികള്‍, ഇതില്‍ ചില ജങ്ഷനുകളുടെ നവീകരണം ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. പുഷ്പ ജങ്ഷന്‍ പോലെ അടിയന്തര പ്രാധാന്യത്തോടെ വികസിപ്പിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നും ചെയ്തിട്ടില്ല.
അഴുക്കുചാല്‍ പദ്ധതിയും വെള്ളക്കെട്ട് നിവാരണ പദ്ധതിയും തുടക്കത്തില്‍ത്തന്നെ ഇഴഞ്ഞാണ് നീങ്ങിയത്. ഇതിനിടെ പ്രോജക്ട് മാനേജറുടെ മാറ്റവും പദ്ധതി നിര്‍വഹണത്തെ ബാധിച്ചു.
പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചാല്‍ മാത്രമേ തുടക്കം കുറിച്ച പല പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ കഴിയൂ എന്നതാണ് വസ്തുത. അതിനു സര്‍ക്കാര്‍ ശ്രമിക്കണം. അതിനുള്ള സമ്മര്‍ദത്തിലാണ് കോര്‍പ്പറേഷന്‍.