യു.ഡി.എഫിന്റെ കൗണ്‍സിലറായിരുന്ന ജുഗല്‍ബാബുവിന്റെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജുഗല്‍ബാബുവിന്റെ സഹോദരന്‍ സി.എം.സുനില്‍കുമാറാണ് യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത്. എലത്തൂര്‍ പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന്റെ ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന നാലകത്ത് അബ്ദുറഹിമാനെയാണ് എല്‍.ഡി.എഫ്.സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കിയിരിക്കുന്നത്. കോര്‍പ്പറേഷനെതിരായ അഴിമതിയാരോപണങ്ങളും കുടിവെള്ള പ്രശ്‌നം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളുമാണ് പ്രചാരണ വിഷയം. തീരദേശ മേഖലയാണ് ഒന്നാം വാര്‍ഡിന്റെ ഭൂരിഭാഗവും. ഇവിടെ കിണറുകളില്‍ ഉപ്പുവെള്ളമാണ്. പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന ഈ പ്രദേശത്തുകാര്‍ക്ക് കുടിവെള്ളം മുടങ്ങുന്നത് പതിവാണ്. പതിറ്റാണ്ടുകളായുള്ള ഈ പ്രശ്‌നം പരിഹരിക്കപ്പെടാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. കോര്‍പ്പറേഷനെതിരെ ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളെ ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ ജയില്‍വാസവും സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന മറ്റ് വിവാദങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് എല്‍. ഡി. എഫ്. നേരിടുന്നത്.
എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം തന്നെ വാര്‍ഡില്‍ പ്രധാന ചര്‍ച്ചയാണ്. പുറത്താക്കപ്പെട്ടെങ്കിലും ലീഗ് നേതാവായിരുന്നയാള്‍ എല്‍.ഡി.എഫ്.പിന്തുണയോടെ രംഗത്തെത്തിയത് തിരഞ്ഞെടുപ്പ് വാശിയേറാന്‍ കാരണമായിട്ടുണ്ട്. എലത്തൂര്‍ പഞ്ചായത്ത് മെമ്പറായിരുന്നപ്പോള്‍ അബ്ദുറഹ്മാന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുമായാണ് എല്‍.ഡി.എഫ്.ജനങ്ങളെ സമീപിക്കുന്നത്. കഴിഞ്ഞതവണ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിമതനായി മത്സരിച്ചപ്പോള്‍ ഇദ്ദേഹം ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ 890 വോട്ട് നേടിയിരുന്നു. അബ്ദുറഹിമാന് മറുപക്ഷത്തുള്ള വോട്ടുകളും ചോര്‍ന്ന് കിട്ടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കു കൂട്ടല്‍.
എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമാണ് എലത്തൂരിലെ സാഹചര്യമെന്നാണ് യു.ഡി.എഫ്. പറയുന്നത്. കഴിഞ്ഞതവണ ലീഗും കോണ്‍ഗ്രസ്സും തമ്മിലുണ്ടായ തര്‍ക്കമാണ് അബ്ദുറഹിമാന് വോട്ട് ലഭിക്കാന്‍ കാരണമായത്. ഇത്തവണ അബ്ദുറഹ്മാനെ ലീഗില്‍ നിന്ന് പുറത്താക്കി. അത് മാത്രമല്ല മുസ്‌ലിം ലീഗ് യു.ഡി.എഫിന് വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ട്. ഒരാള്‍പോലും എതിര്‍ സ്ഥാനാര്‍ഥിക്കൊപ്പമില്ല. ഒറ്റക്കെട്ടായാണ് തങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നാണ് യു.ഡി.എഫ്.നേതാക്കള്‍ പറയുന്നത്. അതുകൊണ്ട് അബ്ദുറഹിമാന്റെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയാവില്ലെന്നും ഇവര്‍ കരുതുന്നു.
എലത്തൂര്‍ പഞ്ചായത്ത് കോര്‍പ്പറേഷനില്‍ ലയിച്ചപ്പോള്‍ പഞ്ചായത്തിലെ 21, 22, 1 വാര്‍ഡുകളും 20-ാം വാര്‍ഡിന്റെ കുറച്ച് ഭാഗങ്ങളും ചേര്‍ന്നാണ് ഒന്നാം ഡിവിഷന്‍ രൂപവത്കരിച്ചത്. ഒന്നാം ഡിവിഷനില്‍ നിലവില്‍ വന്ന ആദ്യ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥി ജുഗല്‍ബാബു 310 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. എല്‍.ഡി.എഫ്.1510 വോട്ട് നേടിയപ്പോള്‍ യു ഡി.എഫിന് 1820 വോട്ട് ലഭിച്ചിരുന്നു.
എന്‍.വി.സന്തോഷ് (ബി.ജെ.പി.), കെ.ഗഫൂര്‍ (എസ്. ഡി.പി.ഐ.) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. ആറ് സ്വതന്ത്രന്മാരും രംഗത്തുണ്ട്