കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഡെന്‍റല്‍ പി.ജി റസിഡന്‍സ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ബി.ഡി.എസ് വിദ്യാര്‍ഥികളും വേതന വര്‍ധന ആവശ്യപ്പെട്ട് നടത്തുന്ന സമരം 10 ദിവസം പിന്നിട്ടു. പ്രതിദിനം 400 ഓളം രോഗികള്‍ വരുന്ന ദന്താശുപത്രിയുടെ പ്രവര്‍ത്തനം ഇതോടെ....
തീര്‍ത്തും നിശ്ചലമായി. കാഷ്യാലിറ്റിയില്‍പോലും പി.ജി ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല. കൂട്ട അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ കാഷ്യാലിറ്റിയിലെത്തുന്നവര്‍ക്ക് സമരംമൂലം ചികിത്സ ലഭിക്കില്ല. മിക്ക അപകടങ്ങളിലും താടിയെല്ല് പൊട്ടിയും മറ്റും പരിക്കേറ്റെത്തുന്നവരാണ് ഏറെയും. ഇവിടെ ദന്ത ഡോക്ടര്‍മാരുടെ സേവനം അനിവാര്യമാണ്. സമരംമൂലം ഒ.പിയുടെ പ്രവര്‍ത്തനം താളംതെറ്റിയതായി ഡെന്‍റല്‍ കോളജ് അധ്യാപകര്‍ പറഞ്ഞു. രോഗികളെത്തിയിട്ട് കാര്യമില്ല. ചികിത്സിക്കാനും സഹായിക്കാനും പി.ജി ഡോക്ടര്‍മാരും വിദ്യാര്‍ഥികളും വേണം. ഡോക്ടര്‍മാരുടെയും ഹൗസ് സര്‍ജന്‍മാരുടേതുമടക്കം 150 ഓളം പേരുടെ സേവനമാണ് ഡെന്‍റല്‍ കോളജില്‍ 10 ദിവസമായി മുടങ്ങിയത്. റസിഡന്‍റ്സ് ഡോക്ടര്‍മാരുടേതിന് തുല്യമായ വേതനം നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. ന്യായമാണെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും ധനകാര്യ വകുപ്പിന്‍െറ ചുവപ്പുനാടയില്‍ കുടുങ്ങിയതിനാല്‍ ഫയല്‍ നീങ്ങിയിട്ടില്ല.സാധാരണക്കാരായ രോഗികളെയാണ് സമരം ഗുരുതരമായി ബാധിച്ചിരിക്കുന്നത്. 10ദിവസംകൊണ്ട് ഏകദേശം 4000 ത്തോളം രോഗികള്‍ക്കാണ് ചികിത്സ മുടങ്ങിയത്. സ്വകാര്യ ഡെന്‍റല്‍ ക്ളിനിക്കുകളില്‍ വലിയ സാമ്പത്തിക ചെലവുള്ള ചികിത്സകള്‍വരെ ഇവിടെ നാമമാത്രമായ തുകക്ക് ലഭിച്ചിരുന്നു. ദൂരദിക്കുകളില്‍നിന്നുപോലും രോഗികള്‍ മെഡിക്കല്‍ കോളജിനെ ആശ്രയിക്കാറുണ്ട്. മികച്ച ചികിത്സാ സംവിധാനങ്ങളും ഇവിടെയുണ്ട്. സമരംമൂലം എല്ലാം വെറുതെ കിടക്കുകയാണിവിടെ.