
തൃശ്ശൂര്‍: നൂറ്റിപ്പതിനേഴരപ്പവന്റെ സ്വര്‍ണ്ണത്തിടമ്പേന്തി കോഴിക്കോട് തേക്കിന്‍കാടിന്റെ മണ്ണില്‍നിന്ന് ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ജില്ലകള്‍ മുഖാമുഖം നിരന്ന സന്ധ്യയില്‍ ഇനി മലപ്പുറത്ത് കാണാമെന്ന് വിടചൊല്ലി മടക്കം. 810 പോയിന്റോടെയാണ് കോഴിക്കോടിന്റെ തുടര്‍ച്ചയായ ആറാം കിരീടനേട്ടം. മികവില്‍ ഒപ്പത്തിനൊപ്പമെന്ന് തെളിയിച്ച് തൃശ്ശൂരും മലപ്പുറവും തൊട്ടടുത്ത സ്ഥാനങ്ങളിലേക്കെത്തി. 779 പോയിന്റാണ് തൃശ്ശൂരിന്. മലപ്പുറത്തിന് 776 പോയിന്റുകള്‍. കണ്ണൂര്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ നാലാംസ്ഥാനക്കാരായി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് (137) ഒന്നാംസ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബി.എസ്.എസ്.ജി.എച്ച്.എസ്.എസ്സിനാണ് (81) കിരീടം. സംസ്‌കൃത കലോത്സവത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ സ്‌കൂളും (43) അറബിക് കലോത്സവത്തില്‍ പത്തനംതിട്ട ഐരവണ്‍ പി.എസ്.വി.പി.എം.എച്ച്.എസ്.എസ്സും (39) ജേതാക്കളായി. വിജയികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ട്രോഫികള്‍ സമ്മാനിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനായി.
അടുത്ത വേദിയായ മലപ്പുറത്തേക്ക് കലോത്സവപ്പതാക മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് ഏറ്റുവാങ്ങി. തൃശ്ശൂര്‍ മേയര്‍ ഐ.പി. പോള്‍ പതാകക്കൈമാറ്റം നിര്‍വ്വഹിച്ചു.
മന്ത്രിമാരായ എം.കെ. മുനീര്‍, സി.എന്‍. ബാലകൃഷ്ണന്‍, പി.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി.