Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 21 January 2012

കാട്ടുമരുന്നില്‍ കാന്‍സറുമിളകും


കോഴിക്കോട്: ആസാമിലെ കൊടുംകാട്ടില്‍നിന്നുള്ള പ്രഫുല്ല കത്താര്‍ മുതല്‍ വയനാടിന്‍െറ സ്വന്തം ഇ. അച്ചപ്പന്‍ വൈദ്യര്‍വരെ. വയറ്റിലെ കാന്‍സറിനുള്ള മണിപ്പൂരിലെ വള്ളിച്ചെടി ‘ദംദോയ’ തൊട്ട് നീലഗിരി ആദിവാസികളുടെ ‘എനര്‍ജി ഡ്രിങ്ക്’ ‘ഗ്രീന്‍ ടീ’വരെ. നൂറ്റാണ്ടുകളിലൂടെ ഫലസിദ്ധി തെളിയിച്ച രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അപൂര്‍വ ഒൗഷധക്കൂട്ടുകളുമായി ചേവായൂര്‍ കിര്‍ത്താഡ്സ് കാമ്പസിലാണ് വംശീയ വൈദ്യ ദേശീയ ശില്‍പശാലയും പ്രദര്‍ശനവും ആരംഭിച്ചത്.
കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍നിന്നായി സ്ത്രീകളടക്കം 125ലേറെ വംശീയ വൈദ്യന്മാരാണ്...

പ്രത്യേകം തയാറാക്കിയ 30 സ്റ്റാളുകളില്‍ സൗജന്യ ചികിത്സ നടത്തുന്നത്.
അപൂര്‍വ പച്ചമരുന്നുകള്‍ക്കൊപ്പം അവ ഉപയോഗിച്ചുള്ള ഒൗഷധക്കൂട്ടു നിര്‍മാണ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമെങ്കിലും മരുന്നുകള്‍ക്ക് വില നല്‍കണം.
 ശരീരത്തിനും മനസ്സിനും ഉന്മേഷം ലഭിക്കാന്‍ പച്ചമരുന്ന് വെള്ളത്തില്‍ ചൂടാക്കി വയനാട്ടിലെ എം. രാജന്‍വൈദ്യരുടെ നേതൃത്വത്തില്‍ ആവിക്കുളിയും ഒരുക്കിയിട്ടുണ്ട്.
പച്ചമരുന്ന് തൈലങ്ങളിലിട്ട് ഒഡീഷയിലെ കവിരാജ് മാരുടെ തിരുമ്മല്‍ ചികില്‍സയുമാകാം. സന്ധിവേദനക്കുള്ള ‘കിലിഞ്ചാല’ കാട്ടുമരുന്നും കാഴ്ചകൂട്ടാനുള്ള കാരറ്റ് അച്ചാറുമെല്ലാമായാണ് നീലഗിരികുന്നിന്‍നിന്നുള്ള കോട്ട വിഭാഗക്കാരി നീജി സരസ്വതിയുടെ നേതൃത്വത്തിലുള്ള വനിതാ സംഘം എത്തിയത്.
മണിപ്പൂരില്‍ ചാന്ത്പൂര്‍, ചന്തേല്‍ ജില്ലകളിലെ ഗജേന്ദ്രസിങ്ങും സംഘവും പ്രദര്‍ശിപ്പിച്ച പ്രമേഹത്തിനുള്ള ‘തംഷു’ കായ കണ്ടാല്‍ കൈപ്പക്കയാണെന്നേ തോന്നൂ.
മഹാരാഷ്ട്രയിലെ വംശീയ വൈദ്യന്‍ ജാതവ് ഗുരുജി നാഡീരോഗ വിദഗ്ധനാണ്. കര്‍ണാടകത്തില്‍നിന്ന് എത്തിയ ഉത്തര കന്നഡ കൊളുമ്പി വംശക്കാരന്‍ അരുണ്‍ മിറാലാ വൈദ്യരുടെ കൈയില്‍ വൃക്കയിലെ കല്ലിന് ഒറ്റമൂലിയുണ്ട്. ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയയുടെ സഹകരണത്തോടെയുള്ള ശില്‍പശാല സംഗ്രഹാലയ ഡയറക്ടര്‍ ഡോ. കെ.കെ. മിശ്ര ഉദ്ഘാടനം ചെയ്തു.
പ്രദര്‍ശനം 24 വരെ തുടരും. നഗരസഭാ കൗണ്‍സിലര്‍ അനിത കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു. ഡോ. വിനീത മേനോന്‍, ഡോ. ജക്ക പാര്‍ഥസാരഥി എന്നിവര്‍ സംസാരിച്ചു.
 കിര്‍ത്താഡ്സ് ഡയറക്ടര്‍ ഡോ. എസ്. ബിന്ദു സ്വാഗതവും സുധീര്‍ ശ്രീവാസ്തവ നന്ദിയും പറഞ്ഞു. രാവിലെ വിവിധ വിഷയങ്ങളില്‍ സെമിനാറും ഉച്ചക്കുശേഷം പൊതുജനങ്ങള്‍ക്കുള്ള ചികിത്സയുമാണുണ്ടാവുക.

Discuss