എലത്തൂര്‍ : കോര്‍പ്പറേഷനിലെ ഒന്നാംവാര്‍ഡായ എലത്തൂരിലേക്ക് നടന്ന
ഉപതിരഞ്ഞെടുപ്പിന്റെ ഒടുവില്‍ യു.ഡി.എഫ്.-എല്‍.ഡി.എഫ്. സംഘര്‍ഷം. എല്‍.
ഡി.എഫ്. സ്ഥാനാര്‍ഥിക്കും കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കും പരിക്കേറ്റു. ഇരു
വിഭാഗത്തിലുംപെട്ട 26പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍നിന്ന്
പ്രവര്‍ത്തകരെ വിടണമെന്നാവശ്യപ്പെട്ട് രണ്ടുമുന്നണികളുടെയും നേതാക്കള്‍
എലത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ.
ഉള്‍പ്പെടെയുള്ള സി. പി.എം. നേതാക്കള്‍ അര്‍ധരാത്രിവരെയും..... സ്റ്റേഷനില്‍
ഡെപ്യൂട്ടി കമ്മീഷണര്‍ ഡി. സാലിയുമായി ചര്‍ച്ചനടത്തുകയായിരുന്നു.
ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി നാലകത്ത് അബ്ദുറഹിമാനെയും 70-ാം വാര്‍ഡായ ഈസ്റ്റ്ഹില്ലിന്റെ പ്രതിനിധി ടി. കൃഷ്ണദാസിനെയുമാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് വോട്ടെടുപ്പ് അവസാനിക്കാറായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വോട്ടുചെയ്യാനെത്തിയ പെണ്‍കുട്ടികളെ അപമാനിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ യു.ഡി. എഫുകാരെ ചോദ്യം ചെയ്തു. പോലീസ് ഇടപെട്ട് ഇരുവിഭാഗക്കാരെയും പിരിച്ചയച്ചു. തുടര്‍ന്ന്, എല്‍. ഡി. എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറര്‍ പി.പി. മമ്മദ്‌കോയഹാജിയുടെ വീടിനുനേരെ കല്ലേറുണ്ടായി. ഇടതുസ്ഥാനാര്‍ഥി അബ്ദുറഹിമാനെയു.ഡി.എഫ് പ്രകടനത്തിനിടെ ചിലര്‍ മര്‍ദിച്ചു. ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൃഷ്ണദാസിന് മര്‍ദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ അദ്ദേഹം മെഡിക്കല്‍കോളേജ് ആസ്പത്രിയിലാണ്.
സംഘര്‍ഷത്തെത്തുടര്‍ന്ന് കസ്റ്റഡിലെടുത്തവരെ വിടണമെന്നാവശ്യപ്പെട്ട് എലത്തൂര്‍സ്റ്റേഷനുമുന്നില്‍ ധര്‍ണ നടത്തിയ യു.ഡി.എഫ്. പ്രവര്‍ത്തകരെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. യു. ഡി.എഫ്. സ്ഥാനാര്‍ഥി സി.എം. സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. രാത്രി വൈകി ഇവരെ വിട്ടയച്ചു.
കള്ളവോട്ടുചെയ്യാന്‍ ശ്രമിച്ച സ്ത്രീയെയാണ് തടഞ്ഞതെന്നും അതേത്തുടര്‍ന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നുമാണ് യു.ഡി.എഫ്. നേതാക്കള്‍ ആരോപിക്കുന്നത്. മുന്‍മേയര്‍ എം. ഭാസ്‌കരനും പി.എ. മുഹമ്മദ്‌റിയാസുമുള്‍പ്പെടെയുള്ള നേതാക്കള്‍ എ. പ്രദീപ്കുമാര്‍ എം. എല്‍. എ. യ്‌ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.