Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 28 January 2012

കൗണ്‍സിലര്‍ക്കുനേരേ അക്രമം: കൗണ്‍സില്‍യോഗം ബഹളത്തില്‍ മുങ്ങി


കോഴിക്കോട്: കൗണ്‍സിലര്‍ കൃഷ്ണദാസിനെ ആക്രമിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍യോഗം ബഹളത്തില്‍ മുങ്ങി.എലത്തൂര്‍ ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.എം.സുനില്‍കുമാറിന്റെ സത്യപ്രതിജ്ഞ അറിയിച്ചില്ലെന്ന ആക്ഷേപവും ബഹളത്തിനിടയാക്കി. ബഹളത്തിനിടെ ഒന്നൊഴികെയുള്ള അജന്‍ഡകള്‍ പാസാക്കി 20 മിനിറ്റുകൊണ്ട് യോഗം പിരിഞ്ഞു. ശനിയാഴ്ച രാവിലെ നടന്ന സത്യപ്രതിജ്ഞ കൗണ്‍സിലര്‍മാരെ അറിയിച്ചില്ലെന്ന് എന്‍.സി. മോയിന്‍കുട്ടി ആരോപിച്ചതിനെത്തുടര്‍ന്ന് ബഹളത്തോടെയാണ് യോഗം തുടങ്ങിയത്.

എലത്തൂര്‍ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പു ദിവസം കൃഷ്ണദാസിനെ അക്രമിച്ചതിനുപിന്നില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന അടിയന്തരപ്രമേയത്തിന് പ്രതിപക്ഷനേതാവ് എം.ടി.പത്മയാണ് നോട്ടീസ് നല്‍കിയത്.മുന്‍ ഭരണസമിതിയുടെ കാലത്തെ അഴിമതിക്കെതിരെ നടക്കുന്ന സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് അക്രമത്തിനുപിന്നിലെന്ന് അടിയന്തരപ്രമേയത്തില്‍ ആരോപിച്ചു.ആരോപണവിധേയരായവര്‍ക്ക് അക്രമത്തില്‍പങ്കുണ്ട്.സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രമേയം രാഷ്ട്രീയപ്രേരിതവും ദുസ്സൂചനകള്‍ നിറഞ്ഞതാണെന്നും അവതരണാനുമതി നല്‍കാനാവില്ലെന്നും മേയര്‍ പ്രൊഫ.എ.കെ പ്രേമജം പറഞ്ഞതോടെ ബഹളം രൂക്ഷമായി. കൃഷ്ണദാസിനെ മേയര്‍ സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ലെന്നും യു.ഡി.എഫ്.അംഗങ്ങള്‍ കുറ്റപ്പെടുത്തി. യു.ഡി.എഫ്.അംഗം ബാലഗോപാലിനെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാന്‍ മേയര്‍ വിളിച്ചുവെങ്കിലും ബഹളം കാരണം കഴിഞ്ഞില്ല. മുന്‍ ഭരണസമിതിയുടെ കാലത്തെ അഴിമതി ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടിമേയര്‍ പി.ടി. അബ്ദുള്‍ ലത്തീഫ്, ഡി.പി.സി.അംഗം സി.കെ. രേണുകാദേവി എന്നിവരെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എം.ടി.പത്മ മേയര്‍ക്കു നല്‍കിയ കത്ത് സംബന്ധിച്ചായിരുന്നു ശ്രദ്ധക്ഷണിക്കല്‍ പ്രമേയം.


ഇരുപക്ഷത്തെയും അംഗങ്ങള്‍ പരസ്​പരം വാക്കേറ്റവും ബഹളവും തുടരുന്നതിനിടെ അജന്‍ഡകള്‍ ഓരോന്നായി പാസായി. മേയര്‍ക്കെതിരെ യു.ഡി.എഫ്.അംഗങ്ങള്‍ മുദ്രാവാക്യംവിളി തുടങ്ങിയതോടെ കൗണ്‍സില്‍ പ്രവര്‍ത്തനം യു.ഡി.എഫ്. അട്ടിമറിക്കുകയാണെന്ന് ആരോപിക്കുന്ന പ്ലക്കാര്‍ഡുകള്‍ എല്‍.ഡി.എഫ്.അംഗങ്ങള്‍ ഉയര്‍ത്തി. ബഹളത്തിനിടെ 3.20ന് കൗണ്‍സില്‍ യോഗം പിരിഞ്ഞു. നഗരസഭാ അഡീഷണല്‍ സെക്രട്ടറിയായി സി.സി. ശശിധരന്‍ ചുമതലയേറ്റതായി മേയര്‍ യോഗത്തെ അറിയിച്ചു.

Discuss