ഒരു കാലത്ത് അഴീക്കോടിന്റെ സാഗര ഗര്‍ജ്ജനം സാഹിത്യ പ്രേമികളല്ലാത്തവരെപ്പോലും അത്രമേല്‍ ആകര്‍ഷിച്ചിരുന്നു.ഖദര്‍ ജുബ്ബയ്ക്കുള്ളിലെ മെലിഞ്ഞൊട്ടിയ ശരീരത്തില്‍ നിന്നുമുള്ള ഗര്‍ജ്ജനത്തിന് ഏറ്റവും കൂടുതല്‍ സാക്ഷികളായത് കോഴിക്കോടായിരിക്കും. ഒരു പക്ഷേ ഏറ്റവും കൂടുതല്‍ പ്രസംഗം നടത്തിയത് കോഴിക്കോട് ടൗണ്‍ഹാളിലായിരിക്കാം. ടൗണ്‍ഹാളില്‍ താന്‍ എത്ര തവണ പ്രസംഗിച്ചെന്നു പോലും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്ന് ഒരിക്കല്‍ മാഷ്പറഞ്ഞിരുന്നു. കേരളത്തെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ശബ്ദമായി അഴീക്കോട് വളര്‍ന്നതിന്റെ ഓരോ ഘട്ടത്തിനും കോഴിക്കോടും കാരണമായിട്ടുണ്ട്. ബേപ്പൂര്‍ സുല്‍ത്താനാണ് അഴീക്കോടിന്റെ പ്രസംഗത്തെ സാഗര ഗര്‍ജ്ജനമെന്ന് വിശേഷിപ്പിച്ചതും.
ദേവഗരി കോളേജില്‍ അധ്യാപകനായി ജീവിതമാരംഭിച്ചതോടെയാണ് അഴീക്കോട് സാംസ്‌കാരിക, സാമൂഹിക രംഗങ്ങളില്‍ കൂടുതല്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. കോളേജ് അധ്യാപന കാലത്ത് തന്നെയായിരുന്നു അദ്ദേഹം തന്റെ പ്രിയ സുഹൃത്തു കൂടിയായി മാറിയ എസ്.കെ.പൊറ്റെക്കാട്ടിനെതിരെ തലശ്ശേരിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സസരിച്ചതും. തായാട്ട് ശങ്കരനൊപ്പം ചേര്‍ന്ന് നെഹ്രുവിന്റെ കത്തുകള്‍ പരിഭാഷപ്പെടുത്തിയതും കോഴിക്കോട്ടു വെച്ചായിരുന്നു. ദീന ബന്ധുവിന്റെ പത്രാധിപരായതും പത്രമുതലാളിയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജിവെച്ചതുമെല്ലാം കോഴിക്കോട്ട് വെച്ചായിരുന്നു.തത്ത്വമസി എഴുതിയത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രോ വൈസ്ചാന്‍സലറായിരുന്നപ്പോഴും. അഴീക്കോട് താമസിച്ച കണ്ണൂര്‍ റോഡിലെ ക്ലിഫ്റ്റന്‍ കോട്ടേജ് ഒരുപാട് സാഹിത്യ കൂട്ടായ്മകള്‍ക്കും സൗഹൃദങ്ങള്‍ക്കും വേദിയായിട്ടുണ്ട്.എന്‍.പി മുഹമ്മദും, ഉറൂബുമെല്ലാം ഈ കൂട്ടായ്മകളില്‍ പതിവുകാരായിരുന്നു.
പഴയകാലത്ത് സാഹിത്യകാരന്‍മാരുടെ സംഗമ വേദിയായി മാറിയ മിഠായിത്തെരുവിലെ റാണി ബുക്‌സ്സ്റ്റാളായിരുന്നു കോളേജ് കഴിഞ്ഞാല്‍ അഴീക്കോടിന്റെ പതിവ് സ്ഥലം. ചിലപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരളയിലും വന്നിരിക്കും. അക്ഷരങ്ങള്‍ മറിച്ചു ചൊല്ലുന്നതില്‍ കമ്പക്കാരനായിരുന്നു അഴീക്കോട് മാഷെന്ന് പി.എം ശ്രീധരന്‍ പറയുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലായിരിക്കുമ്പോള്‍ത്തന്നെ ഒഴിവുദിനങ്ങളില്‍ അദ്ദേഹം ആത്മ സുഹൃത്തായ എന്‍.പി.മുഹമ്മദിന്റെ ഇടിയങ്ങരയിലുള്ള വീട്ടിലെത്തുമായിരുന്നു. ചീട്ട് കളിച്ച് മീന്‍ കറിയും ചോറും കഴിച്ച ശേഷമേ പോകാറുള്ളൂ എന്ന് എന്‍.പി.മുഹമ്മദ് തന്നെ ഒരു ലേഖനത്തില്‍ അനുസ്മരിക്കുന്നുണ്ട്. ഭക്ഷണ പ്രിയനായിരുന്ന അഴീക്കോടിന്റെ ഇഷ്ട വിഭവമായിരുന്നു മീന്‍ കറിയും കോഴിപൊരിച്ചതും. കണ്ണൂരിലേക്ക് പോവുമ്പോള്‍ വടകരയിലുള്ള സുഹൃത്ത് വി.പി.മുഹമ്മദിനെ വിളിച്ച് പുഴമീന്‍ തയാറാക്കിച്ചിട്ടേ അഴീക്കോട് മടങ്ങാറുണ്ടായിരുന്നുള്ളൂ. വാഹനമോടിക്കുന്നതിലും വിദഗ്ധനായിരുന്ന അഴീക്കോടിന്റെ സന്തത സഹചാരിയായി എന്നും ഒരു ഹരോള്‍ഡ് ഗസല്‍ വാഹനവുമുണ്ടായിരുന്നു. പലരും ആവശ്യപ്പെട്ടിട്ടും പ്രോ വൈസ് ചാന്‍സലറാവുന്നത്‌വരെ അദ്ദേഹം ഡ്രൈവറെ നിയമിച്ചിരുന്നില്ല.
ഉറൂബ്., എന്‍.പി.മുഹമ്മദ്, വൈക്കം മുഹമ്മദ് ബഷീര്‍, കെ.പി.കേശവ മേനോന്‍, തിക്കോടിയന്‍, എസ്.കെ.പൊറ്റെക്കാട്ട് , റാണിബുക്‌സിന്റെ കെ.സി.പത്മനാഭന്‍ തുടങ്ങിയവരായിരുന്നു കോഴിക്കോട്ട് മാഷിന്റെ ആത്മസുഹൃത്തുക്കള്‍.