സമൂഹപുരോഗതിയില്‍ ഏറെ മികവും നേട്ടവും കൈവരിച്ച നാടായിരുന്നു കേരളം. എന്നാല്‍, കഴിഞ്ഞ രണ്ട് ദശവര്‍ഷമായി കേരളം നാശത്തിലേക്ക് നീങ്ങുകയാണ്. ഇതിന്റെ പ്രത്യക്ഷതെളിവായി, ജാതിമത വര്‍ഗീയ ശക്തികളുടെ വളര്‍ച്ച, ആത്മഹത്യ നിരക്കിന്റെ വര്‍ധന, അമിത മദ്യപാനം, കുറ്റകൃത്യങ്ങളുടെ വര്‍ധന, രോഗങ്ങള്‍, മാലിന്യം വലിച്ചെറിയുന്ന പുത്തന്‍ സംസ്‌കാരം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ .....എന്നിവയെല്ലാം പരിഷത്ത് ജാഥയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തി പരിഷത്തിന്റെ സംസ്ഥാന കലാവിഭാഗം ഗാനങ്ങള്‍, തെരുവ് നാടകങ്ങള്‍ എന്നിവ അവതരിപ്പിച്ചു.
കൊയിലാണ്ടിയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. ശാന്ത അധ്യക്ഷതവഹിച്ചു. കെ. ദാസന്‍ എം.എല്‍.എ, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ടി. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.കെ. ദേവരാജന്‍ പദയാത്രയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി കെ.ടി. ജോര്‍ജ് സ്വാഗതം പറഞ്ഞു.
ശനിയാഴ്ച രാവിലെ കൊയിലാണ്ടിയില്‍ നിന്നാരംഭിക്കുന്ന ജാഥയ്ക്ക് പൊയില്‍ക്കാവ്, കാട്ടിലപ്പീടിക, എലത്തൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്കും.