കോഴിക്കോട്:
കോഴിക്കോട് -മൈസൂര്‍ ദേശീയപാതയില്‍ മാനാഞ്ചിറ മുതല്‍ വെള്ളിമാട്കുന്ന് വരെ
റോഡ് നാലുവരിപ്പാതയാക്കുന്നതിന് സ്ഥലമെടുക്കാന്‍ വിജ്ഞാപനമായി. എട്ടര
കിലോമീറ്റര്‍ പാതയാണ് 24 മീറ്ററില്‍ വികസിപ്പിക്കുന്നത്. ഇതിനായി കസബ,
വേങ്ങേരി, ചേവായൂര്‍, കച്ചേരി, നഗരം വില്ലേജുകളിലായി 7. 94 ഹെക്ടര്‍ ഭൂമി
സര്‍ക്കാര്‍ ഏറ്റെടുക്കും. നഗരപാതാ വികസനപദ്ധയില്‍ ഉള്‍പ്പെടുത്തി
ചെയ്യുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്.
ഈ റോഡില്‍ 2009-ല്‍ സര്‍വേ നടത്തി, അതിര്‍ത്തി തിരിച്ച് കല്ലിടല്‍ പൂര്‍ത്തിയായിരുന്നു. മൂന്നു വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍.......
സ്ഥലമെടുക്കാന്‍ വിജ്ഞാപനമിറങ്ങുന്നത്. നേരത്തേ വീതികൂട്ടാന്‍ സ്ഥലമെടുത്തപ്പോള്‍ വില്ലേജ് ഓഫീസുകളിലെ രേഖകളില്‍ അതുള്‍പ്പെടുത്തുന്നതില്‍ വന്ന പിഴവാണ് വിജ്ഞാപനമിറങ്ങുന്നതിന് കാലതാമസം നേരിട്ടത്. നഗരത്തില്‍ ഏറ്റവും തിരക്കേറിയ ഈ റോഡിന് വീതിയില്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് പതിവാണ്. എരഞ്ഞിപ്പാലം പോസ്റ്റോഫീസ് ജങ്ഷന്‍ മുതല്‍ സിവില്‍ സ്റ്റേഷനു താഴെ വരെ മാത്രമാണ് ആവശ്യമായ വീതിയുള്ളത്. കിഴക്കേ നടക്കാവ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഒരേ സമയത്ത് രണ്ടു വലിയ വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നു പോവാനുള്ള സൗകര്യമേയുള്ളൂ.
വയനാട് റോഡില്‍ നിന്നും ബാലുശ്ശേരി റോഡില്‍ നിന്നും കണ്ണൂര്‍ റോഡില്‍ നിന്നും വരുന്ന നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡ് ഉപയോഗിക്കുന്നത്. വാഹനപ്പെരുപ്പംകൊണ്ട് പൊറുതിമുട്ടുന്ന ഈ പാത വികസിപ്പിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. മാനാഞ്ചിറമുതല്‍ വെള്ളിമാട്കുന്ന് വരെ നാലുവരിപ്പാതയാക്കുന്നതോടെ ഇവിടത്തെ ഗതാഗത പ്രശ്‌നം പരിഹരിക്കപ്പെടും. പക്ഷേ, ഇത് യാഥാര്‍ഥ്യമാവാന്‍ ഇനിയും രണ്ട് വര്‍ഷമെങ്കിലും എടുത്തേക്കാം. കെ. എസ്.യു.ഡി.പി.യുടെ ഓവുചാല്‍ പദ്ധതി നടപ്പാക്കുന്നതിനാല്‍ അത് പൂര്‍ത്തിയാക്കാതെ നഗര റോഡ് വികസനം പ്രാവര്‍ത്തികമാക്കാനാവില്ല. കെ. എസ്. യു.ഡി.പി. പദ്ധതി നീണ്ടു പോവുന്നതിനാല്‍ റോഡ് വികസനവും നീളും.
പൊതുമരാമത്ത് വകുപ്പിനു കൈമാറി നടപ്പാക്കാനിരുന്ന സ്റ്റേഡിയം-പുതിയറ റോഡിന്റെ വികസനവും ഇതേ പ്രശ്‌നത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. 600 മീറ്റര്‍ റോഡ് വീതികൂട്ടുന്നതിന് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും ചെയ്യാനാവുന്നില്ല. അതുമാത്രമല്ല, ഈ വര്‍ഷം ഡിസംബറില്‍ത്തന്നെ നഗര റോഡ് വികസന പദ്ധതിയിക്കുവേണ്ടി മുഴുവന്‍ റോഡുകളുടെയും സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, കോവൂര്‍-വെള്ളിമാട്കുന്ന്, സ്‌റ്റേഡിയം-പുതിയറ റോഡുകള്‍ ഒഴികെ ബാക്കി അഞ്ചെണ്ണവും വിജ്ഞാപനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്.