കോഴിക്കോട്:കോര്‍പ്പറേഷനിലെ ഒന്നാം വാര്‍ഡായ
എലത്തൂരില്‍ ജനുവരി 18-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇരുമുന്നണികളും
സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതോടെ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു.
യു.ഡി.എഫ്. കൗണ്‍സിലറായിരുന്ന ജുഗുല്‍ബാബു അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായിവന്നത്. നേരത്തേ എട്ട് വര്‍ഷം എലത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്ന സി.എം. സുനില്‍കുമാറാണ് ഇപ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി. ജുഗുല്‍ബാബുവിന്റെ സഹോദരനാണ് സുനില്‍. നാലകത്ത് അബ്ദുറഹ്മാനാണ് എല്‍. ഡി. എഫിന്റെ സ്വതന്ത്രസ്ഥാനാര്‍ഥി. നേരത്തേ മുസ്ലിംലീഗിന്റെ പ്രാദേശിക നേതാവായിരുന്ന അബ്ദുറഹ്മാന്‍ കഴിഞ്ഞ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചു. അന്ന് 310 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജുഗുല്‍ബാബു ജയിച്ചത്. സ്വതന്ത്രസ്ഥാനാര്‍ഥിയായ അബ്ദുറഹ്മാന്‍ 890 വോട്ട് നേടി.
ആകെ 5888 വോട്ടര്‍മാരാണ് ഡിവിഷനില്‍ ഉള്ളത്. ഇതില്‍ 389 വോട്ടര്‍മാര്‍ പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. കഴിഞ്ഞ തവണ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന കല്ലരം കെട്ടില്‍ കൃഷ്ണനാണ് ജുഗുല്‍ബാബുവിനോട് പരാജയപ്പെട്ടത്. ഇരുമുന്നണികളുടെയും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി.