Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 18 February 2012

രാവുനിറഞ്ഞ് ദുര്യോധനവധം; ആട്ടസപ്തകം സമാപിച്ചു




കോഴിക്കോട്: ദുശ്ശാസനരക്തം പുരണ്ട കൈകൊണ്ട് ദ്രൗപദി അഴിഞ്ഞ മുടികെട്ടി. ഭീകരമായ ഗദായുദ്ധത്തിനൊടുവില്‍ തുടയില്‍ ഭീമപ്രഹരമേറ്റ് കൗരവരാജാവായ ദുര്യോധനന്‍ മരിച്ചുവീണു. തോടയം കഥകളിയോഗത്തിന്റെയും ചിന്മയമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ആട്ടസപ്തകം മഹാഭാരതാഖ്യാന മഹോത്സവത്തിന് സമാപനം കുറിച്ച് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ 'ദുര്യോധനവധം' ഒരു രാവുമുഴുവന്‍ നീണ്ടപ്പോള്‍ കോഴിക്കോടിന്റെ കഥകളിസദസ്സ് അത് നിറഞ്ഞമനസ്സോടെ ഏറ്റുവാങ്ങി. സാധാരണഗതിയില്‍ പതിവില്ലാത്ത നാലുമുടിയോടുകൂടിയുള്ള പുറപ്പാട്, ഡബിള്‍ മേളപ്പദം എന്നിവ തുടക്കത്തില്‍ത്തന്നെ ആസ്വാദകരെ കീഴടക്കി. പിന്നാലെയെത്തിയ കഥകളിയാകട്ടെ, അവിസ്മരണീയമായ വിരുന്നായി.


മടവൂര്‍ വാസുദേവന്‍ നായരും നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയുമാണ് ദുര്യോധനനായി അരങ്ങിലെത്തിയത്. സദനം ഹരികുമാര്‍ രൗദ്രഭീമനായി. ഏറ്റുമാനൂര്‍ കണ്ണനായിരുന്നു കൃഷ്ണന്‍. സദനം സുരേഷ് (ഭാനുമതി), കലാമണ്ഡലം ഹരി ആര്‍.നായര്‍ (ദുശ്ശാസനന്‍), സദനം കൃഷ്ണദാസ് (ധര്‍മപുത്രര്‍), കലാമണ്ഡലം നീരജ് (ഭീമന്‍), പീശപ്പള്ളി രാജീവന്‍ (പാഞ്ചാലി), കലാനിലയം വാസുദേവന്‍ (ശകുനി), കലാമണ്ഡലം അരുണ്‍വാര്യര്‍ (അര്‍ജുനന്‍), കലാമണ്ഡലം ചിനോഷ് ബാലന്‍ (നകുലന്‍), കലാമണ്ഡലം ഷിബി ചക്രവര്‍ത്തി (സഹദേവന്‍), സദനം സുരേഷ് (ധൃതരാഷ്ട്രര്‍), വേണുവാര്യര്‍ (ഭീഷ്മര്‍) എന്നിവരായിരുന്നു മറ്റുവേഷങ്ങളില്‍.


കഥകളിക്കു മുന്നോടിയായി അംബയുടെ കഥ പറയുന്ന മോഹിനിയാട്ടം അരങ്ങേറി. ഒളപ്പമണ്ണയുടെ 'അംബ' എന്ന ആട്ടക്കഥയെയും പയ്യന്നൂര്‍ മാധവന്റെ രചനയെയും ആധാരമാക്കി കലാമണ്ഡലം സരസ്വതിയും അശ്വതി ശ്രീകാന്തുമാണ് മോഹിനിയാട്ടം ഒരുക്കിയത്.


'ഭീഷ്മശപഥവും മഹാഭാരതകഥയിലെ ഗതിവിഗതികളും' എന്ന സെമിനാറില്‍ ആഷാമേനോന്‍ വിഷയം അവതരിപ്പിച്ചു. പ്രൊഫ. എ.വി. വാസുദേവന്‍ പോറ്റി പ്രഭാഷണം നടത്തി. സദനം ഹരികുമാര്‍ സോദാഹരണപ്രഭാഷണം നടത്തി. 'അതിഥിയോടൊപ്പം' എന്ന പരിപാടിയില്‍ ഫ്രാന്‍സിസ് കോടങ്കണ്ടത്ത് പങ്കെടുത്തു. സമാപനയോഗം ഡോ. എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനംചെയ്തു.


അഡ്വ.പി.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കെ.എന്‍.ശിവസ്വാമി, ദര്‍ശികചൈതന്യ, പി.കെ.കൃഷ്ണനുണ്ണിരാജ, നിര്‍മല ഏറാടി, മദന്‍ കെ.മേനോന്‍, എസ്. ബാബു എന്നിവര്‍ സംസാരിച്ചു.

No comments:

Discuss