
‘The Referees Final Whistle was more of a starbing whistle for a battle’
കാല്‍പന്തുകളിക്ക് കളിയെന്നതിനപ്പുറം വേറെയും മാനങ്ങള്‍
കല്‍പിക്കപ്പെടുന്നത് പുതുമയുള്ള കാര്യമല്ല. അതിന് സംഗീതത്തിന്‍െറയും
നൃത്തത്തിന്‍െറയും രാഷ്ട്രീയത്തിന്‍െറയും ദേശീയതയുടെയുമെല്ലാം ഭാഷ്യങ്ങള്‍
ചരിത്രത്തില്‍ പലപ്പോഴായി പ്രകടമായിട്ടുമുണ്ട്. സോക്കര്‍ഫീല്‍ഡിലെ ഓരോ
നീക്കവും ശബ്ദവും നമ്മെ പലപ്പോഴും സംഗീതത്തിന്‍െറയും നൃത്തത്തിന്‍െറയും
ലോകത്തത്തെിച്ചിട്ടുണ്ട്. സംഗീതലോകത്ത് ഫുട്ബാള്‍ ഗാനങ്ങള്‍ ഇത്രമാത്രം
പ്രചാരം നേടിയതിന്‍െറ കാരണവും വേറൊന്നല്ല.2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് വേദികളില്‍ പ്രിയതാരങ്ങള്‍ക്കൊപ്പം ‘വക്കാ വക്കാ’ പാടി കൊളംബിയന്‍ ഗായിക മറ്റൊരു ‘താര’മായത് അതുകൊണ്ടാണ്. കളിക്കളങ്ങളിലെ ആവേശ-ആഹ്ളാദങ്ങളും നിരാശകളുമൊക്കെ നിറഞ്ഞ സന്ദര്‍ഭങ്ങളെ ഓര്‍മപ്പെടുത്തുന്നതാണ് ‘വക്കാ വക്കാ’യുടെ ഗാനരംഗങ്ങള്‍. എന്നാല്‍, അതിനുമപ്പുറം മറ്റു ചില ചരിത്ര സന്ദര്‍ഭങ്ങളിലേക്കുകൂടി ആ വരികള്‍ കടന്നുചെന്നപ്പോഴാണ് അത് കാല്‍പന്തുകളിയോളം വികസിച്ചത്.
രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത (പങ്കെടുക്കാന്‍ നിര്‍ബന്ധിതരായ) സൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് അവിടത്തെ സൈനികരുടെ സംഗീതക്കൂട്ടായ്മയായ ‘ഗോള്‍ഡന്‍ സൗണ്ട്സ്’ 1986ല്‍ പാടി ആഫ്രിക്കന്‍ ജനതയെ ആവേശംകൊള്ളിച്ച ഗാനമാണ് ഷാക്കിറയും ഫ്രെഷ്ലി ഗേള്‍സും ‘റീ ലോഡ്’ ചെയ്തത്. 1960കളില്‍ നൈജീരിയയില്‍ ആഭ്യന്തര കലാപമുണ്ടായപ്പോള്‍ സൈന്യത്തിന് ഉത്തേജനം നല്‍കിയതും ഈ ഗാനമാണ്. ’80കളില്‍ ആ രാജ്യത്തെ സ്കൂളുകളില്‍ ‘അസംബ്ളി’ ഗാനമായിരുന്നു ലോകകപ്പ് സമയത്ത് ഫുട്ബാള്‍ ഭ്രാന്തന്മാരുടെ ‘റിങ്ടോണ്‍’ ശബ്ദമായ ‘വക്കാ വക്കാ’. ഇന്നും പല ആഫ്രിക്കന്‍ രാജ്യങ്ങളിലും മാര്‍ച്ച്പാസ്റ്റിനും സ്കൗട്ട് പരേഡിനും ഈ ഗാനം ആലപിക്കാറുണ്ട്. ഇത്തരമൊരു പശ്ചാത്തലമുള്ള ഗാനത്തെ ഒൗദ്യോഗിക ഗാനമാക്കുകവഴി കാല്‍പന്തുകളിയെ അതിന്‍െറ കാല്‍പനികതക്കപ്പുറം ഇതര ഭാഷ്യങ്ങളിലേക്കുകൂടി കൊണ്ടുവരുകയാണ് ചെയ്തത്.
ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലുമൊക്കെ അധിനിവേശ ശക്തികളോട് പൊരുതിനേടിയതാണ് അവരുടെ ഫുട്ബാള്‍ പാരമ്പര്യമെന്ന് അതിന്‍െറ ചരിത്രം വ്യക്തമാക്കുന്നു. അതില്‍ ഓരോ രാജ്യത്തിന്‍െറയും സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വേറിടാതെ കിടക്കുന്ന ഫുട്ബാള്‍ സന്ദര്‍ഭങ്ങളും കണ്ടെടുക്കാനാവും. ജര്‍മനിയിലെ നാസി പട്ടാളക്കാരോട് പന്തുകളിച്ച് ജയിച്ചാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ തടവറയില്‍നിന്ന് മോചനം നേടിയത്. ഈ ചരിത്രസന്ദര്‍ഭത്തിന്‍െറ ചലച്ചിത്രാവിഷ്കാരമായ ‘എസ്കേപ് ടു വിക്ടറി’യില്‍ നായകനായത്തെിയത് ഫുട്ബാള്‍ ഇതിഹാസം പെലെയായിരുന്നു. (എം.എസ്.പിയിലെ പട്ടാളക്കാരെ ബൂട്ടിടാതെ കളിച്ച് കീഴടക്കിയ കഥ ഇന്നും മലപ്പുറം അരീക്കോട്ടെ കാരണവന്മാര്‍ ഓര്‍ക്കുന്നുണ്ട്).
1996ല്‍ മറഡോണ ‘ദൈവത്തിന്‍െറ കൈ’യിലൂടെ നേടിയ ഗോള്‍ ഫാക്ലന്‍ഡ് യുദ്ധത്തിനുള്ള മറുപടിയായിരുന്നുവോ? 1998 ഫ്രാന്‍സ് ലോകകപ്പില്‍ അമേരിക്കയെ ഇറാന്‍ കീഴടക്കുമ്പോള്‍ ഇക്കാലമത്രയും തങ്ങള്‍ക്കുനേരെ പ്രയോഗിച്ച ഉപരോധത്തിനു നേരെയുള്ള പ്രത്യാക്രമണമായിരുന്നുവോ? 2002 കൊറിയ-ജപ്പാന്‍ ലോകകപ്പിന്‍െറ പ്രഥമ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ വിജയഗോള്‍ നേടിയ സെനഗലിന്‍െറ പാപബൗബ ദിയൂഫും സംഘവും നടത്തിയ ആഹ്ളാദനൃത്തം നീണ്ട അധിനിവേശത്തില്‍നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നില്ളേ?
കളിക്കളത്തില്‍ ‘നൂറ്റാണ്ടിന്‍െറ താര’മെന്ന് പേരെടുത്ത സാക്ഷാല്‍ ഡീഗോ മറഡോണ തന്നെയാണ് കളത്തിന് പുറത്തും ‘കാല്‍പന്തു’കളിയുടെ പാരമ്പര്യം നിലനിര്‍ത്തിയത്. കളത്തിലെ ‘സ്വാതന്ത്ര്യ പോരാട്ടങ്ങള്‍’ വിരമിച്ചതിനുശേഷവും അദ്ദേഹം തുടരുകയാണ്. ലാറ്റിനമേരിക്കയില്‍ ഊഗോ ചാവെസ്, ഫിദല്‍ കാസ്ട്രോ, ഒര്‍ട്ടേഗ തുടങ്ങിയ സാമ്രാജ്യത്വ വിരുദ്ധ പോരാളികള്‍ക്കൊപ്പം മറഡോണയും ചേര്‍ന്നുനില്‍ക്കുന്നത് കേവലമായ യാദൃച്ഛികതയായി കാണാനാവില്ല.
മറ്റൊരു കായികവിനോദത്തിനുമില്ലാത്ത ഈ ‘സോക്കര്‍’ പെരുമയെ അറബ്വസന്തത്തില്‍ നിന്ന് മാത്രമായി മാറ്റിനിര്‍ത്താനാകില്ല. അറബ് വിപ്ളവത്തിന് വിത്തുപാകിയത് ഉത്തരാഫ്രിക്കയിലാണെന്ന് ഓര്‍ക്കുക. ലിബിയന്‍ പ്രക്ഷോഭകര്‍ ട്രിപളി പിടിച്ചടക്കിയതിനുശേഷമുള്ള രാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ ആദ്യം പ്രതിഫലിച്ചത് സോക്കര്‍ മൈതാനത്തുതന്നെയായിരുന്നു. രാജ്യത്ത് ഭരണമാറ്റം അടുത്തത്തെി നില്‍ക്കെ സെപ്റ്റംബര്‍ മൂന്നിന് നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്‍െറ യോഗ്യതാ മത്സരത്തില്‍ മൊസാംബീക്കിനെതിരെ ലിബിയന്‍ ടീം കളത്തിലിറങ്ങിയത് ലിബിയന്‍ പ്രക്ഷോഭക സംഘടനയായ നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ (എന്‍.ടി.സി) അംഗീകരിച്ച രാഷ്ട്രപതാകയുള്ള ജഴ്സിയണിഞ്ഞായിരുന്നു. രാജ്യത്ത് നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇറങ്ങിയ ദേശീയ ടീം ഒരു ഗോളിന് ജയിക്കുകയും ചെയ്തു. ഗോള്‍കീപ്പര്‍ ജുമാ ഗുതാത് അടക്കം ദേശീയ ടീമിലെ നാല് കളിക്കാര്‍ എന്‍.ടി.സിയുടെ സജീവപ്രവര്‍ത്തകരായിരുന്നു. ഇവരുടെ സാന്നിധ്യമാണ് ടീമിനെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തിയത്. പതനത്തോടടുത്ത ഖദ്ദാഫി കുടുംബത്തിനേറ്റ മറ്റൊരു തിരിച്ചടി കൂടിയായിരുന്നു ടീമിന്‍െറ ഈ മാറ്റം. ലിബിയന്‍ ഫുട്ബാള്‍ ഫെഡറേഷന്‍െറ അമരത്തുണ്ടായിരുന്ന ഖദ്ദാഫിയുടെ മകന്‍ സഅദി ഖദ്ദാഫിയുടെ സ്വാധീനം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു എന്ന വിളംബരമാണ് അന്ന് ദേശീയ ടീം നടത്തിയത്. ഈയൊരു തീരുമാനത്തിലൂടെ ജുമാ ഗുതാതും സംഘവും മറഡോണയെപ്പോലത്തെന്നെ കളിക്കപ്പുറത്തെ ഇതിഹാസങ്ങളായി മാറുകയാണ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് വടക്കുകിഴക്കന്‍ ഈജിപ്തിലെ തുറമുഖ നഗരമായ പോര്‍ട്ട് സഈദില്‍ നടന്ന ഫുട്ബാള്‍ കലാപം സൂക്ഷ്മാര്‍ഥത്തില്‍ ആ രാജ്യത്ത് നടന്ന ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. ഏതാനും കളിഭ്രാന്തന്മാരുടെ അമിതാവേശം സൃഷ്ടിച്ച ദുരന്തമായാണ് ലോകത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ അതിനെ ചിത്രീകരിച്ചത്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെതന്നെ ഏറ്റവും മികച്ച ടീമായ അല്‍ അഹ്ലിയും അത്രതന്നെ പ്രശസ്തരല്ലാത്ത അല്‍ മിസ്രിയും തമ്മിലായിരുന്നു മത്സരം. ഹോം ഗ്രൗണ്ടിന്‍െറ പിന്‍ബലത്തിലാണ് അല്‍ മിസ്രി. അല്‍ അഹ്ലിയും മോശമല്ല. അവരുടെ വിഖ്യാതമായ ‘അള്‍ട്രാസ് അഹ്ലവി’ എന്നറിയപ്പെടുന്ന ഫാന്‍സും ഗാലറികളില്‍ നിറഞ്ഞിരിക്കുന്നുണ്ട്. മുമ്പ് ഈ ടീമുകള്‍ തമ്മില്‍ നടന്ന മത്സരങ്ങളൊക്കെയും ഒരുപോലെ ആവേശവും സംഘര്‍ഷവും സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മത്സരം വാര്‍ത്താ പ്രാധാന്യം നേടുക സ്വാഭാവികം മാത്രം.
എന്നാല്‍, കലുഷിതമായ ഈജിപ്തിന്‍െറ രാഷ്ട്രീയ പശ്ചാത്തലത്തില്‍ അല്‍ മിസ്രി സ്റ്റേഡിയത്തില്‍ ഉണ്ടാവാനിടയുള്ള അപകടത്തെ സൈനിക തലവന്‍ ഹുസൈന്‍ തന്‍ത്വാവിയുടെ സേന മുന്‍കൂട്ടി കാണേണ്ടതായിരുന്നു. മത്സരത്തില്‍ അല്‍ അഹ്ലി തോറ്റു. അല്‍ മിസ്രിക്കാര്‍ സ്റ്റേഡിയം കൈയേറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അല്‍ അഹ്ലിയുടെ കളിക്കാര്‍ സുരക്ഷിതസ്ഥാനം തേടി ഓടുകയായിരുന്നു. സ്റ്റേഡിയത്തിന്‍െറ ഒന്നൊഴികെയുള്ള ഗേറ്റുകളെല്ലാം അടച്ചിരുന്നു. വിപ്ളവാനന്തര ഈജിപ്തിലുണ്ടായ ഈ സോക്കര്‍ വാറില്‍ കൊല്ലപ്പെട്ടത് 74 പേരാണ്.
ഈ സംഭവത്തിന് അറബ് വിപ്ളവവുമായി എന്താണ് ബന്ധം? ഇപ്പോള്‍ ഈജിപ്തില്‍നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ‘ഫുട്ബാള്‍ കലാപത്തിന്’ പിന്നിലെ രാഷ്ട്രീയതാല്‍പര്യത്തെ പുറത്തുകൊണ്ടുവരുന്നുണ്ട്. വലിയ സൈനിക ഗൂഢാലോചനയാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ സുരക്ഷാസേന, ഈജിപ്ത് ജനതയെ വിപ്ളവം നടത്തിയതിന് ശിക്ഷിക്കുകയാണെന്നാണ് സംഭവത്തെക്കുറിച്ച് മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ പ്രതികരിച്ചത്.
നൂറിലേറെ വര്‍ഷം പഴക്കമുള്ള ഫുട്ബാള്‍ ക്ളബാണ് കൈറോ ആസ്ഥാനമായുള്ള അല്‍ അഹ്ലി. 1940കളില്‍ ആ രാജ്യത്തെ മികച്ച ടീമായി ഉയര്‍ന്ന അല്‍ അഹ്ലി പിന്നപ്പിന്നെ ആഫ്രിക്കന്‍ ഭൂഖണ്ഡംതന്നെ കീഴടക്കി. 2006ല്‍ ഫിഫ ക്ളബ് വേള്‍ഡ് കപ്പില്‍ മൂന്നാംസ്ഥാനം നേടിയ അല്‍ അഹ്ലി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീമാണ്.
ബ്രിട്ടീഷ് ക്ളബായ സമാലെക്ക് ആണ് അവരുടെ ചിരവൈരികള്‍ എന്നതാണ് ഈജിപ്തിലെ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കിടയില്‍ അല്‍ അഹ്ലിയെ പ്രിയങ്കരമാക്കുന്നത്. ബ്രിട്ടന്‍െറ അധിനിവേശ നയങ്ങള്‍ക്കെതിരായ പോരാട്ടം കളിക്കളത്തില്‍ കാഴ്ചവെക്കാന്‍ ഈ ടീമിന് സാധിച്ചതും അവരുടെ ജനപ്രീതി വര്‍ധിക്കാന്‍ കാരണമായി.
തികഞ്ഞ രാഷ്ട്രീയബോധത്തോടെ ‘പന്തുതട്ടിയ’ അല്‍ അഹ്ലിയെ പിന്തുണച്ചുകൊണ്ട് ആയിരക്കണക്കിന് ചെറുപ്പക്കാര്‍ കൈറോയില്‍ ഒരു സംഘടനക്ക് രൂപം നല്‍കി. ആ സംഘമാണ് ‘അള്‍ട്രാസ് അഹ്ലവി’. 2007ല്‍ രൂപംകൊണ്ട അഹ്ലവികള്‍ കേവലം കളിഭ്രാന്തന്മാരാണെന്ന് കരുതാന്‍ വയ്യ. ‘സ്വന്തം മേന്മകളുടെ ഇരകള്‍’ എന്നാണ് അവരെ ‘ഫ്രൈഡ് കംസ്: ഫുട്ബാള്‍ ഇന്‍ വാര്‍സോണ്‍’ എഴുതിയ ജെയിംസ് മൊണ്ടാഗ് വിശേഷിപ്പിച്ചത്. ഹുസ്നി മുബാറക്കിന്‍െറ ദശകങ്ങള്‍ നീണ്ട ഏകാധിപത്യ ഭരണത്തിന്‍കീഴില്‍ ‘കരിയര്‍’ നഷ്ടപ്പെട്ടവരുടെ സംഘമാണ് യഥാര്‍ഥത്തില്‍ അഹ്ലവികള്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കളിക്കളത്തില്‍ പോരാടിയ അല്‍ അഹ്ലിയോട് അവര്‍ ചേര്‍ന്നത് തികഞ്ഞ രാഷ്ട്രീയബോധത്തിന്‍െറ പിന്‍ബലത്തില്‍ തന്നെയായിരുന്നു.
കൈറോയിലെ തഹ്രീര്‍ ചത്വരത്തില്‍ കഴിഞ്ഞവര്‍ഷം ജനുവരി 25ന് പ്രക്ഷോഭകര്‍ ആദ്യമായി ഒത്തുചേര്‍ന്നപ്പോള്‍ അഹ്ലവികളും അതിന്‍െറ ഒന്നാം നിരയിലുണ്ടായിരുന്നു. 18 ദിവസം നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ മുബാറക് പടിയിറങ്ങിയപ്പോള്‍ ഒരു കോളമിസ്റ്റ് ഇങ്ങനെ എഴുതി: ഈജിപ്തില്‍ ഇസ്ലാമും ഫുട്ബാളുമാണ് വിപ്ളവം സാധ്യമാക്കിയത്. പള്ളികളില്‍ ബ്രദര്‍ഹുഡും മൈതാനത്ത് അഹ്ലവികളുമാണ് വിപ്ളവം നയിച്ചതെന്നായിരുന്നു ജെയിംസ് മൊണ്ടാഗിന്‍െറ കമന്‍റ്.
മുബാറക്കിനെ അധികാരഭ്രഷ്ടനാക്കിയശേഷവും ഈ സംഘം അടങ്ങിയിരുന്നില്ല. സുതാര്യമായ ഭരണമാറ്റവും പട്ടാളഭരണകൂടത്തിന്‍െറ അധികാരനിയന്ത്രണവും ആവശ്യപ്പെട്ട് അവര്‍ സമരമുഖത്തുതന്നെ ഉണ്ടായിരുന്നു. ഒരുവേള തഹ്രീര്‍ ചത്വരം ശാന്തമായശേഷം വീണ്ടും കലുഷിതമായത് ഈ ആവശ്യങ്ങളുന്നയിച്ച് അവര്‍ സമരം നടത്തിയപ്പോഴാണ്. കഴിഞ്ഞ നവംബറില്‍ നടന്ന ആ സമരത്തില്‍ 33 അഹ്ലവികളാണ് കൊല്ലപ്പെട്ടത്.
ഈജിപ്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ നിലനിര്‍ത്തിയതിനെക്കുറിച്ച് ഹുസൈന്‍ തന്‍ത്വാവി നടത്തിയ പ്രസംഗമാണ് അഹ്ലവികളെ വീണ്ടും പ്രകോപിതരാക്കിയത്.
തെരഞ്ഞെടുപ്പിനുശേഷം നടന്ന ആദ്യ പാര്‍ലമെന്‍റ് സെഷനില്‍ ആഭ്യന്തരമന്ത്രി മുഹമ്മദ് ഇബ്രാഹീമും ഇക്കാര്യം ആവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി മൂന്ന് മുതല്‍ തഹ്രീര്‍ ചത്വരത്തില്‍ സമരത്തിന് അഹ്ലവി പദ്ധതിയിട്ടിരുന്നു. അതിന്‍െറ തലേന്നാളാണ് രാജ്യത്തെ സൈനിക നേതൃത്വം ഒരു ഫുട്ബാള്‍ കലാപം സൃഷ്ടിച്ചത്. മുസ്ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ സമ്മര്‍ദത്തെതുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയാണ് സൈന്യം. തഹ്രീര്‍ ചത്വരത്തില്‍ ഇപ്പോഴും രക്തസാക്ഷികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
’70കളില്‍ ലാറ്റിനമേരിക്കയിലെ ചില ഏകാധിപതികള്‍ അവരുടെ ഭരണം നിലനിര്‍ത്താനായി ആ രാജ്യങ്ങളില്‍ ഫുട്ബാളിനെ സജീവമാക്കിയിട്ടുണ്ട്. അക്കാലത്ത് ഹോണ്ടുറസും സാല്‍വദോറും തമ്മില്‍ നടന്ന ഒരു ഫുട്ബാള്‍ മത്സരമാണ് കുപ്രസിദ്ധമായ ‘സോക്കര്‍ വാറി’ല്‍ കലാശിച്ചത്. 6000 ആളുകളാണ് ആറ് ദിവസം നീണ്ട ആ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
കളിക്കളങ്ങള്‍ അക്ഷരാര്‍ഥത്തില്‍തന്നെ ശ്മശാനങ്ങളായ അനുഭവവും നമ്മുടെ മുന്നിലുണ്ട്. ഇറാഖിലെ ഫല്ലൂജ നഗരത്തിലെ രണ്ട് ഫുട്ബാള്‍ സ്റ്റേഡിയങ്ങള്‍ ഇന്ന് ശ്മശാനങ്ങളാണ്. ഈ ചരിത്രസന്ദര്‍ഭങ്ങളുടെയൊക്കെ ആവര്‍ത്തനമാണ് പോര്‍ട്ട് സഈദില്‍ സംഭവിച്ചത്.
No comments:
Post a Comment