Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 12 February 2012

അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും എം.പി.ഫണ്ടാകാമെന്ന് സര്‍ക്കാര്‍


കോഴിക്കോട്: അണ്‍എയ്ഡഡ്, എയ്ഡഡ് സ്‌കൂളുകളുടെ കെട്ടിട നിര്‍മാണത്തിന് എം.പി മാരുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് പണം അനുവദിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ അവ്യക്തത വിവാദമാവുന്നു. എം.പി ഫണ്ട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാണ് ഈ ഉത്തരവെന്നാണ് ആക്ഷേപം.

സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സൊസൈറ്റികള്‍ക്കും ട്രസ്റ്റുകള്‍ക്കും എം.പി ഫണ്ടില്‍നിന്ന് പണം അനുവദിക്കാമെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ പരിഷ്‌കരിച്ച മാനദണ്ഡത്തില്‍ വ്യക്തമാക്കിയിരുന്നു. ലാഭം പ്രതീക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിനും സൊസൈറ്റികള്‍ക്കും എം.പി ഫണ്ട് അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ട്രസ്റ്റിനും സൊസൈറ്റിക്കും പണം നല്‍കാമെന്ന ഉത്തരവിന്റെ പിന്‍ബലത്തിലാണ് അണ്‍എയ്ഡഡ്, എയ്ഡഡ് സ്‌കൂളുകള്‍ക്ക് കെട്ടിടനിര്‍മാണത്തിന് എം.പി ഫണ്ടില്‍നിന്ന് പണം അനുവദിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.


എം.പി. ഫണ്ട് കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി ഫണ്ടില്‍നിന്നും എം.എല്‍.എ. ഫണ്ട് സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിഫണ്ടില്‍നിന്നുമാണ് അനുവദിക്കുന്നത്. പദ്ധതി ഫണ്ടില്‍നിന്നുള്ള തുക പൊതുസ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കും പൊതുആവശ്യത്തിനും മാത്രമേ വിനിയോഗിക്കാന്‍ വ്യവസ്ഥയുള്ളൂ. എം.എല്‍.എ.യ്ക്കുള്ള പ്രാദേശിക വികസന ഫണ്ട് അണ്‍എയ്ഡഡ്, എയ്ഡഡ് സ്‌കൂളുകളുടെ കെട്ടിടനിര്‍മാണത്തിന് അനുവദിക്കുന്നില്ല. എന്നാല്‍ എം.പി. ഫണ്ട് എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളുടെ കെട്ടിടനിര്‍മാണത്തിന് അനുവദിക്കാമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് ഇപ്പോള്‍ ആശയക്കുഴപ്പത്തിന് വഴിവെച്ചത്.


സംസ്ഥാനത്തെ നിരവധി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടിസ്ഥാനസൗകര്യമില്ലാതെ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ സൗകര്യം മെച്ചപ്പെടുത്താന്‍ എം.പി. ഫണ്ടില്‍നിന്ന് പണം നല്‍കുന്നതിനുപകരം അധ്യാപകനിയമനത്തിനും കുട്ടികളുടെ പ്രവേശനത്തിനും വന്‍തുക തലവരി വാങ്ങുന്ന അണ്‍എയ്ഡഡ്, എയ്ഡഡ് സ്‌കൂളുകളുടെ കെട്ടിടസൗകര്യം മെച്ചപ്പെടുത്താന്‍ പ്ലാന്‍ഫണ്ടില്‍നിന്നുള്ള തുകയായ എം.പി. ഫണ്ട് ചെലവഴിക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് ആക്ഷേപം.


അണ്‍എയ്ഡഡ്, എയ്ഡഡ് സ്‌കൂളുകള്‍ക്ക് പ്രതിവര്‍ഷം പരമാവധി 50 ലക്ഷം രൂപവരെ ഒരു എം.പി.ക്ക് അനുവദിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഒരു സ്‌കൂളിന് പരമാവധി 25 ലക്ഷം രൂപവരെ അനുവദിക്കാം. പുതുക്കിയ മാനദണ്ഡത്തെത്തുടര്‍ന്ന് വിവിധ എം.പി.മാര്‍ എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഇതുവരെ അഞ്ചുകോടിരൂപയിലേറെ അനുവദിച്ചിട്ടുണ്ട്.


എം.പി. ഫണ്ട്‌വിതരണം സംബന്ധിച്ച മാര്‍ഗനിര്‍ദേശം തയ്യാറാക്കുന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ വകുപ്പ് നല്‍കിയ പട്ടികയില്‍ അണ്‍എയ്ഡഡ്, എയ്ഡഡ് സ്‌കൂളുകള്‍ക്ക് പണം നല്‍കാമെന്ന് വ്യക്തമാക്കുന്നില്ല. എന്നാല്‍ ഇതിനുവിരുദ്ധമായി സംസ്ഥാന പ്ലാനിങ് ആന്‍ഡ് ഇക്കണോമിക്‌സ് വകുപ്പ് ഇറക്കിയ ഉത്തരവ് ആസൂത്രണവകുപ്പിലെ ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

No comments:

Discuss