Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 20 February 2012

ഹൊഗനക്കലിലേക്ക് പോകാം, പുകയുന്ന പാറക്കെട്ടുകളെ കാണാം

ഹൊഗനക്കലിലേക്ക് പോകാം, പുകയുന്ന പാറക്കെട്ടുകളെ കാണാം
വല്ലപ്പോഴും ഒരുമിച്ചുകിട്ടുന്ന ഒഴിവുദിനങ്ങളില്‍ ഒരു വിനോദയാത്ര പോകാന്‍ തോന്നുന്നുണ്ടോ?  എങ്കില്‍ നിങ്ങള്‍ക്ക് ഹൊഗെനക്കലിലേക്ക് പോകാം. അവിടെ നിങ്ങള്‍ക്ക് പുകയുന്ന പാറക്കെട്ടുകളുടെ സൗന്ദര്യം ആസ്വദിക്കാം. കാവേരി നദിയുടെ
അഴകളവുകള്‍ നുകരാം. വെള്ളച്ചാട്ടത്തില്‍ മതിമറക്കാം. കൊട്ടവഞ്ചിയില്‍ തുഴഞ്ഞുനീങ്ങാം.
സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നായ ഹൊഗനക്കല്‍ വെള്ളച്ചാട്ടം തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയില്‍ കാവേരി നദിയുടെ തീരത്താണ്. മണി രത്നത്തിന്റെ രാവണനിലും അടുത്തകാലത്ത് പുറത്തിറങ്ങിയ ശ്രീനിവാസന്റെ പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന സിനിമയിലും ഹൊഗനക്കലിന്റെ വന്യസൗന്ദ്യരം വശ്യമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
 പാലക്കാട് കോയമ്പത്തൂര്‍ വഴി ധര്‍മപുരിയിലെത്തി അവിടെ നിന്ന് 42 കി. മീറ്റര്‍ സഞ്ചരിച്ചാല്‍ ഹൊഗനക്കലിലെത്താം. വഴിയരികിലെ സൂര്യകാന്തിപ്പാടങ്ങളും പച്ചക്കറിത്തോട്ടങ്ങളും കടന്ന് ചെക്ക്പോസ്റ്റില്‍ കരമൊടുക്കി, വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഇറക്കമിറങ്ങി ഹൊഗെനക്കലിന്റെ മടിത്തട്ടിലെത്താം. വണ്ടി നിര്‍ത്തുമ്പോള്‍ തന്നെ ഗൈഡുകളും ഹോട്ടല്‍ ഏജന്റുമാരും കൊട്ടവഞ്ചി തുഴച്ചില്‍കാരും നിങ്ങളെ പൊതിയും. ചിലര്‍ സൈക്കിളില്‍ പിന്നാലെ കൂടും. ഇവരുടെ തിരക്കില്‍നിന്ന് ഒരുവിധം രക്ഷപ്പെട്ട് നിങ്ങള്‍ക്ക് മുന്നോട്ട് പോകാം.
ഒരു വശത്ത് കച്ചവടക്കാരുടെ തിരക്കും കാണാം. വേണമെങ്കില്‍ ബര്‍മുഡയും ടീഷര്‍ട്ടും മറ്റും വാങ്ങാം. പിന്നെ നിങ്ങള്‍ക്ക് കാവേരിയുടെ വിശുദ്ധ തീര്‍ഥത്തിലേക്ക് ഇറങ്ങാം. വേനല്‍ക്കാലത്ത് മെലിഞ്ഞൊഴുകുന്ന കാവേരിനദിയുടെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കാം. വെള്ളത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍തന്നെ അറിയാം അതിന്റെ തണുപ്പ്. ഒരു നിമിഷം കാലൊന്ന് പിന്‍വലിച്ചേക്കാം.
പുഴ കടന്നാല്‍ വിശാലമായ മണല്‍പ്പരപ്പിലേക്ക് എത്താം. സുന്ദരമായ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാം. അപ്പുറത്ത് മേലാഗിരി കുന്നുകള്‍ തലയുയര്‍ത്തി നില്‍പുണ്ട്. വേണമെങ്കില്‍ അവിടെ ഒരു ട്രക്കിങ്ങുമാകാം.

ഇവിടെ പുഴ പല കൈവഴികളായാണ് ഒഴുകുന്നത്. ഇണങ്ങുമ്പോള്‍ ഒരുമിച്ചും പിണങ്ങുമ്പോള്‍ വേര്‍പിരിഞ്ഞും വീണ്ടുമിണങ്ങിയും  പിണങ്ങിയും നദിയൊഴുകുന്നതു കാണാം. മണല്‍പ്പരപ്പിലൂടെ നീങ്ങുമ്പോള്‍ കുപ്പിയില്‍ എണ്ണയുമായി തിരുമ്മല്‍കാര്‍ നിങ്ങളുടെ അടുത്തെത്തും. സമയവും സൗകര്യവുമുണ്ടെങ്കില്‍ ഒരു മസാജുമാകാം.
പുഴയില്‍നിന്ന് മുകളിലേക്ക് കയറിയാല്‍ കൂറ്റന്‍ പാറക്കെട്ടുകള്‍ നിങ്ങളെ എതിരേല്‍ക്കാനുണ്ടാകും. അതിനിടയിലൂടെ പൊട്ടിച്ചിരിച്ചൊഴുകുന്ന കാവേരിയുടെ ഭംഗി ഒരിക്കലും മറക്കാനാകില്ല. പാറക്കെട്ടുകള്‍ക്കപ്പുറത്ത് പടുകൂറ്റന്‍ മരങ്ങളുമുണ്ട്. അവയുടെ ഉയര്‍ന്നു നില്‍ക്കുന്ന വേരുകള്‍ക്കിടയിലൂടെയാണ് നദി ഒഴുകുന്നത്. അതിനാല്‍ നദിയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നാണ് വിശ്വാസം.
പാറക്കെട്ടുകളില്‍നിന്ന് ആര്‍ത്തലച്ചു വീഴുന്ന വെള്ളച്ചാട്ടം മാത്രം കണ്ടാല്‍ മതി; യാത്ര സഫലമാകും. ആഴത്തിലേക്ക് പതഞ്ഞൊഴുകുന്ന വെള്ളം അക്കരെ നില്‍ക്കുന്ന നിങ്ങളുടെ ദേഹത്തേക്ക് മഞ്ഞുകണികപോലെ ചിതറിവീഴും. അപ്പോള്‍ പാറക്കൂട്ടങ്ങള്‍ പുകയുന്നതുപോലെ തോന്നും. അക്കര കടക്കണമെങ്കില്‍ അഞ്ചു രൂപകൊടുത്ത് പാസെടുക്കണം. പിന്നെ ആര്‍ത്തലച്ചുവീഴുന്ന വെള്ളച്ചാട്ടത്തിനടിയില്‍നിന്ന് അസ്ഥി തുളക്കുന്ന തണുപ്പില്‍ ഒരു കുളിയാകാം. കുളി കഴിഞ്ഞ് കയറിയാല്‍ നല്ല പുഴമീന്‍ വറുത്തത് വാങ്ങിക്കഴിക്കാം. പുഴയില്‍നിന്ന് പിടിക്കുന്ന പലതരം മീനുകള്‍ അപ്പോള്‍ തന്നെ തയ്യാറാക്കി കിട്ടും.
പിന്നെ, ഹൊഗെനക്കലിലെ ഏറ്റവും സുന്ദരമായ അനുഭവം കാത്തിരിപ്പുണ്ടാകും-കൊട്ടവഞ്ചിയിലെ യാത്ര. നിങ്ങളെ പൊതിയുന്ന കൊട്ടവഞ്ചി തുഴച്ചില്‍കാരില്‍നിന്ന് വിലപേശി കുറഞ്ഞ തുകക്കൊരു കൊട്ട വഞ്ചിയൊപ്പിക്കാം.
പടുകൂറ്റന്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ് ഇപ്പോള്‍ നദിയൊഴുകുന്നത്. കൊട്ടവഞ്ചിയില്‍ ആദ്യം താഴേക്കാണ് പോകുന്നത്. അവിടെ കര്‍ണാടക അതിര്‍ത്തിയാണ്. അക്കരെ കയറി കര്‍ണാടകക്കാരന്റെ ചായക്കടയില്‍നിന്ന് ഒരു ചായയും കഴിച്ച് തിരിച്ചുവരാം. വീണ്ടും കൊട്ട വഞ്ചിയില്‍ മുകളിലേക്ക്. അപ്പോള്‍ നിങ്ങളുടെ അപ്പുറത്തും ഇപ്പുറത്തും കൊട്ട വഞ്ചികള്‍ സഞ്ചാരികളുമായി നീങ്ങുന്നുണ്ടാകും.
കുത്തനെ ഉയര്‍ന്നുനില്‍ക്കുന്ന പടുകൂറ്റന്‍ പാറക്കെട്ടിനു മുകളിലേക്കുനോക്കിയാല്‍ അവിടെ ഒരു കൊച്ചുകുട്ടിയെ കാണാം. ഒരു അഞ്ചു രൂപ നോട്ട് നീട്ടിയാല്‍ പാറക്കെട്ടിനു മുകളില്‍നിന്ന് അവന്‍ താഴേക്കുചാടും. ഇമവെട്ടാവതെ ആ കാഴ്ച നോക്കിനിന്നുപോകും നിങ്ങള്‍. പുഴയുടെ ആഴത്തിലേക്ക് മുങ്ങാംകുഴിയിട്ട് പൊങ്ങുന്ന അവന്‍ നിങ്ങളുടെ അടുത്തേക്ക് നീന്തിയെത്തി അഞ്ചു രൂപയും വാങ്ങി തിരിച്ചു കയറും. പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ച് ഒരു ഉടുമ്പിനെപ്പോലെയുള്ള അവന്റെ തിരിച്ചുകയറ്റം അതിലേറെ അമ്പരപ്പിക്കുന്നതാണ്.

കുറച്ചുകൂടി മുകളിലേക്ക് നീങ്ങുമ്പോള്‍ വെള്ളച്ചാട്ടത്തിന് അടുത്തെത്താം. ആര്‍ത്തലച്ചു വീഴുന്ന വെള്ളച്ചാട്ടത്തിന് അടിയിലെത്തുമ്പോള്‍ നിങ്ങള്‍ മറേറതോ ഒരു ലോകത്താകും. അതിസാഹസികമായി കൊട്ടവഞ്ചി തുഴഞ്ഞുനീങ്ങുമ്പോള്‍ നീരാവി പോലെ വെള്ളത്തുള്ളികള്‍ നിങ്ങളുടെ മേലേക്ക് വീഴും. ഒരുവേള വഞ്ചി മറിയുമോയെന്നുപോലും ഭയപ്പെട്ടുപോകം. എന്നാല്‍, വിദഗ്ധരായ തുഴച്ചില്‍കാരുടെ കൈകളില്‍ നിങ്ങള്‍ സുരക്ഷിതരായിരിക്കും. പിന്നെ കൊട്ടവഞ്ചി വട്ടംകറക്കിയുള്ള വിദ്യയുണ്ട്. ആരും ഒന്നമ്പരന്നുപോകും അതില്‍.
എല്ലാം കഴിഞ്ഞ് തിരിച്ചു പോരാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ മനസിനെ ഒരിക്കല്‍കൂടി പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടവും പിടിച്ചുവലിക്കുന്നതുപോലെ തോന്നും. അതാണ് അതിന്റെ വശ്യതയും.

No comments:

Discuss