കോഴിക്കോട്: ശമ്പളവര്‍ധനയും എട്ടുമണിക്കൂര്‍ ജോലിയും ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ഫലം കണ്ടു തുടങ്ങി. ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ മിക്കതും നഴ്സുമാരുടെ ആവശ്യങ്ങള്‍ നടപ്പാക്കി. 3000 രൂപ ശമ്പളം വാങ്ങിയിരുന്നവര്‍ക്ക് 8500 രൂപ
വരെയാണ് വര്‍ധിപ്പിച്ചത്.
ദിവസം രണ്ട് ഷിഫ്റ്റെന്നത് മൂന്നാക്കി ജോലിസമയവും ചുരുക്കി. ജില്ലയില്‍ മാത്രമാണ് നഴ്സുമാരുടെ ആവശ്യത്തോട് മാനേജ്മെന്റുകള്‍ അനുഭാവപൂര്‍വമായ സമീപനം കൈക്കൊണ്ടതെന്ന് സമരം നടത്തുന്ന യൂനിയനുകള്‍ പറഞ്ഞു.
മണാശ്ശേരി കെ.എം.സി.ടി, നാഷനല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് നഴ്സുമാര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. മറ്റ് ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കി സമരത്തിനിറങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, നോട്ടീസ് കണക്കിലെടുത്ത് ആശുപത്രികള്‍ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
നഗരത്തില്‍ ഫാത്തിമ, ഇഖ്റ, അത്തോളിയിലെ മലബാര്‍ മെഡിക്കല്‍ കോളജ്, മണാശ്ശേരി കെ.എം.സി.ടി, ഓമശ്ശേരി ശാന്തി എന്നിവിടങ്ങളിലാണ് നഴ്സുമാരുടെ വേതനം വര്‍ധിപ്പിച്ചത്. 3,000 രൂപവരെ ശമ്പളമുണ്ടായിരുന്ന നഴ്സുമാര്‍ക്ക് ആശുപത്രിയുടെ ഗ്രേഡ് അനുസരിച്ച് 8,500 രൂപവരെ നല്‍കാനാണ് തീരുമാനിച്ചത്. മിക്ക ആശുപത്രികളും വര്‍ധിപ്പിച്ച ശമ്പളം ഇതിനകം നല്‍കി. മിംസ്, പി.വി.എസ് ആശുപത്രികളില്‍ നേരത്തേ ശമ്പളം വര്‍ധിപ്പിച്ചിരുന്നതിനാല്‍ നോട്ടീസ് നല്‍കേണ്ടിവന്നില്ല.
നാഷനല്‍ ഹോസ്പിറ്റലില്‍ ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ശമ്പളം കൂട്ടാന്‍ ധാരണയായിട്ടുണ്ട്. ബേബി ആശുപത്രിയും ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നാണ് പ്രതിഷേധക്കാരുടെ പ്രതീക്ഷ. ഇവര്‍ക്ക് നോട്ടീസ് നല്‍കിയതായി ഇന്ത്യന്‍ രജിസ്ട്രേഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ഷാ പന്തളം പറഞ്ഞു.
അതേസമയം, സമരത്തിന് നേതൃത്വം നല്‍കുന്നുവെന്ന് പറഞ്ഞ് പുരുഷ നഴ്സുമാരെ നിയമിക്കാന്‍ ചില മാനേജ്മെന്റുകള്‍ മടിക്കുന്നതായി ആരോപണമുണ്ട്. ശമ്പള വര്‍ധന, ഡ്യൂട്ടി സമയം നിജപ്പെടുത്തല്‍, ബോണ്ട് ഒഴിവാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യ വ്യാപകമായി നടന്ന സമരത്തുടര്‍ച്ചയാണ് സംസ്ഥാനത്തും നടന്നത്.
No comments:
Post a Comment