
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനുമായി മോണോറെയില്‍ ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി റെയില്‍വേ സ്റ്റേഷനു സമീപം മോണോറെയില്‍ സ്റ്റേഷന്‍ സ്ഥാപിക്കും. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്റെ നിര്‍ദേശപ്രകാരമാണ് ഈ മാറ്റം വരുത്തിയത്. സ്റ്റേഷനുകളുടെ എണ്ണം 13-ല്‍ നിന്ന് 17 ആയി ഉയര്‍ത്തും. മാനാഞ്ചിറയില്‍ നിന്ന് വയനാട് റോഡിലൂടെ സിവില്‍സ്റ്റേഷന്‍ വഴി മലാപ്പറമ്പിലേക്കുകൂടി ദീര്‍ഘിപ്പിക്കുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കും. കോഴിക്കോട് വിമാനത്താവളത്തെയും മെഡിക്കല്‍ കോളേജിനെയും ബന്ധിപ്പിക്കുന്ന രീതിയിലായിരുന്നു നേരത്തേ പദ്ധതി തയ്യാറാക്കിയത്. ഇതില്‍ മാറ്റം വരുത്തിയതോടെ ഗതാഗതക്കുരുക്കില്‍പ്പെടാതെ ആളുകള്‍ക്ക് സിവില്‍ സ്റ്റേഷനില്‍ എത്താമെന്നതാണ് പ്രധാനഗുണം.
ആറു കിലോമീറ്റര്‍കൂടി കൂട്ടിച്ചേര്‍ക്കുന്നതോടെ 800 കോടി രൂപ കൂടി അധികച്ചെലവുവരും. രണ്ടുഭാഗത്തേക്കും യാത്ര ചെയ്യാവുന്ന രീതിയില്‍ ഇരട്ട ട്രാക്കുകളാണ് മോണോ റെയിലിന് വേണ്ടി സ്ഥാപിക്കുന്നത്. തൂണുകള്‍ സ്ഥാപിച്ച് റോഡുകള്‍ക്ക് നടുവിലൂടെയാവും നിര്‍മാണം. നാല് ബോഗികളാണ് ട്രെയിനുകള്‍ക്കുണ്ടാവുക. ലോകത്തെ ഏറ്റവും നൂതനമായ ചെലവുകുറഞ്ഞ പദ്ധതിയാണ് മോണോ റെയില്‍. ജപ്പാന്‍, ജര്‍മനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ബോഗി നിര്‍മിക്കുന്നുണ്ട്. ആഗോള ടെന്‍ഡറിലൂടെയാവും എവിടെ നിന്ന് ബോഗി വാങ്ങണമെന്ന കാര്യം തീരുമാനിക്കുകയെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
മൂന്ന് ഹെക്ടര്‍ ഭൂമിയേ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ടിവരികയുള്ളൂ. കോഴിക്കോട് നഗരത്തില്‍ റോഡ് വീതി കൂട്ടുന്നതിനേക്കാള്‍ പ്രയോജനം മോണോ റെയിലാണെന്ന് ശ്രീധരന്‍ പറഞ്ഞു. പൊതുമേഖലയില്‍ നടപ്പാക്കുന്നതോടെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവും. സ്വകാര്യ മേഖലയിലാണെങ്കില്‍ കരാറുകാരനെ തീരുമാനിക്കാന്‍ തന്നെ പതിനെട്ട് മാസമെടുക്കും. രണ്ടുവര്‍ഷമെങ്കിലും നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാനും സമയമെടുക്കും. സര്‍ക്കാര്‍ നേരിട്ട് ചെയ്യുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും-അദ്ദേഹം പറഞ്ഞു.
പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 30 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഡി.എം.ആര്‍.സി.യെ ഏല്പിച്ചതുകൊണ്ടാണ് ഇത്രയും ചെലവ് ചുരുങ്ങിയത്. 25 ശതമാനം കേന്ദ്ര സഹായത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. ബാക്കി തുക സംസ്ഥാനസര്‍ക്കാര്‍ സമാഹരിക്കും. ആഗോള ടെന്‍ഡര്‍ വിളിച്ച് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കല്‍, ഓഫീസ് സ്ഥാപിക്കല്‍ എന്നിവയാണ് അടുത്ത നടപടിക്രമങ്ങള്‍.
മുഖ്യമന്ത്രി അധ്യക്ഷനായുള്ള കമ്പനി രൂപവത്കരിക്കുന്നതിന് തീരുമാനമെടുത്തുകഴിഞ്ഞു. ഈ കമ്മിറ്റിക്കായിരിക്കും റെയിലിന്റെ ഉടമസ്ഥത. മുഖ്യമന്ത്രിയുമായി തിങ്കളാഴ്ചതന്നെ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓഫീസ്, പദ്ധതി സമര്‍പ്പിച്ചതിനുശേഷമായിരിക്കും ആരംഭിക്കുക. ചര്‍ച്ചയില്‍ ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലീം, റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.സി. ഹരികേഷ്, ജനറല്‍ മാനേജര്‍ സുദര്‍ശനന്‍ പിള്ള, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ ടി. ബാബുരാജ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ. ഗോപാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എം. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment