
പരിപാലനവും അറ്റകുറ്റപ്പണികളും നടക്കാതെ ഫറോക്ക് പഴയപാലം അപകടാവസ്ഥയില്‍. പാലത്തിന്റെ പുഴയിലുള്ള ഉരുക്ക് തൂണുകള്‍ തുരുമ്പെടുത്ത് ദ്രവിച്ചു തുടങ്ങിയതാണ് ബലക്ഷയ ഭീഷണിയുയര്‍ത്തുന്നത്. പുഴയില്‍ നിലകൊള്ളുന്ന തൂണുകളെല്ലാം തുരുമ്പെടുത്ത് പാളികളായി അടര്‍ന്നുവീഴുന്ന അവസ്ഥയിലാണ്. പല തൂണുകള്‍ക്കും വിള്ളലും സംഭവിച്ചിട്ടുണ്ട്. അഞ്ച് ഇരട്ട തൂണുകളാണ് പുഴയിലുള്ളത്. ഇതിനുപുറമെ തൂണുകള്‍ക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന സ്പാനുകളും തുരുമ്പെടുത്ത് ദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പരിപാലന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതാണ് 1883-ല്‍ നിര്‍മിച്ച പാലത്തിന്റെ അപകടാവസ്ഥയിലെത്തിച്ചിരിക്കുന്നത്.
ഏകദേശം 120 അടി നീളം വരുന്നതാണ് പാലത്തിന്റെ ഓരോ സ്പാനും. സ്പാനിന്റെ ഘടനയിലുള്ള പ്രത്യേകതയാണ് പാലത്തിന് ബലം നല്‍കുന്നത്. മുകള്‍വശത്തെ ഉരുക്ക് കമാനങ്ങളില്‍ പകുതിയിലധികവും ഉയരംകൂടിയ വാഹനങ്ങളിടിച്ച് തകര്‍ന്നുകിടക്കുകയുമാണ്. ഉരുക്ക്തൂണുകള്‍ക്കിടയിലുള്ള ദ്വാരങ്ങള്‍ അടഞ്ഞതിനെത്തുടര്‍ന്ന് മഴക്കാലം മുഴുവന്‍ വെള്ളം കിടക്കുന്ന അവസ്ഥയാണ്. ഇതുകാരണം തൂണുകളുടെയെല്ലാം അടിഭാഗങ്ങള്‍ക്ക് തുരുമ്പെടുത്ത് ദ്വാരം വീണിട്ടുണ്ട്. 40 വര്‍ഷം മുമ്പ് വരെ പാലത്തില്‍ കൃത്യമായ പരിശോധനകളും അറ്റകുറ്റപ്പണികളും നടന്നിരുന്നതായി പഴയ തലമുറക്കാര്‍ പറഞ്ഞു. 2005-ലാണ് പാലത്തില്‍ അവസാനമായി നവീകരണ പ്രവൃത്തികള്‍ നടന്നത്.
പുഴയിലുള്ള തൂണുകള്‍ക്ക് മുകളിലുള്ള ബെയറിങ് പ്ലെയിറ്റുകള്‍ക്ക് മുകളിലുള്ള ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലാണ്. അടിയന്തരമായ പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തിയില്ലെങ്കില്‍ പാലം അപകടാവസ്ഥയിലാകും. പുഴയിലുള്ള തൂണുകളുടെ ഭാഗങ്ങള്‍ക്ക് തുരുമ്പ് കയറിയത് ഗൗരവമായി കാണേണ്ടതാണ്. ശക്തമായ ഒഴുക്കും ആഴവുമുള്ള ഭാഗത്താണ് തൂണുകള്‍ സ്ഥിതിചെയ്യുന്നത്. വേലിയേറ്റസമയത്ത് ഉപ്പുവെള്ളം കയറുന്നതിനാല്‍ തുരുമ്പെടുത്ത ഭാഗങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പാലമാണ് ദേശീയപാതയില്‍ ചെറുവണ്ണൂരില്‍നിന്ന് ഫറോക്കിലേക്കുള്ള ഇപ്പോഴുള്ള ഏക പ്രവേശനമാര്‍ഗം.
പാലത്തിന്റെ സുരക്ഷയ്ക്കായി ഇരുപ്രവേശന കവാടങ്ങളിലും കഴിഞ്ഞയാഴ്ച പൊതുമരാമത്ത് വകുപ്പധികൃതര്‍ സുരക്ഷാകമാനങ്ങള്‍ സ്ഥാപിച്ചിരുന്നു. പണി പൂര്‍ത്തിയായി ഒന്നരദിവസത്തിനകംതന്നെ ഇതിന്റെ ഫറോക്ക് ഭാഗത്തെ കമാനം വാഹനം ഇടിച്ച് തകര്‍ന്നു. രണ്ടുവര്‍ഷംമുമ്പ് സ്ഥാപിച്ച സരക്ഷാകമാനങ്ങള്‍ പണിപൂര്‍ത്തിയായി മണിക്കൂറുകള്‍ക്കകംതന്നെ വാഹനങ്ങളിടിച്ചുതകര്‍ന്നിരുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഫറോക്ക് പഴയപാലം അപകടാവസ്ഥയിലെത്താന്‍ അധികസമയം വേണ്ടിവരില്ല. പാലത്തിന്റെ ബലക്ഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. പാലത്തിന്റെ സുരക്ഷയ്ക്കായി സെന്‍സര്‍സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി കെല്‍ട്രോണിലെ വിദഗ്ധരുടെ സഹായവും പൊതുമരാമത്ത് അധികൃതര്‍ തേടിയിട്ടുണ്ട്.
No comments:
Post a Comment