അരനൂറ്റാണ്ടിലേറെയായി
നടപ്പാലം മാത്രമായി നഗരഹൃദയത്തിലെ പുതിയപാലത്ത് കനോലികനാലിന് കുറുകെ
സ്ഥിതിചെയ്യുന്ന പാലത്തിനുപകരം വീതിയേറിയ പുതിയ പാലം നിര്‍മിക്കുന്നു.
പൊതുമരാമത്ത് വകുപ്പ് മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിയുടെ
ആദ്യഘട്ടമായി സര്‍വേ പൂര്‍ത്തിയായി. പാലത്തിന്റെ അലൈന്‍മെന്റും റോഡിന്റെ
സെ്കച്ചും പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ പരിഗണനയ്ക്ക് ഉടന്‍
സമര്‍പ്പിക്കും. അലൈന്‍മെന്റിന് അനുമതി ലഭിക്കുന്നതോടെ മണ്ണ്
പരിശോധനയുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ആരംഭിക്കും.തളി റോഡിനെയും മിനി ബൈപ്പാസിലെ കല്ലിട്ടനട ജങ്ഷനെയും ബന്ധിപ്പിച്ച് കനോലികനാലിന് കുറുകെയുള്ള നടപ്പാലമാണ് പുതുക്കിനിര്‍മിക്കുന്നത്. പാലത്തിന്റെ ഒരുവശം വരെ പന്ത്രണ്ട് മീറ്റര്‍ വീതിയിലുള്ള റോഡുള്ളതുകൊണ്ടാണ് ബാക്കിഭാഗവും ഇതേ രീതിയിലാക്കുന്നത്. ഒരേസമയം രണ്ട് ദിശകളിലും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തില്‍ വീതിയോടെയാണ് പാലവും അപ്രോച്ച് റോഡും നിര്‍മിക്കുന്നത്.
മൊത്തം 741 മീറ്റര്‍ നീളത്തിലാണ് പ്രവൃത്തി. ഇതില്‍ 400 മീറ്റര്‍ ഭാഗത്താണ് റോഡ് വീതി കൂട്ടല്‍ കാര്യമായി വേണ്ടത്. 80 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, കനാലിലൂടെ ഉള്‍നാടന്‍ ജലഗതാഗതം നടപ്പാക്കുകയാണെങ്കില്‍ പാലത്തിന്റെ നീളവും ഉയരവും വര്‍ധിക്കും. നിലവില്‍ രണ്ടുമീറ്റര്‍വരെയാണ് ഉയരം കണക്കാക്കിയിട്ടുള്ളത്. എന്നാല്‍, ജലഗതാഗതം നിര്‍ബന്ധമാക്കുകയാണെങ്കില്‍ ആറു മീറ്ററിലധികം ഉയരം ജലനിരപ്പില്‍ നിന്ന് പാലത്തിനു വേണ്ടിവരും. ഇതിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. അങ്ങനെയാണെങ്കില്‍ കൂടുതല്‍ പേരെ ഒഴിപ്പിക്കേണ്ടിയും വരും. നിലവിലെ സര്‍വേ പ്രകാരം കുറച്ച് കടകളും പഴയ കെട്ടിടങ്ങളും മാത്രമേ പൊളിക്കേണ്ടിവരൂ. 40 കോടിരൂപയാണ് മൊത്തം എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുള്ളത്. പാലത്തിന്റെ ഇരുവശങ്ങളിലും കാല്‍നടക്കാര്‍ക്കായി നടപ്പാതയും നിര്‍മിക്കും.
കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് എ. പ്രദീപ്കുമാര്‍ എം.എല്‍.എ. ഇവിടെ പുതിയ പാലം നിര്‍മിക്കുന്നതിന് സര്‍ക്കാറിന്റെ സഹായം തേടിയിരുന്നു. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നേരിട്ട് ഇടപെട്ട് ഉള്‍നാടന്‍ ജലപാത ഉപദേഷ്ടാവ് അഡ്മിറല്‍ ബി.ആര്‍. മേനോന്‍ സ്ഥലം നേരിട്ട് പരിശോധിച്ച് നടപടികള്‍ക്ക് ആക്കംകൂട്ടി. പാലം നിര്‍മാണത്തിന് ഏഴരക്കോടിരൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് കാര്യങ്ങള്‍ മന്ദഗതിയിലായി. ഫണ്ട് ലാപ്‌സ് ആവുകയും ചെയ്തു.മുന്‍ കൗണ്‍സിലര്‍ പി. ദിവാകരന്‍ നേതൃത്വം വഹിക്കുന്ന പുതിയപാലം ആക്ഷന്‍ കമ്മിറ്റിയുടെ ഏറെക്കാലത്തെ ശ്രമമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. മന്ത്രി മുനീര്‍ പ്രത്യേകം പരിഗണന നല്‍കിയതോടെ പാലംനിര്‍മാണ പദ്ധതിക്ക് വേഗം കൂടുകയായിരുന്നു.
No comments:
Post a Comment