
ന്യൂഡല്‍ഹി: ആക്ഷേപകരമായ ഉള്ളടക്കം നീക്കാന്‍ ഗൂഗിളിനും ഫേസ്ബുക്കിനും കോടതി 15 ദിവസത്തെ സമയം നല്‍കി. ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കാന്‍ സ്വീകരിച്ച നടപടികള്‍ രേഖാമൂലം അറിയിക്കാനും, ഇതുസംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും അഡീഷണല്‍ സിവില്‍ ജഡ്ജി പ്രവീണ്‍ സിങ് ഉത്തരവിട്ടു.
ആക്ഷേപകരമായ ഉള്ളടക്കം തടയാന്‍ നടപടി വേണമെന്ന് ഗൂഗിളും ഫെയ്‌സ്ബുക്കുമടക്കം 22 കമ്പനികളോട് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ചില വെബ് പേജുകള്‍ നീക്കിയതായി 'ഗൂഗിള്‍ ഇന്ത്യ' കോടതിയെ അറിയിച്ചു. തങ്ങളുടെ സംഘം പരിശോധിച്ചശേഷം ഇത്തരം ഉള്ളടക്കങ്ങള്‍ ലോക്കല്‍ ഡൊമെയ്‌നില്‍ നിന്നും യൂട്യൂബില്‍ നിന്നും ബ്ലോഗറില്‍ നിന്നും നീക്കിയതായി ഗൂഗിള്‍ വക്താവ് പരോമ ചൗധരി പറഞ്ഞു. തങ്ങള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ഫെയ്‌സ്ബുക്കും റിപ്പോര്‍ട്ട് നല്‍കി. ഉള്ളടക്കങ്ങള്‍ തടയാനാവില്ലെന്ന് കഴിഞ്ഞമാസം ഈ കമ്പനികള്‍ പറഞ്ഞിരുന്നു.
ബ്ലോഗുകള്‍ ഉപയോഗിക്കുന്നവര്‍ അതില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ ആക്ഷേപകരമായേക്കാം. ഈ സാഹചര്യത്തില്‍ ബ്ലോഗ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെ കേസില്‍ കക്ഷിചേര്‍ക്കണമോ എന്ന് കോടതി ചോദിച്ചു. ആക്ഷേപകരമായ ഉള്ളടക്കം തടയാനാവശ്യപ്പെട്ട് സ്വകാര്യ അന്യായം നല്‍കിയ മുഫ്തി ഐജാസ് അര്‍ഷാദ് ഖാസ്മിയുടെ അഭിഭാഷകന്‍ സന്തോഷ് പാണ്ഡെയോടാണ് അഡീഷണല്‍ സിവില്‍ ജഡ്ജി പ്രവീണ്‍ സിങ് ഇക്കാര്യം ആരാഞ്ഞത്. എല്ലാ രേഖകളുടെയും കോപ്പികള്‍ എതിര്‍കക്ഷികള്‍ക്ക് നല്‍കാനും കോടതി ആവശ്യപ്പെട്ടു. പരാതിയുടെ കോപ്പികളും മറ്റ് രേഖകളും കമ്പനികള്‍ക്ക് നല്‍കാമെന്ന് സന്തോഷ് പാണ്ഡെ അറിയിച്ചു.
ഉള്ളടക്കം നീക്കുന്നതില്‍ ശരിയായ രീതിയില്‍ മറുപടി നല്‍കാത്തത് എന്താണെന്ന് ഗൂഗിളിനോട് കോടതി ചോദിച്ചു. കോടതി ഉത്തരവിന്റെ കോപ്പിയും മറ്റു രേഖകളും കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണ് ലഭിച്ചതെന്ന ഗൂഗിളിന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. ''വെള്ളിയാഴ്ചയാണ് ഇത് ലഭിച്ചതെന്ന് പറയരുത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ പ്രശ്‌നങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ നിങ്ങള്‍ തയ്യാറായിരിക്കേണ്ടതായിരുന്നു'' - കോടതി പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ മതവിരുദ്ധവും സാമുഹികവിരുദ്ധവുമായ ഫോട്ടോകള്‍, വീഡിയോകള്‍, എഴുത്തുകള്‍ എന്നിവ നീക്കണമെന്ന് ഡിസംബര്‍ 20 നാണ് കോടതി ഉത്തരവിട്ടത്. ഫിബ്രവരി ആറിനകം ഇവ നീക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 24 ന് കോടതി അന്ത്യശാസനം നല്‍കുകയും ചെയ്തു.
ഇന്റര്‍നെറ്റില്‍ വരുന്ന ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതു സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് കോടതി ഉത്തരവ് വന്നത്. ഉപയോഗിക്കുന്നവര്‍ക്ക് തന്നെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യാവുന്ന വെബ്‌സൈറ്റുകള്‍ നിരീക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്‌സൈറ്റുകള്‍ അവയുടെ ഉള്ളടക്കങ്ങള്‍ പരിശോധിക്കണമെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി കപില്‍ സിബല്‍ പറഞ്ഞതോടെയാണ് ഇതുസംബന്ധിച്ച വിവാദം തുടങ്ങിയത്.
ഫെയ്‌സ്ബുക്ക് ഇന്ത്യ, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍, ഓര്‍ക്കുട്ട്, യൂട്യൂബ്, ബ്ലോഗര്‍, മൈക്രോസോഫ്റ്റ് ഇന്ത്യ, മൈക്രോസോഫ്റ്റ്, സോംബി ടൈം, എക്‌സ്‌ബോയ്, ബോര്‍ഡ്‌റീഡര്‍, ഐ. എം. സി ഇന്ത്യ, മൈ ലോട്ട്, ഷൈനി ബ്ലോഗ്, ടോപിക്‌സ് തുടങ്ങിയ സൈറ്റുകളോടാണ് ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
No comments:
Post a Comment