
കോഴിക്കോട്: മലാപ്പറമ്പ്-പൂളാടിക്കുന്ന് വരെയുള്ള ബൈപ്പാസിന്റെ ടാറിങ് തകൃതിയായി പുരോഗമിക്കുന്നു. കോഴിക്കോട്-കുറ്റിയാടി സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന പൂളാടിക്കുന്ന് ജങ്ഷന്‍ വികസിപ്പിച്ചാണ് ടാറിങ് നടക്കുന്നത്. ഇവിടെ ഗതാഗതനിയന്ത്രണത്തിനായി 'റൗണ്ട് എബൗട്ട്' സ്ഥാപിക്കാന്‍ ഉദ്ദേശ്യമുണ്ട്. മാവിളിക്കടവ് ഭാഗം മുതല്‍ പൂളാടിക്കുന്ന് വരെ ടാറിങ് ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഇനി പ്രധാനമായും വേങ്ങേരി, തടമ്പാട്ടുതാഴം ഭാഗങ്ങളുമായി ബന്ധപ്പെട്ട ഭാഗത്താണ് പ്രവൃത്തി...
നടക്കാനുള്ളത്. പലഭാഗങ്ങളിലും കൈവേലി സ്ഥാപിച്ചുവരുന്നു. റിഫ്‌ളക്ടറുകളും സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ക്രോസിങ് റോഡുകളുടെ പ്രവൃത്തിയും നടക്കുന്നുണ്ട്. അമ്പലപ്പടി ഭാഗത്ത് ഇതിന് തുടക്കമായിട്ടുണ്ട്. ഈ മാസം അവസാനത്തോടെ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വേങ്ങേരി, മലാപ്പറമ്പ് ഭാഗത്ത് സിഗ്‌നല്‍ ലൈറ്റും മറ്റും സ്ഥാപിക്കാനുണ്ട്. റോഡിന്റെ പ്രവൃത്തിക്കായുള്ള മിക്‌സിങ് നടക്കുന്നത് പൂളാടിക്കുന്നിലെ പ്ലാന്റിലാണ്. മൂന്നു ഘട്ടങ്ങളിലായിട്ടാണ് ടാറിങ് നടക്കുന്നത്.
ഇത് റോഡിന്റെ ഉറപ്പിനും സംരക്ഷണത്തിനും വേണ്ടിയാണ്. റോഡ് പൂര്‍ണമായും തുറക്കുന്നതോടെ നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാകും. ഇടിമുഴിക്കല്‍ മുതല്‍ പൂളാടിക്കുന്ന് വരെ ബൈപ്പാസ് ഇതോടെ നിലവില്‍ വരും. പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയാണ് അവസാനഘട്ടം.