
ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ ഗ്രാന്‍ഡ്സ്റ്റാന്‍ഡ് പുനര്‍നിര്‍മിക്കുന്ന പ്രവൃത്തി റീടെന്‍ഡര്‍ ചെയ്യുന്നു. നിലവില്‍ കരാര്‍ ഏറ്റെടുത്തയാള്‍ ടെന്‍ഡര്‍ തുകയെക്കാള്‍ തുക ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.
എന്നാല്‍, പ്രവൃത്തി റീടെന്‍ഡര്‍ ചെയ്യുന്ന നടപടിയെ മേയര്‍ പ്രൊഫ. എ.കെ. പ്രേമജം എതിര്‍ത്തിട്ടുണ്ട്. സമയനഷ്ടവും ധനനഷ്ടവും ഉണ്ടാക്കാതെ എത്രയും വേഗം പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മേയര്‍ സംസ്ഥാന കായിക മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് തിങ്കളാഴ്ച മേയറുടെ ചേംബറില്‍ ദേശീയഗെയിംസ് ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍... എന്‍ജിനീയര്‍മാരും ചര്‍ച്ച നടത്തി.
ഒന്നേകാല്‍ വര്‍ഷം മുമ്പ് അതിവേഗത്തില്‍ പ്രവൃത്തിപൂര്‍ത്തീകരിക്കാമെന്ന് കണക്കാക്കിയാണ് നിലവില്‍ ഉണ്ടായിരുന്ന ഗ്രാന്‍ഡ്സ്റ്റാന്‍ഡ് പൊളിച്ചുമാറ്റിയത്. കൃത്യമായി പറഞ്ഞാല്‍ 2010 ഒക്ടോബറില്‍. ഇത്രയും കാലമായിട്ടും പുതിയ ഗ്രാന്‍ഡ്സ്റ്റാന്‍ഡിന്റെ നിര്‍മാണം തുടങ്ങിയിട്ടില്ല. കഴിഞ്ഞ സപ്തംബറില്‍ പ്രവൃത്തികള്‍ ആരംഭിക്കുമെന്നാണ് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇപ്പോഴും ചുവപ്പുനാടയുടെ കുരുക്കില്‍ തന്നെയാണ് സ്റ്റേഡിയം.
31 കോടി മുടക്കിയാണ് സ്റ്റേഡിയം നവീകരിക്കാന്‍ തീരുമാനിച്ചത്. ദേശീയ ഗെയിംസിന്റെ കണ്‍സള്‍ട്ടന്‍സിക്ക് പകരം കോര്‍പ്പറേഷന്റെ കണ്‍സള്‍ട്ടന്‍സിക്ക് ചുമതല നല്‍കുന്നതായിരുന്നു ആദ്യ തടസ്സം. നിര്‍മാണ ചെലവില്‍ ഭൂരിഭാഗം കോര്‍പ്പറേഷന്‍ വഹിക്കുന്നതിനാലും സ്റ്റേഡിയത്തില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായിരുന്നു മാറ്റം. കണ്‍സള്‍ട്ടന്‍സിയായതോടെ കരാറുകാരന്‍ ഉടക്കി. കരാറെടുത്ത കാലത്ത് പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്തതിനാലും വര്‍ഷം ഒന്ന് കഴിഞ്ഞതിനാലും തുക വര്‍ധിപ്പിക്കണമെന്നതാണ് ആവശ്യം. ഇക്കാര്യം ദേശീയ ഗെയിംസ് വര്‍ക്‌സ് ടെക്‌നിക്കല്‍ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. റീടെന്‍ഡര്‍ ചെയ്യുന്നതോടെ പ്രവൃത്തി വീണ്ടും അനിശ്ചിതമായി നീളുമെന്ന് ഉറപ്പാണ്.
അന്താരാഷ്ട്ര നിലവാരത്തിലാണ് സ്റ്റേഡിയം നവീകരിക്കുന്നത്. ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്തണമെന്നതിനാല്‍ അതിനുള്ള സൗകര്യങ്ങളും ഇതില്‍ ഒരുക്കുന്നുണ്ട്. നവീകരണം വൈകിയതിനാല്‍ ഐ ലീഗ് ഫുട്‌ബോളിന് വേദിയാകാനുള്ള അവസരം ജില്ലയ്ക്ക് നഷ്ടപ്പെട്ടിരുന്നു.