Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 27 January 2012

മലിനജല സംസ്കരണ പദ്ധതിക്ക് തുടക്കം

കോഴിക്കോട്: സുസ്ഥിര നഗരവികസന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് നഗരസഭ നടപ്പാക്കുന്ന മലിനജല സംസ്കരണ പ്രവൃത്തിക്ക് ഭൂമിപൂജയോടെ തുടക്കം. കരാര്‍ ജോലി ഏറ്റെടുത്ത
ചെന്നൈയിലെ ശ്രീരാം ഇ.പി.സി ലിമിറ്റഡാണ് വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് പുതിയറ റോഡില്‍ പൂജയും പ്രസാദ വിതരണവും നടത്തി ഓടനിര്‍മാണ പ്രവൃത്തി ആരംഭിച്ചത്.
എ.ഡി.ബിയില്‍നിന്ന് വായ്പയായി ലഭിച്ച 154 കോടിയില്‍നിന്ന് 68 കോടി ചെലവിട്ടാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. വായ്പ തുക 2.2 ശതമാനം പലിശസഹിതം അഞ്ചുവര്‍ഷത്തിനകം സംസ്ഥാന സര്‍ക്കാറാണ് തിരിച്ചടക്കുക. പദ്ധതിയിലെ ശേഷിച്ച തുക റോഡ് വികസനം, ചേരികളുടെ നവീകരണം, ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയവക്കാണ് ഉപയോഗിക്കുന്നത്.
നഗരത്തിലെ വീടുകളില്‍നിന്നുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുന്നതാണ് പദ്ധതി. കക്കൂസ് മാലിന്യവും മറ്റും കുടിവെളള സ്രോതസ്സുകളിലെത്തുന്നു എന്ന ആക്ഷേപം ഉയര്‍ന്നതിനാലാണ് പദ്ധതി ആവിഷ്കരിച്ചത്.
മാവൂര്‍ റോഡിന്‍െറ തെക്കുഭാഗം, വടക്കുഭാഗം എന്നിങ്ങനെ വേര്‍തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ റോഡുകള്‍ക്കരികിലൂടെ 66.5 കിലോമീറ്റര്‍ നീളത്തില്‍ പ്രത്യേക കുഴലിട്ടാണ് മലിനജലം ഒഴുക്കുന്നത്. വീടുകളില്‍നിന്നുള്ള മലിനജലം ഓടയിലെത്തിക്കാന്‍ അനുബന്ധ പൈപ്പുകള്‍ വേറെയും സ്ഥാപിക്കും.
കനോലി കനാലിനും റെയില്‍വേ ലൈനിനും ഇടയിലുള്ള വീടുകളിലെ മലിനജലമാണ് പദ്ധതിപ്രകാരം ശേഖരിച്ച് സംസ്കരിക്കുക. രണ്ടുവര്‍ഷത്തിനകം പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും ടാറിങ് പ്രവൃത്തി ഉടന്‍ തുടങ്ങുന്നതിനാലാണ് പുതിയറ റോഡില്‍ ആദ്യം നിര്‍മാണ പ്രവൃത്തി ആരംഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
പദ്ധതിയുടെ ഒൗപചാരിക ഉദ്ഘാടനം വ്യാഴാഴ്ച കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഖര-ജല മാലിന്യ പ്രശ്നങ്ങള്‍ക്കെതിരെ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ തയാറാക്കിവരുകയാണെന്നും സംസ്ഥാനത്തെ നഗരസഭകളുടെ സാമ്പത്തിക പ്രയാസവും ജീവനക്കാരുടെ കുറവും പ്രത്യേക പാക്കേജിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ എ.കെ. പ്രേമജം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Discuss