Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 19 January 2012

ക്ലൈമാക്‌സ് വരെ ആവേശം പകര്‍ന്ന് വോട്ടെണ്ണല്‍





കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ എലത്തൂര്‍ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ഒരു പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വരുന്നത്ര ആവേശം. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങിയതെങ്കിലും പ്രവര്‍ത്തകര്‍ അതിനുമുമ്പുതന്നെ ടൗണ്‍ഹാളിനുമുന്നിലെത്തിയിരുന്നു. കനത്തപോലീസ് സന്നാഹമാണ് വോട്ടെണ്ണല്‍കേന്ദ്രത്തില്‍ ഒരുക്കിയിരുന്നത്. ഓരോ ബൂത്തിലെയും ലീഡ്‌നില പുറത്തുവന്നപ്പോള്‍....

ആവേശവും ആരവവും വാനോളമുയര്‍ന്നു.

ഫലം പെട്ടെന്നുവരുമെന്ന പ്രതീക്ഷയില്‍ മാധ്യമപ്രതിനിധികളും നേരത്തേയെത്തിയിരുന്നു. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റെല്ലാവാര്‍ഡുകളിലെയും ഫലം രാവിലെ പതിനൊന്നോടെ വന്നിരുന്നു. എലത്തൂരിലെ ഫലപ്രഖ്യാപനത്തിന് പിന്നെയും രണ്ടുമണിക്കൂര്‍ കാക്കേണ്ടിവന്നു. ഇലക്‌ട്രോണിക് വോട്ടിങ്‌യന്ത്രമല്ലാതിരുന്നതിനാലാണ് വോട്ടെണ്ണല്‍പ്രക്രിയ നീണ്ടത്. ആദ്യസൂചനകളില്‍നിന്നുതന്നെ യു.ഡി.എഫ്. സ്ഥാനാര്‍ഥി സി.എം. സുനില്‍കുമാറിന്റെ മുന്‍തൂക്കം വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ വിജയം ഉറപ്പായതോടെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ടൗണ്‍ഹാള്‍ പരിസരത്തുനിന്നുമാറി.


പതിനൊന്നോടെതന്നെ മൂവര്‍ണക്കൊടിയും ഹരിതപതാകയുമായി കോണ്‍ഗ്രസ്സിന്റെയും മുസ്‌ലിംലീഗിന്റെയും പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍കേന്ദ്രത്തിനുമുന്നില്‍ ആവേശപ്രകടനം തുടങ്ങിയിരുന്നു. സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെയും നഗരഭരണത്തിനെതിരെയുമുള്ള മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. വോട്ടര്‍മാരെയും സ്ഥാനാര്‍ഥിയെയും അഭിവാദ്യം ചെയ്യുന്നതും കേള്‍ക്കാമായിരുന്നു. ആവേശം മൂത്തതോടെ ചിലരുടെ മുദ്രാവാക്യങ്ങള്‍ പോലീസിനെതിരായി. എന്നാല്‍ അത് മറ്റുചില പ്രവര്‍ത്തകര്‍ ഇടപെട്ട് പെട്ടെന്നുതടഞ്ഞു.


വിജയം ഉറപ്പായതോടെ സുനില്‍കുമാര്‍ ടൗണ്‍ഹാള്‍ വളപ്പില്‍നിന്നുകൊണ്ടുതന്നെ പുറത്തുനില്‍ക്കുന്ന ചാനല്‍ക്യാമറകള്‍ക്ക് 'ബൈറ്റ്' നല്‍കി. അതിനിടയില്‍ അദ്ദേഹത്തോടൊപ്പം ക്യാമറയില്‍പ്പെടാനും ചിലര്‍ ശ്രമിച്ചു. വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി സ്ഥാനാര്‍ഥി വീണ്ടും ടൗണ്‍ഹാളിനകത്തേക്കുപോയതോടെ പ്രവര്‍ത്തകര്‍ വീണ്ടും റോഡരികില്‍ കൂട്ടംകൂടി ചര്‍ച്ചകളും ആവേശപ്രകടനവും തുടര്‍ന്നു.


അവസാനവോട്ടും എണ്ണിത്തിട്ടപ്പെടുത്തി ഫലപ്രഖ്യാപനം വന്നപ്പോള്‍ ഒരുമണി കഴിഞ്ഞു. അപ്പോള്‍ പടക്കങ്ങള്‍ തുടര്‍ച്ചയായി പൊട്ടി. പിന്നെയും പത്തുമിനിറ്റുകഴിഞ്ഞാണ് സ്ഥാനാര്‍ഥിയെ പ്രവര്‍ത്തകര്‍ക്ക് വിട്ടുകിട്ടിയത്. അതോടെ ടൗണ്‍ഹാള്‍ഗേറ്റ് തള്ളിമാറ്റി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ തോളിലേറ്റി നഗരത്തിലേക്കിറങ്ങി. നഗരപ്രദക്ഷിണത്തിനുശേഷം ആവേശംചോരാതെ എലത്തൂരിലേക്ക്.

Discuss