ദേശീയപാതയില്‍ മലാപ്പറമ്പ് മുതല്‍ പൂളാടിക്കുന്ന് വരെയുള്ള ഭാഗം ഫിബ്രവരി പത്തോടെ തുറന്നു കൊടുക്കാനാവുമെന്നും അദ്ദേഹം ജില്ലാ വികസന സമിതി യോഗത്തില്‍ പറഞ്ഞു.
രാജീവ്ഗാന്ധി സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെയും സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫിബ്രവരി 4ന് രണ്ടുമണിക്ക് ബന്ധപ്പെട്ടവരുടെ യോഗ,ം വിളിച്ചു ചേര്‍ക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിം അറിയിച്ചു. 2012 മാര്‍ച്ച് 31നകം പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശിക്കപ്പെട്ടതെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു.
ഓരോ ബ്ലോക്കിലും 10 പശുക്കള്‍ക്കായി ആധുനിക ഫാം സ്ഥാപിക്കാനും ഓരോ നിയോജകമണ്ഡലത്തിലും കോഴിഗ്രാമം പദ്ധതി ഏര്‍പ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എന്‍. മോഹനന്‍ അറിയിച്ചു. ഫാമിന് ഒരു ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. ജില്ലയിലെ ആദ്യ കോഴിഗ്രാമം പദ്ധതി പന്തലായനിയിലാണ്.
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കടലില്‍ അപകടത്തില്‍ മരിച്ച വടകര സ്വദേശിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടാനായി ഇന്‍ഷുറന്‍സ് കമ്പനിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് യഥാവിധി വിവരം നല്‍കാത്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോടാവശ്യപ്പെട്ടു. തീരദേശ മേഖലയില്‍ കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്താന്‍ രണ്ടര കോടി രൂപയുടെ പദ്ധതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയ്ക്ക് ഇതുവരെ കിട്ടിയ 44 കോടി രൂപയില്‍ 43 കോടി ചെലവഴിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പദ്ധതി തുക ചെലവഴിച്ചത് പേരാമ്പ്ര ബ്ലോക്കിലെ ചങ്ങരോത്ത് പഞ്ചായത്താണ്. റോഡുകളിലെ അനധികൃത ഹമ്പുകള്‍ മാറ്റുക, സംസ്ഥാനപാതയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക, വടകര ഫിഷറീസ് ആസ്പത്രിയില്‍ മതിയായ ഡോക്ടര്‍മാരെ നിയമിക്കുക, പട്ടികജാതിക്കാര്‍ക്കായുള്ള ഹോസ്റ്റലുകളില്‍ വാര്‍ഡന്മാരെ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.