Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 29 January 2012

നഗരസഭാ കൗണ്‍സിലില്‍ വീണ്ടും ബഹളം

കോഴിക്കോട്: പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം 18 മിനിറ്റുകൊണ്ട് അജണ്ട പാസാക്കി പിരിഞ്ഞു. തുടര്‍ന്ന് യു.ഡി.എഫും എല്‍.ഡി.എഫും വാര്‍ത്താസമ്മേളനം നടത്തി ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ എലത്തൂര്‍ വാര്‍ഡില്‍നിന്ന്

ജയിച്ച യു.ഡി.എഫ് അംഗം സി.എം. സുനില്‍ബാബുവിന്‍െറ  സത്യപ്രതിജ്ഞ ശനിയാഴ്ച രാവിലെ ആരെയും അറിയിക്കാതെ മേയറുടെ ചേംബറില്‍ നടത്തിയെന്നാരോപിച്ചായിരുന്നു ആദ്യ ബഹളം.
മൂന്നുമണിക്ക് സഭ സമ്മേളിച്ച ഉടന്‍ ജെ.ഡി.യുവിലെ എന്‍.സി മോയിന്‍കുട്ടിയാണ് പ്രശ്നമുന്നയിച്ചത്.
അംഗങ്ങളുടെ സത്യപ്രതിജ്ഞ കൗണ്‍സില്‍ ഹാളില്‍ നടത്തുന്നതാണ് കീഴ്വഴക്കമെന്നും ആരോടും പറയാതെ മേയറുടെ മുറിയില്‍ നടത്തി അദ്ദേഹത്തെ അപമാനിക്കുകയായിരുന്നെന്നുമായിരുന്നു ആരോപണം.  എന്തും വിവാദമാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണിതെന്ന് പറഞ്ഞ് മേയര്‍ പ്രഫ. എ.കെ. പ്രേമജം ആരോപണം തള്ളി.
പിന്നീട് പ്രതിപക്ഷനേതാവ് അഡ്വ. എം.ടി. പത്മയുടെ അടിയന്തര പ്രമേയത്തെ ചൊല്ലിയായി ബഹളം.
എലത്തുര്‍ ഉപതെരഞ്ഞെടുപ്പ് ദിവസം യു.ഡി.എഫ് കൗണ്‍സിലര്‍ കൃഷ്ണദാസിനെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. കോര്‍പറേഷന്‍ മുന്‍ ഭരണസമിതിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചവരെ ഇല്ലാതാക്കാനുള്ള ശ്രമത്തെയും പ്രമേയത്തില്‍ അപലപിച്ചു.
നടപടിയെടുത്തുകഴിഞ്ഞതിനാലും രാഷ്ട്രീയപ്രേരിതവുമായ പ്രമേയത്തിന് അവതരണാനുമതി നല്‍കാനാവില്ളെന്ന് മേയര്‍ വ്യക്തമാക്കിയതോടെ വീണ്ടും ബഹളമായി. തുടര്‍ന്ന് മേയര്‍ കെ. ബാലഗോപാലനെ ശ്രദ്ധ ക്ഷണിക്കലിനായി വിളിച്ചു.
 കൗണ്‍സിലറെ മര്‍ദിച്ച വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കിഷന്‍ചന്ദ്, കെ. മുഹമ്മദലി, സി.പി സലീം എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ബഹളം ശക്തമാക്കി.
ഇതിനിടയില്‍ മേയര്‍ വീണ്ടും ബാലഗോപാലിനെ ക്ഷണിച്ചെങ്കിലും ബഹളത്തിന് ശമനമുണ്ടായില്ല.
അതോടെ മേയര്‍ അജണ്ടയിലെ മറ്റു ഇനങ്ങളിലേക്ക് കടന്നു. അജണ്ടയിലെ ഓരോ ഇനങ്ങളും ബഹളത്തിനിടയില്‍ പാസാക്കാന്‍ തുടങ്ങിയതോടെ യു.ഡി.എഫ് അംഗങ്ങള്‍ മേയറുടെ ഇരിപ്പിടത്തിനടുത്തേക്ക് മുദ്രവാക്യം വിളിച്ച് നീങ്ങി. മേയര്‍ നീതിപാലിക്കുക, മേയര്‍ ജനാധിപത്യത്തെ ഭയപ്പെടുന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ ഉച്ചത്തില്‍ മുഴക്കി.
അതോടെ എല്‍.ഡി.എഫ് അംഗങ്ങള്‍ മേയറുടെ ചുറ്റും സുരക്ഷാകവചം തീര്‍ത്തു. ‘അഴിമതി യു.ഡി.എഫ് കൂടപ്പിറപ്പ്’ തുടങ്ങിയ വാചകങ്ങള്‍ എഴുതിയ കടലാസുകള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. ഇതിനിടയില്‍ മേയര്‍ അജണ്ടയിലെ 100 ഇനങ്ങള്‍ പാസാക്കിയതായി പ്രഖ്യാപിച്ച് സഭ പിരിച്ചുവിട്ട് ചേംബറിലേക്ക് മടങ്ങി. മാലിന്യ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനം കുറിപ്പിലെ അവ്യക്തത കാരണം മാറ്റിവെച്ചു. 3.18ന് സഭ പിരിഞ്ഞു.

***********************
തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, കോര്‍പറേഷന്‍ മുന്‍ ഭരണസമിതിയുടെ അഴിമതി ചൂണ്ടിക്കാട്ടുന്നവരെയും അതിനെതിരെ പ്രചാരണം നടത്തുന്നവരെയും കായികമായി നേരിടാന്‍ സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നതായി യു.ഡി.എഫ് ആരോപിച്ചു. എലത്തൂരില്‍ ഉപതെരഞ്ഞെടുപ്പ് ദിവസം കൗണ്‍സിലര്‍ കൃഷ്ണദാസിനു നേരെ നടന്ന വധശ്രമം തെളിയിക്കുന്നത് അതാണ്. ആണിയടിച്ച പട്ടികകൊണ്ട് ആസൂത്രിതമായി അക്രമിക്കുകയായിരുന്നു. അറസ്റ്റിലായവര്‍ സി.പി.എമ്മുകാരാണ്. ചികിത്സയില്‍ കഴിയുന്ന കൗണ്‍സിലറെ സന്ദര്‍ശിക്കാന്‍ പോലും മേയര്‍ തയാറായില്ല. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും പ്രതിപക്ഷ നേതാവ് അഡ്വ. എം.ടി. പത്മയും ഉപനേതാവ് കെ. മുഹമ്മദലിയും പറഞ്ഞു.
എലത്തൂര്‍ വാര്‍ഡ് അംഗത്തിന്‍െറ സത്യപ്രതിജ്ഞ മേയറുടെ ചേംബറില്‍ നടത്തിയത് ചരിത്രത്തിലാദ്യമാണ്.
ആഘോഷപൂര്‍വം എല്ലാവരെയും അറിയിച്ച് നടത്തേണ്ട ചടങ്ങാണിത്.  ഡെപ്യൂട്ടി മേയറും ജില്ലാ ആസൂത്രണ സമിതി അംഗമായ രേണുകാദേവിയും രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള കത്തിനെക്കുറിച്ചുള്ള ശ്രദ്ധ ക്ഷണിക്കല്‍ ചര്‍ച്ചചെയ്യാതിരിക്കാനാണ് ശനിയാഴ്ച മേയര്‍ സഭ പെട്ടെന്ന് പിരിച്ചുവിട്ടതെന്ന് അവര്‍ ആരോപിച്ചു.

**********************
പല തീരുമാനങ്ങളും അറിയിക്കാന്‍ താന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ നേരിട്ട് ഫോണില്‍ വിളിക്കാറുണ്ടെന്നും എന്നാല്‍ അവര്‍ അവഗണിക്കാറാണ് പതിവെന്നും മേയര്‍ പ്രഫ. എ.കെ. പ്രേമജം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
യോഗം അറിയിച്ചാല്‍ വരില്ളെന്ന് പറയാനുള്ള സാമാന്യ മര്യാദപോലും പ്രതിപക്ഷ നേതാക്കള്‍ കാട്ടാറില്ല. ചട്ടപ്രകാരം സത്യപ്രതിജ്ഞക്ക് കൗണ്‍സിലര്‍ അപേക്ഷ തന്നത് 23നാണ്. സത്യപ്രതിജ്ഞ ഏതു തീയതി വേണമെന്ന് താന്‍ യു.ഡി.എഫ് നേതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ അവര്‍ മറുപടി പറഞ്ഞില്ല. തുടര്‍ന്നാണ് 28ന് തീയതി താന്‍ നിശ്ചയിച്ചത്. ഗവര്‍ണറുടെ നിര്യാണത്തെതുടര്‍ന്ന് ഒൗദ്യോഗിക ദു:ഖാചരണമായതിനാല്‍ ആഘോഷപൂര്‍വം നടത്താനാവില്ല. മര്‍ദനമേറ്റ കൃഷ്ണദാസിനെ കാണാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനാലാണ് കാണാന്‍ കഴിയാഞ്ഞത്. പിന്നീട് വീട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം ഭാര്യവീട്ടിലേക്ക് മാറിയതായി അറിഞ്ഞു. ഇതുസംബന്ധിച്ച പോലീസ് നടപടിയെടുക്കുകയും ചിലരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ നഗരസഭക്ക് ഇനിയൊന്നും ചെയ്യാനില്ല. അതിനാലാണ് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്. മാത്രമല്ല പ്രമേയത്തിലെ വാക്കുകള്‍ രാഷ്ടീയ പ്രേരിതവും ദുഃസൂചനകള്‍ നിറഞ്ഞതുമാണ്-മേയര്‍ പറഞ്ഞു.

Discuss